തദ്ദേശങ്ങള്‍ സ്വയം ഭരിക്കുന്നവരോട്

Update: 2025-12-26 11:10 GMT
ഇവിടെ മാലിന്യം നിക്ഷേപിക്കുന്നത് ശിക്ഷാര്‍ഹമാണ്' എന്ന മുന്നറിയിപ്പ് ബോര്‍ഡ് അവിടെ നാട്ടിയിട്ടുണ്ടാകും. ആരാണ് ശിക്ഷിക്കുക? ഉത്തരവാദിത്തപ്പെട്ട ഭരണാധികാരികള്‍ വഴിയോരത്തെ 'മാലിന്യ നിക്ഷേപ'ങ്ങള്‍ കാണുന്നില്ലേ? കാറില്‍ പോകുമ്പോള്‍ എങ്ങനെ കാണും?

കേരളത്തിലെ ചീഫ് സെക്രട്ടറി ആയിരുന്ന സി.പി നായര്‍ ഐ.എ.എസിന്റെ ആത്മകഥ - 'എന്തരോ മഹാനുഭാവലു'. അതില്‍ അനുസ്മരിച്ചിട്ടുള്ള ഒരു അനുഭവം: അദ്ദേഹം സര്‍വീസിന്റെ തുടക്കത്തില്‍ മലപ്പുറം സബ് കലക്ടര്‍ ആയിരിക്കെ, ഓഫീസിനോട് ചേര്‍ന്ന ഒരു മുറിയില്‍ ഒരു വലിയ പെട്ടി കണ്ടു. അത് തുറക്കാന്‍ ശിപായിമാരോട് പറഞ്ഞു. തുറന്നുനോക്കിയപ്പോള്‍ കണ്ടത് ബ്രിട്ടീഷ് ഭരണകാലത്തെ ചില ഓഫീസ് രേഖകള്‍. അതില്‍ ഒരെണ്ണം എടുത്ത് പൊടിതട്ടി നോക്കി. ഉദ്യോഗസ്ഥര്‍ക്ക് ചില നിര്‍ദ്ദേശങ്ങള്‍: സബ് കലക്ടര്‍ നാട്ടിന്‍പുറത്തുകൂടെ എന്നും അതിരാവിലെ നടന്ന് ശീലിക്കണം. വഴിയില്‍ കാണുന്ന എല്ലാവര്‍ക്കും ഹസ്തദാനം ചെയ്യാന്‍ പാടില്ല. (ഹസ്തദാനം ചെയ്യാവുന്നവരുടെ പട്ടിക വേറെ ഉണ്ടായിരുന്നു: സാമൂതിരി രാജാവ്, വള്ളുവനാട്ട് രാജാവ്, മലപ്പുറം തങ്ങള്‍, ചില പ്രമുഖ ജന്മിമാര്‍ തുടങ്ങിയ ആഢ്യന്മാര്‍). 'നാട്ടിന്‍ പുറത്തുകൂടെ എന്നും രാവിലെ നടക്കണം സബ് കലക്ടര്‍' എന്ന് നിര്‍ദ്ദേശിച്ചത് എന്തുകൊണ്ടായിരിക്കും? നാട്ടില്‍ എന്ത് നടക്കുന്നു എന്ന് നേരിട്ട് കണ്ട് മനസ്സിലാക്കാന്‍ തന്നെ.

ഈ നിര്‍ദ്ദേശം ഇക്കാലത്തും പ്രസക്തമാണ്. സബ് കലക്ടര്‍ മാത്രമല്ല ഉയര്‍ന്ന ഭരണാധികാരികളും ചെയ്യേണ്ടത് -ഓഫീസിന് ചുറ്റും നടക്കുക. കലക്ടര്‍, ഡെപ്യൂട്ടി കലക്ടര്‍, മുനിസിപ്പല്‍ ചെയര്‍മാന്‍, പഞ്ചായത്ത് പ്രസിഡണ്ട്, മുനിസിപ്പല്‍ കൗണ്‍സിലര്‍മാര്‍, പഞ്ചായത്ത് മെമ്പര്‍മാര്‍ തുടങ്ങിയവര്‍; ഭരണം കയ്യാളുന്ന എല്ലാവരും...

നമ്മുടെ കലക്ടറേറ്റിന്റെ ചുറ്റുമതിലിന് പുറത്തുകൂടി നടക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം: മൂക്കും വായും മൂടുന്ന മാസ്‌ക് ധരിക്കണം. 'കൊറോണ' വൈറസിനെ പ്രതിരോധിക്കാന്‍ വേണ്ടിയല്ല; ദുസ്സഹ ദുര്‍ഗന്ധം വമിക്കുന്ന വായു മൂക്കില്‍ കയറാതിരിക്കാന്‍ വേണ്ടി. ഗാര്‍ഹിക മാലിന്യങ്ങള്‍, ഹോട്ടലുകളില്‍ നിന്നുള്ള ഭക്ഷണാവശിഷ്ടങ്ങള്‍, വിവാഹാദി വിശേഷങ്ങള്‍ നടക്കുമ്പോള്‍ ഭക്ഷണ അവശിഷ്ടങ്ങള്‍ പതിന്മടങ്ങ് ഉണ്ടാകുമല്ലോ. എല്ലാം ഇരുളിന്റെ മറപറ്റി വാഹനങ്ങളില്‍ കയറ്റിക്കൊണ്ടുപോയി തള്ളുന്നത് കലക്ടറേറ്റിന്റെ ചുറ്റുമതിലിനടുത്താണ്. ജില്ലാ സ്റ്റേഡിയം തൊട്ടടുത്താണ്.

വിദ്യാനഗര്‍-മധൂര്‍ റോഡില്‍ നിന്നും വലത്തോട്ട് തിരിഞ്ഞുപോകുന്ന റോഡ് കലക്ടറേറ്റിനോട് അടുത്തുകൂടിയാണ്. കലക്ടറേറ്റ് ജംഗ്ഷന്‍ കടന്നുപോകുമ്പോള്‍ ആദ്യം ജില്ലാ പഞ്ചായത്ത് ഓഫീസ്, പിന്നെ കോടതി സമുച്ചയം തുടങ്ങിയവ. റോഡിന്റെ വലതുവശത്ത് തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍സെക്കണ്ടറി സ്‌കൂള്‍, ചിന്മയ മിഷന്‍ സ്‌കൂള്‍, ചിന്മയ തേജസ് -ഇങ്ങനെ പലതും. ആ പാതയോരത്താണ് മാലിന്യങ്ങള്‍ വലിച്ചെറിയുന്നത്.

'ഇവിടെ മാലിന്യം നിക്ഷേപിക്കുന്നത് ശിക്ഷാര്‍ഹമാണ്' എന്ന മുന്നറിയിപ്പ് ബോര്‍ഡ് അവിടെ നാട്ടിയിട്ടുണ്ടാകും. ആരാണ് ശിക്ഷിക്കുക? ഉത്തരവാദിത്തപ്പെട്ട ഭരണാധികാരികള്‍ വഴിയോരത്തെ 'മാലിന്യ നിക്ഷേപ'ങ്ങള്‍ കാണുന്നില്ലേ? കാറില്‍ പോകുമ്പോള്‍ എങ്ങനെ കാണും?

അധികാരികള്‍ നടന്നുപോകാറില്ലല്ലോ. (മാലിന്യം 'നിക്ഷേപിക്കുക'യല്ല 'പ്രക്ഷേപിക്കുക'യോ 'വിക്ഷേപിക്കുക'യോ ആണ്. വലിച്ചെറിയുക, ചിതറുക എന്നര്‍ത്ഥം). അറിയിപ്പില്‍ പറയുന്ന ഭരണാധികാരികള്‍ക്ക് ചുമതലാബോധമില്ല, തദ്ദേശഭരണം കയ്യാളുന്നവര്‍ക്ക് ഉത്തരവാദിത്വ ബോധമില്ല എന്ന് കരുതണമോ?

കലക്ടറേറ്റ് ഭാഗത്തെ തദ്ദേശ ഭരണാധികാരം ആര്‍ക്കാണ്? കാസര്‍കോട് മുനിസിപ്പാലിറ്റി? മധൂര്‍ പഞ്ചായത്ത്? ചെങ്കള പഞ്ചായത്ത്? നികുതി പിരിക്കാന്‍ മാത്രം അധികാരം!

കാലാവധി എത്തിയശേഷം തിരഞ്ഞെടുക്കപ്പെട്ടവര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റെടുക്കുകയാണല്ലോ. അധികാരമേറ്റവര്‍ ആദ്യം ശ്രദ്ധിക്കേണ്ടത് ഇതാകണം: മാലിന്യനിര്‍മ്മാര്‍ജ്ജനം. ജില്ലാ ഭരണാധികാരിയുടെ മേല്‍അന്വേഷണം കൂടെക്കൂടെ ഉണ്ടാകണം.

സായിപ്പ് കടല്‍ കടന്നുപോയെങ്കിലും പണ്ട് എഴുതിവെച്ച നിര്‍ദ്ദേശം ആദ്യം ശ്രദ്ധിക്കണം. വിവേകപൂര്‍വ്വം പ്രാവര്‍ത്തികമാക്കണം.


Similar News