തെരുവ് നായ്ക്കളും വളര്‍ത്തുനായ്ക്കളും അപകടകാരികളാകുമ്പോള്‍ മനുഷ്യരുടെ ജീവന് തന്നെ ഭീഷണിയുയര്‍ത്തുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. നായ്ക്കളുടെ കടിയേറ്റ് സംസ്ഥാനത്ത് കുട്ടികളടക്കം നിരവധിപേര്‍ മരിച്ചിട്ടുണ്ട്. ഇതിന് പുറമെ പൂച്ചകളും മനുഷ്യജീവന് ഭീഷണിയാകുകയാണ്. പൂച്ച മാന്തിയതിനെ തുടര്‍ന്ന് പ്രതിരോധവാക്സിന്‍ എടുത്തിട്ടും കഴിഞ്ഞ ദിവസം ഒരു കുട്ടി മരിച്ചത് ആശങ്കയുളവാക്കുകയാണ്. ഇതിന് മുമ്പും പൂച്ച മാന്തിയതിനെ തുടര്‍ന്ന് ഒരു കുട്ടി മരിച്ചിരുന്നു. മുറിവ് ഇല്ലാതിരുന്നതിനാല്‍ കുട്ടിയെ ആസ്പത്രിയില്‍ കൊണ്ടുപോയിരുന്നില്ല. റാബീസ് എന്ന പേവിഷബാധ ഉണ്ടാക്കുന്ന വൈറസ് ശരീരത്തില്‍ കയറാന്‍ കണ്ണുകൊണ്ട് കാണാന്‍ സാധിക്കുന്ന ഒരു മുറിവ് വേണമെന്നില്ല. പേ വിഷബാധ ഉണ്ടാക്കാന്‍ സാധിക്കുന്ന ഏത് മൃഗത്തിന്റെ ആയാലും നഖം ഒന്ന് പോറിയാല്‍ മതി വിഷബാധയേല്‍ക്കാന്‍. കണ്ണുകൊണ്ട് കാണാന്‍ സാധിക്കുന്ന ഒരു പോറല്‍ വേണമെന്നുമില്ല. പേവിഷബാധയുള്ള മൃഗങ്ങളുടെ ഉമിനീര്‍ ശരീരത്തില്‍ പുരണ്ടാല്‍ പോലും വിഷബാധ ഏല്‍ക്കാം. അതുകൊണ്ട് മൃഗങ്ങള്‍ മാന്തി അല്ലെങ്കില്‍ പല്ല് കൊണ്ട് ചെറുതായി കടിച്ചുവെന്ന് തോന്നിയാല്‍ പോലും നിര്‍ബന്ധമായും ആസ്പത്രിയില്‍ പോകണം. കുട്ടികള്‍ പൂച്ചകള്‍ പോലുള്ള വളര്‍ത്തുജീവികളുമായി അടുത്തിടപഴകുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. സാധിക്കുമെങ്കില്‍ ഇവയെ ഒന്നും വീട്ടില്‍ വളര്‍ത്താതിരിക്കുക. വളര്‍ത്തണം എന്നത് നിര്‍ബന്ധമാണെങ്കില്‍ വീടിന്റെ അകത്തേക്ക് ഒരു കാരണവശാലും കയറ്റാതിരിക്കുക. കാരണം കളിക്കുമ്പോള്‍ പൂച്ചക്കുട്ടികളുടെ നഖം കുട്ടികളുടെ ദേഹത്ത് കൊള്ളാന്‍ സാധ്യത വളരെ കൂടുതലാണ്. അത് നമ്മള്‍ പലപ്പോഴും അറിയുകയുമില്ല. പൂച്ചയെ വീടിനകത്ത് കയറ്റരുത് എന്ന് പറയാന്‍ വേറെയും കാരണമുണ്ട്. പൂച്ചയുടെ രോമത്തില്‍ നിന്നും മറ്റു അവശിഷ്ടങ്ങളില്‍ നിന്നും മനുഷ്യശരീരത്തില്‍ പ്രവേശിക്കുന്ന അണുക്കള്‍ ഉണ്ടാക്കുന്ന രോഗം ഗര്‍ഭാവസ്ഥയില്‍ ഗുരുതരമായ പ്രശ്‌നങ്ങളുണ്ടാക്കുമെന്നും ഗര്‍ഭസ്ഥശിശുവിന് വൈകല്യങ്ങള്‍ ഉണ്ടാക്കുമെന്നതും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണ്. പൂച്ചയെ എടുക്കാനും കുട്ടികളെ അനുവദിക്കരുത്. എന്റെ പൂച്ച വീട്ടില്‍ നിന്ന് മറ്റെവിടേക്കും പോകാറില്ല എന്നൊക്കെയുള്ള ന്യായങ്ങള്‍ വെറുതെയാണ്. പൂച്ച എവിടെയൊക്കെ പോകുന്നു എന്നോ മറ്റേതൊക്കെ മൃഗങ്ങളുമായി ഇടപഴകുന്നു എന്നോ മറ്റേതെങ്കിലും മൃഗങ്ങളുടെ പക്കല്‍ നിന്നും മാന്തോ കടിയോകിട്ടുന്നുണ്ടോ എന്നോ ഒക്കെ നമുക്കൊരിക്കലും അറിയാന്‍ കഴിയില്ല. അതുകൊണ്ട് വീട്ടില്‍ വളര്‍ത്തുന്ന പൂച്ചയോ പൂച്ചക്കുഞ്ഞുങ്ങളോ നായയോ നായ്ക്കുട്ടിയോ ആണ് കടിക്കുന്നത് അല്ലെങ്കില്‍ മാന്തുന്നത് എങ്കിലും നിര്‍ബന്ധമായും പേവിഷബാധക്കെതിരായ വാക്‌സിന്‍ എടുത്തിരിക്കണം. പൂച്ച മാത്രമല്ല, വവ്വാല്‍, കീരി, കുറുക്കന്‍, അണ്ണാന്‍, മുയല്‍ അങ്ങനെ എന്ത് മൃഗമാണെങ്കിലും അവ മാന്തുകയോ കടിക്കുകയോ ചെയ്താല്‍ ഉടനെ പോയി വാക്‌സിന്‍ എടുത്തിരിക്കണം. പ്രതിരോധ വാക്സിന്‍ ഫലമുണ്ടാക്കുന്നില്ലെങ്കില്‍ അതിന്റെ കാരണവും പരിശോധിക്കപ്പെടേണ്ടതാണ്.