അന്നല്ല. ഇന്നും!

Update: 2025-09-24 10:45 GMT


കൂടെ പോകാന്‍ ചന്ദ്രിക തയ്യാറായിട്ടും ഇപ്പോള്‍ അപ്രകാരം ചെയ്യാന്‍ പാടില്ല എന്ന് പറഞ്ഞ് പിന്തിരിപ്പിക്കുകയാണ് രമണന്‍ ചെയ്യുന്നത്. ഇക്കാലത്തോ? മാധ്യമ വാര്‍ത്തകള്‍ തെളിവ്: അവന്‍ അവളെയോ  അവള്‍ അവനെയോ പ്രണയ പാശത്തില്‍ കുടുക്കി; അഥവാ കുടുങ്ങി. തുടര്‍ന്ന് വഞ്ചിച്ചു. ഇതു രണ്ടും നടക്കാം: എന്നല്ല നടക്കും; നടന്നിട്ടുണ്ട്.

'കാനനച്ഛായയില്‍  ആടുമേക്കാന്‍

ഞാനും വരട്ടെയോ  നിന്റെ കൂടെ?'

ചന്ദ്രിക എന്ന കോടീശ്വര കുമാരി, ആട് മേയ്പ് ഉപജീവനം നടത്തുന്ന ദരിദ്ര യുവാവായ രമണനോട്, പ്രേമാതുര ഭാവത്തില്‍ കൊഞ്ചിക്കുഴഞ്ഞ് അനുവാദം ചോദിച്ചപ്പോള്‍ ഉണ്ടായ പ്രതികരണം:

'പാടില്ല, പാടില്ല, നമ്മെ നമ്മള്‍

പാടെ മറന്നൊന്നും  ചെയ്തുകൂടാ'

'കൂടെ വരട്ടെയോ' എന്ന് ചോദിച്ചപ്പോള്‍ 'വന്നോളൂ' എന്നല്ല രമണന്‍ പറഞ്ഞത്. 'പാടില്ല' എന്നാണ്. പ്രണയിനിയായ ചന്ദ്രിക എല്ലായിപ്പോഴും തന്റെ കൂടെ ഉണ്ടാകണമെന്ന് അതിയായി ആഗ്രഹിക്കുന്നവനാണ് രമണന്‍. എന്നിട്ടും ഇപ്പോള്‍ ഒന്നിച്ചു നടക്കുന്നത് ശരിയല്ല; അത് തന്നത്താന്‍ മറന്നുള്ള ചാപല്യമാകും എന്നാണ് പ്രതികരിച്ചത്.

(ചന്ദ്രിക, രമണന്‍ -ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ 'രമണ'നിലെ നായികാനായകന്മാര്‍).

സ്വയം മറന്ന് ഒന്നും ചെയ്യാന്‍ പാടില്ല എന്ന വകതിരിവുണ്ട് രമണന്.

കൂടെ പോകാന്‍ ചന്ദ്രിക തയ്യാറായിട്ടും ഇപ്പോള്‍ അപ്രകാരം ചെയ്യാന്‍ പാടില്ല എന്ന് പറഞ്ഞു പിന്തിരിപ്പിക്കുകയാണ്. 'പാടില്ല, പാടില്ല' എന്ന് വീണ്ടും വീണ്ടും പറഞ്ഞു.

കവി ഭാവനയായിരിക്കാം ചന്ദ്രിക, രമണന്‍ പ്രണയകഥ; തുടര്‍ന്ന് സംഭവിച്ച ദുരന്തവും. ചന്ദ്രികയുടെ പ്രണയ വഞ്ചനയും, തുടര്‍ന്ന് രമണന്റെ ആത്മഹത്യയും.

ചങ്ങമ്പുഴ രമണന്‍ എന്ന കാവ്യം രചിച്ച കാലത്ത് അമ്മാതിരി സംഭവങ്ങള്‍ നടന്നിട്ടുണ്ടാകാം. ഇക്കാലത്തോ? മാധ്യമ വാര്‍ത്തകള്‍ തെളിവ്: അവന്‍ അവളെയോ അവള്‍ അവനെയോ പ്രണയ പാശത്തില്‍ കുടുക്കി; അഥവാ കുടുങ്ങി. തുടര്‍ന്ന് വഞ്ചിച്ചു. ഇതു രണ്ടും നടക്കാം: എന്നല്ല നടക്കും; നടന്നിട്ടുണ്ട് പലയിടത്തും. പത്രലേഖകന്‍ അറിയിക്കുന്നു.

പേരും വീട്ടുപേരും നാടും മാതാപിതാക്കളും പേരും വിലാസവും അടക്കം; നായിസല നായകന്മാരുടെ പ്രായവും. ആര് ആദ്യം വിളിച്ചു, ആര് വിളി കേട്ടു? തുടര്‍ന്ന് എന്തുണ്ടായി? എല്ലാം വിസ്തരിച്ച്. ഒടുവില്‍ ദീനവിലാപം: അയ്യോ എന്നെ ചതിച്ചു; ഇനി ഞാനെന്ത് ജീവിച്ചിരിക്കുന്നു എന്ന്... ദാരുണാന്ത്യം! സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട! ഇത് വെറുമൊരു പഴമൊഴിയല്ല. മൂത്തോര്‍ ചൊല്ല് മൂത്ത നെല്ലിക്ക പോലെ ആദ്യം ചവര്‍ക്കും; പിന്നെ മധുരിക്കും.

Similar News