Remembrance | ബി.എം. നാടിന്റെ വിശ്വസ്ത സേവകന്‍

ബി.എം. അബ്ദുല്‍ റഹ്മാന്‍ വിശ്വസ്തനും ആരോഗദൃഢഗാത്രനുമായ ജനപ്രതിനിധിയായിരുന്നു. നിഷ്‌കളങ്കത അദ്ദേഹത്തിന്റെ മുഖമുദ്രയായിരുന്നു. ജനങ്ങളോടും അവര്‍ തന്നിലേല്‍പ്പിച്ച കര്‍ത്തവ്യങ്ങളോടും കാണിച്ച പ്രതിബദ്ധത കാരണം ജനങ്ങളുടെ ഹൃദയത്തില്‍ ബി.എം. കൂടുകൂട്ടി. ഒരു ജനപ്രതിനിധിയെന്ന നിലയില്‍ ജനങ്ങളുടെ ഇടയിലിറങ്ങി അവരുടെ ആവശ്യങ്ങള്‍ക്കും അവകാശങ്ങള്‍ക്കും വേണ്ടി അശ്രാന്ത പരിശ്രമം നടത്തി.
മോസസ്-മൂസാ നബിയുടെ വിശിഷ്ട ഗുണങ്ങളില്‍ പെട്ടതാണല്ലോ വിശ്വസ്തതയും കായികശേഷിയും. മദ്‌യന്‍ കിണറിനടുത്തെത്തിയപ്പോള്‍ കുറെ ആളുകള്‍ കാലികള്‍ക്ക് വെള്ളം കൊടുക്കുന്നതു നബി കണ്ടു. അവരില്‍ നിന്നു മാറി രണ്ടു സ്ത്രീകള്‍ അവരുടെ കാലികളെ തടുത്തു നിര്‍ത്തുകയാണ്. 'നിങ്ങളുടെ പ്രയാസമെന്ത്?-മൂസാ നബി ആരാഞ്ഞു. തരുണികളുടെ മറുപടി: 'ഇടയന്മാര്‍ അവരുടെ കാലികളെ തെളിച്ചു കൊണ്ടു പോകുന്നതു വരെ ഞങ്ങളുടെ കാലികള്‍ക്ക് വെള്ളം കൊടുക്കാന്‍ കഴിയില്ല. ഞങ്ങളുടെ പിതാവാണെങ്കില്‍ വളരെ പ്രായം ബാധിച്ച ആളും.'
അവരുടെ കാലികള്‍ക്ക് മൂസാ നബി വെള്ളം കൊടുത്തു. ആ രണ്ടു തരുണികളിലൊരുവള്‍ വൃദ്ധനായ പിതാവിനോട് പറഞ്ഞു: പ്രിയപിതാവേ, ഇദ്ദേഹത്തെ നമ്മുടെ ജോലിക്കാരനാക്കിയാലും. അങ്ങ് നിശ്ചയിക്കുന്ന ഏറ്റവും നല്ല ജോലിക്കാരന്‍ കായികശേഷിയും വിശ്വസ്തതയും ഉള്ള ആളായിരിക്കുമല്ലോ.'ഈ സംഭവം വിശുദ്ധ ഖുര്‍ആന്‍ ചര്‍ച്ച ചെയ്യുന്നുണ്ട് (28:26). ഒരു ജോലിയേല്‍പ്പിക്കുമ്പോള്‍ സത്യസന്ധനും വിശ്വസ്തനും ആയിരിക്കണമെന്ന തത്വമാണ് ഇവിടെ ഉദ്‌ഘോഷിക്കുന്നത് എന്നു മനസ്സിലാക്കാം.
ഉദാഹരിക്കുകയോ, താരതമ്യപ്പെടുത്തുകയോ അല്ല, ബി.എം. അബ്ദുല്‍ റഹ്മാന്‍ വിശ്വസ്തനും അരോഗദൃഢഗാത്രനുമായ ജനപ്രതിനിധിയായിരുന്നു. നിഷ്‌കളങ്കത അദ്ദേഹത്തിന്റെ മുഖമുദ്രയായിരുന്നു. ജനങ്ങളോടും അവര്‍ തന്നിലേല്‍പ്പിച്ച കര്‍ത്തവ്യങ്ങളോടും കാണിച്ച പ്രതിബദ്ധത കാരണം ജനങ്ങളുടെ ഹൃദയത്തില്‍ ബി.എം. കൂടുകൂട്ടി. ഒരു ജനപ്രതിനിധിയെന്ന നിലയില്‍ ജനങ്ങളുടെ ഇടയിലിറങ്ങി അവരുടെ ആവശ്യങ്ങള്‍ക്കും അവകാശങ്ങള്‍ക്കും വേണ്ടി അശ്രാന്ത പരിശ്രമം നടത്തി. ശുഷ്‌കാന്തിയും ക്ഷീണം പറ്റാത്ത ആരോഗ്യവും അനുഗ്രഹമായി. അംഗീകാരങ്ങളും ആദരങ്ങളും ചോദിച്ചു വാങ്ങുന്ന സ്ഥിതി നിലനില്‍ക്കുമ്പോള്‍ അതിനൊന്നും മുതിരാതെ ഒരു പുരുഷായുസ്സ് മുഴുവനും ജനസേവന തല്‍പരനായി തന്റെ ആരോഗ്യവും സമയവും കാശും പ്രയോജനപ്പെടുത്തി എന്നതാണ് ഇന്നും ഒരു സമൂഹത്തിന്റെ ഹൃദയത്തില്‍ അദ്ദേഹം ജീവിക്കുന്നു എന്നതിനു കാരണം.
ജനനേതാവും ജനപ്രതിനിധിയുമായിരുന്ന ബി.എം. ജനങ്ങളിലിടപഴകിയും ജനങ്ങളിലൊരുവനായും ജീവിക്കുകയായിരുന്നു. നെല്ലിക്കുന്ന് അന്‍വാറുല്‍ ഉലൂം സ്‌കൂളിന് വേണ്ടി അതിന്റെ മാനേജരായിരുന്നപ്പോഴും അല്ലാത്തപ്പോഴും ബി.എം. ചെയ്ത ആത്മാര്‍ത്ഥ സേവനങ്ങള്‍ എടുത്തുപറയേണ്ടതാണ്. ഏതാണ്ടൊരു ദശാബ്ദത്തോളം ഒരു യുവജന പ്രസ്ഥാനത്തിന്റെ ജില്ലാ പ്രസിഡണ്ടും സെക്രട്ടറിയുമൊക്കെ ആയി പ്രവര്‍ത്തിച്ചിരുന്ന ഈ കുറിപ്പുകാരന് പല സ്‌റ്റേജുകളും ബി.എമ്മിനോടൊപ്പം പങ്കിട്ടതോര്‍മ്മയില്‍ വരുന്നു. നല്ല ഭാഷയിലായിരുന്നു അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍. ആത്മാവില്‍ സ്പന്ദിക്കുന്ന ആശയങ്ങള്‍ പ്രസംഗമായി പിറവിയെടുക്കുന്നത് കാണുന്നതും കേള്‍ക്കുന്നതും കൗതുകകരമായിരുന്നു.
ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ത്ഥി സംഘട്ടനങ്ങള്‍ ഒരു കാലത്ത് സാധാരണമായിരുന്നു. അപ്പോഴെല്ലാം അത് ഒതുക്കാനും പരിഹാരം കാണാനും വാഹനം പോലും ഇല്ലാതെ അദ്ദേഹം ഓടി നടന്നത് ഇപ്പോള്‍ ഓര്‍മ്മയില്‍ കയറി വരുന്നു. കേസുകളില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ക്കായി പാതിരാത്രിയില്‍ അദ്ദേഹം വക്കീലാപ്പീസില്‍ കയറി നിയമോപദേശം തേടുമായിരുന്നു. ബി.എംന്റെ വിശ്വസ്തതനായ അഭിഭാഷകനായിരുന്നു എന്റെ ഗുരു കൂടിയായിരുന്ന വി.കെ. ശ്രീധരന്‍ നായര്‍. വി.കെ. ശ്രീധരന്‍ നായര്‍ക്ക് ബി.എമ്മിനോടും നല്ല മതിപ്പായിരുന്നു. കേരള അസംബ്ലിയിലേക്ക് ബി.എം. മത്സരിക്കുന്ന അവസരത്തില്‍ അദ്ദേഹം പരസ്യമായി പറയുകയുണ്ടായി: എന്റെ വോട്ട് ബി.എമ്മിന്.
ഏവര്‍ക്കും സ്മരണീയമാം വിധം സേവന നിരതനായ എം.എല്‍.എ. ആയി പിന്നീട് നാട് ബി.എംനെ കണ്ടു. കാസര്‍കോട് പിറന്നതിന്റെ പിറ്റേ വര്‍ഷം 1985 ഏപ്രില്‍ നാലിന് അദ്ദേഹം വിട വാങ്ങി. പിതാവിന്റെ ആകാരഭംഗിയും ജീവിത സന്ദേശവും ഏറ്റുവാങ്ങി നിശബ്ദം കര്‍മ്മബദ്ധരായി ബി.എംന്റെ പ്രിയസന്തതികളെ കാണുമ്പോള്‍ നാം തിരിച്ചറിയുന്നു-നന്മയുടെ പാത അനുസ്യൂതമായ ഒരു തുടര്‍ച്ചയാണ്.