പ്രതികൂലിക്കുകയോ അവഹേളിക്കുകയോ ചെയ്യുന്നവര്‍ക്ക് മുമ്പില്‍ ആത്മനിയന്ത്രണം നഷ്ടപ്പെടാതെ നില്‍ക്കാന്‍ കഴിയുന്നു എന്നതിലാണ് ഒരാളുടെ സ്വഭാവ വൈശിഷ്ട്യം വെളിവാകുന്നത്. സ്വന്തം വികാരങ്ങള്‍ക്കും പ്രവര്‍ത്തികള്‍ക്കും നാം തന്നെ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടതുണ്ട്. ആത്മനിയന്ത്രണം ഇല്ലെങ്കില്‍ തെറ്റായ കാര്യങ്ങള്‍ ചെയ്യാന്‍ തോന്നും. അതുമൂലം ഉണ്ടാകുന്ന ഭവിഷത്തുകള്‍ക്കും നാം മാത്രമായിരിക്കും ഉത്തരവാദി.
മൃഗങ്ങളെ പോലും നിയന്ത്രിക്കുന്ന മനുഷ്യന് സ്വയം നിയന്ത്രിക്കാന്‍ സാധിക്കാതെ പോകുന്നത് പരിതാപകരമാണ്. നിയന്ത്രണമില്ലാത്ത പെരുമാറ്റം പലപ്പോഴും അപകടങ്ങളിലേക്കാണ് നയിക്കുക. പ്രതികൂലിക്കുകയോ അവഹേളിക്കുകയോ ചെയ്യുന്നവര്‍ക്ക് മുമ്പില്‍ ആത്മനിയന്ത്രണം നഷ്ടപ്പെടാതെ നില്‍ക്കാന്‍ കഴിയുന്നു എന്നതിലാണ് ഒരാളുടെ സ്വഭാവ വൈശിഷ്ട്യം വെളിവാകുന്നത്. സ്വന്തം വികാരങ്ങള്‍ക്കും പ്രവര്‍ത്തികള്‍ക്കും നാം തന്നെ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടതുണ്ട്. ആത്മനിയന്ത്രണം ഇല്ലെങ്കില്‍ തെറ്റായ കാര്യങ്ങള്‍ ചെയ്യാന്‍ തോന്നും. അതുമൂലം ഉണ്ടാകുന്ന ഭവിഷത്തുകള്‍ക്കും നാം മാത്രമായിരിക്കും ഉത്തരവാദി. പറഞ്ഞ വാക്കും എയ്ത അമ്പും തിരിച്ചെടുക്കാന്‍ പറ്റില്ല എന്നോര്‍ക്കണം. വരുംവരായ്കകള്‍ ആലോചിക്കാതെയുള്ള എടുത്ത് ചാട്ടം ഒഴിവാക്കണം. വികാരങ്ങളെ അടിച്ചമര്‍ത്തുകയല്ല, മറിച്ച് അവയെക്കുറിച്ച് ബോധവാനായിരിക്കുകയും ക്രിയാത്മകമായി പ്രതികരിക്കുകയും ചെയ്യുക എന്നതാണ് അഭികാമ്യം. ജീവിത സമ്മര്‍ദ്ദങ്ങളെയും വെല്ലുവിളികളെയും ശാന്തമായും ഫലപ്രദമായും ആരോഗ്യപരമായും നേരിടാന്‍ കഴിയുക എന്നത് പക്വതയുള്ള വ്യക്തിയുടെ സമീപനമാണ്. അത് ജീവിതത്തിലെ ലക്ഷ്യങ്ങള്‍ നേടാന്‍ സഹായിക്കും.
ആത്മനിയന്ത്രണം സ്വയം നിയന്ത്രിക്കാനുള്ള മാനസിക ശക്തിയാണ്. ജീവിതത്തിന് അത് അനിവാര്യമാണ്. സ്വന്തം ചിന്തകളെയും വികാരങ്ങളെയും പ്രവര്‍ത്തികളെയും നിയന്ത്രിക്കാനുള്ള കഴിവാണ് ആത്മനിയന്ത്രണം. വൈകാരിക പക്വതയുള്ള ഒരാള്‍ ആത്മനിയന്ത്രണമുള്ള വ്യക്തിയായിരിക്കും.
ഗ്രീക്ക് ഫിലോസഫിയുടെ അന്ത:സത്ത സ്വയം അറിയുക, സ്വയം നിയന്ത്രിക്കുക, സ്വയം നല്‍കുക എന്നതാണ്. വൈകാരിക പക്വതയുടെ അന്ത:സത്തയും ഇതുതന്നെ. മനസ്സിനെ ക്രമീകരിച്ചാല്‍ വൈകാരിക പക്വതയാകും. അതുവഴി ആത്മനിയന്ത്രണവും സാധ്യമാകും.
സ്വന്തം വികാരങ്ങളെ തിരിച്ചറിയുക, വികാരങ്ങളെ നിയന്ത്രിച്ച് വരുതിയില്‍ നിറുത്തുക, സ്വയം പ്രചോദനത്തിന് വഴിയൊരുക്കുക, അന്യരുടെ വികാരങ്ങള്‍ അംഗീകരിക്കുക, മനുഷ്യബന്ധങ്ങള്‍ സമചിത്തതയോടെ കൈകാര്യം ചെയ്യുക എന്നിവയാണ് വൈകാരിക പക്വതയുടെ മാനങ്ങള്‍. ജീവിതവിജയത്തിന് മന:സംയമനമെന്ന വൈകാരിക പക്വത കൈവരിച്ചേ മതിയാകു.
ശാരീരികം, മാനസികം, വൈകാരികം, ആധ്യാത്മികം എന്നിങ്ങനെ മനുഷ്യന് നാല് തരം ബുദ്ധിമാനങ്ങള്‍ ഉണ്ട്. ഇവ ഓരോന്നും സംയോജിച്ച് പ്രവര്‍ത്തിക്കുമ്പോഴാണ് ജീവിത വിജയം കടന്നുവരിക.
ഓരോ ബുദ്ധിമാനങ്ങള്‍ക്കും വ്യത്യസ്തമായ ദൗത്യമാണുള്ളത്. ശാരീരിക ബുദ്ധിമാനത്തിന്റെ ലക്ഷ്യം നിലനില്‍പ്പാണ്. മാനസിക ബുദ്ധിമാനത്തിന്റേത് വികസനവും വളര്‍ച്ചയുമാണ്. വൈകാരിക ബുദ്ധിമാനം ബന്ധങ്ങളെയും ആധ്യാത്മിക ബുദ്ധിമാനം സംതൃപ്തിയെയും കൈകാര്യം ചെയ്യുന്നു.
നാലു മേഖലകള്‍ക്കും തുല്യ പ്രധാന്യമാണെങ്കിലും വൈകാരിക പക്വതയുടെ മാനങ്ങളാണ് ഇന്ന് ഏറ്റവും അധികം ചര്‍ച്ച ചെയ്യുന്നത്. നമ്മുടെ ദര്‍ശനങ്ങള്‍ക്ക് അനുസരിച്ച് ജീവിതത്തെ ക്രമപ്പെടുത്താനുള്ള ഇന്ധനമാണ് വൈകാരിക ഭാവങ്ങളിലൂടെ ലഭിക്കേണ്ടത്. വൈകാരിക ബുദ്ധിമാനത്തിന് അഞ്ച് ഘടകങ്ങള്‍ ഉണ്ട്. സ്വയാവബോധം, ഉത്സാഹം, ആത്മനിയന്ത്രണം, തത്മയീഭാവം, ബന്ധങ്ങളിലെ ദൃഢത എന്നിവയാണവ. ഇവ സമന്വയിക്കുമ്പോഴാണ് വൈകാരിക പക്വത ആര്‍ജിക്കുന്നത്.
ആത്മനിയന്ത്രണം: ആത്മനിയന്ത്രണം വൈകാരിക പക്വതയുടെ ആണിക്കല്ലാണ്. മനസ്സിന്റെ ബാലന്‍സ് നഷ്ടപ്പെടുത്തരുത്. മറ്റുള്ളവരുടെ വികാരങ്ങളെയും കാഴ്ചപ്പാടുകളെയും മനസ്സിലാക്കാനും പരിഗണിക്കാനും ശ്രമിക്കുമ്പോള്‍ ആത്മനിയന്ത്രണം സാധ്യമാകും. ചില അഭിപ്രായങ്ങള്‍ കേള്‍ക്കുമ്പോള്‍ അങ്ങനെയും ഒരു അഭിപ്രായമുണ്ട് എന്ന് മനസ്സിലാക്കിയാല്‍ മതി. പ്രതികരിക്കണമെന്നില്ല. അഭിപ്രായം പറയുന്നവരുടെ അപ്പോഴത്തെ മാനസികനില പ്രധാനമാണ്. മറ്റൊരു സന്ദര്‍ഭത്തില്‍ ആണെങ്കില്‍ അങ്ങനെ അഭിപ്രായം പറയില്ലായിരുന്നു. സഹാനുഭൂതിയോടെ പെരുമാറാന്‍ പഠിക്കുക. മറ്റുള്ളവരുമായി വ്യക്തവും ആരോഗ്യകരവുമായ അതിരുകള്‍ സ്ഥാപിക്കാം. സമ്മര്‍ദ്ദങ്ങള്‍ അലട്ടുമ്പോള്‍, വസ്തുതകള്‍ പഠിക്കാനും മനസ്സിലാക്കാനും ശാന്തത പാലിക്കാനും ചിന്തിച്ചു പ്രവര്‍ത്തിക്കാനും പക്വമായി പ്രതികരിക്കാനും കഴിയണം. അങ്ങനെ വരുമ്പോള്‍ നമ്മുടെ മാനസിക ക്ഷേമം മെച്ചമാകും. ആരോഗ്യകരമായ ബന്ധങ്ങള്‍ കെട്ടിപ്പടുക്കാനും നിലനിര്‍ത്താനും സാധിക്കും. ജീവിത സംതൃപ്തി വര്‍ധിപ്പിക്കുന്നതിനും ഇടയാക്കും. വൈകാരിക പക്വത ഒരു തുടര്‍ച്ചയായ പ്രക്രിയയാണ്. തെറ്റുകള്‍ സംഭവിക്കാം. അതില്‍ നിന്ന് പാഠം പഠിച്ച് മുന്നേറാനുള്ള കഴിവാണ് പ്രധാനം. മാനസിക നില തകരാറിലാക്കുന്ന പിരിമുറുക്കങ്ങളെയും നെഗറ്റീവ് ചിന്തകളെയും നിയന്ത്രിക്കണം. അഹങ്കാരം, പുച്ഛഭാവം, ധാര്‍ഷ്ട്യം, പരിഹാസം എന്നിവ ഒഴിവാക്കണം. നെഗറ്റീവ് അനുഭവങ്ങള്‍ നല്‍കരുത്. സന്തോഷവും അന്തസ്സും നിറഞ്ഞ സമീപനത്തിലൂടെ വൈകാരിക പക്വത കൈവരിക്കാം.
സംതൃപ്തിയുടെ ഉറവ ആരംഭിക്കേണ്ടത് മനസ്സില്‍ നിന്നുമാണ്. സ്വന്തം മനോഭാവത്തിലാണ് മാറ്റം വരുത്തേണ്ടത്. മനസ്സിനെ ശാന്തമാക്കുക, അസ്വസ്ഥതകളുടെ നടുവിലും പുഞ്ചിരിക്കുക, കുറ്റപ്പെടുത്തിയാലും കാതോര്‍ക്കുക, ശുഭാപ്തി വിശ്വാസിയാകുക, നര്‍മ്മബോധം നഷ്ടപ്പെടുത്താതിരിക്കുക, വിശ്വസ്തത പുലര്‍ത്തുക, ക്ഷമയോടെ കാത്തിരിക്കുക, സ്‌നേഹിച്ചു വശത്താക്കുക എന്നീ സമീപനങ്ങള്‍ മന:സംയമനത്തിനും അതുവഴി വൈകാരിക പക്വതക്കും ജീവിത വിജയത്തിനും സഹായകരമാകും.