അനാസ്ഥ ക്ഷണിച്ചുവരുത്തിയ ദുരന്തം

By :  Sub Editor
Update: 2025-10-28 09:58 GMT

കുമ്പള അനന്തപുരത്ത് പ്ലൈവുഡ് ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയില്‍ ഒരാള്‍ മരിക്കുകയും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവം അത്യന്തം വേദനാജനകം തന്നെയാണ്. അസം സ്വദേശി നജീറുല്‍ അലി (20)യാണ് പൊട്ടിത്തെറിയില്‍ ഗുരുതരമായി പരിക്കേല്‍ക്കുകയും മരണത്തിന് കീഴടങ്ങുകയും ചെയ്തത്. ഈ കമ്പനിയിലെ തൊഴിലാളിയായിരുന്നു നജീറുല്‍ അലി. കേവലം 20 വയസ് മാത്രം പ്രായമുള്ള ചെറുപ്പക്കാരന്‍. തൊഴില്‍ തേടി ഈ യുവാവ് കേരളത്തിലെത്തിയത് സ്വന്തമായി ഉപജീവനമാര്‍ഗം കണ്ടെത്താനും നാട്ടിലുള്ള തന്റെ കുടുംബത്തെ പോറ്റാനുമുള്ള വരുമാനം കണ്ടെത്തുന്നതിനുമാണ്. എന്നാല്‍ ഒരു ദുരന്തത്തില്‍ ആ വിലപ്പെട്ട ജീവന്‍ പൊലിഞ്ഞുപോകുകയായിരുന്നു.

അനന്തപുരത്തെ ഡെക്കോര്‍ പാനല്‍ ഇന്‍ഡസ്ട്രീസില്‍ ആണ് പൊട്ടിത്തെറിയുണ്ടായത്. അപകടത്തില്‍ നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബോയിലര്‍ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായതെന്നാണ് വിവരം. പൊട്ടിത്തെറിയില്‍ സമീപത്തെ വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. ജനല്‍ച്ചില്ലുകള്‍ ഉള്‍പ്പെടെയാണ് തകര്‍ന്നത്. അസം സ്വദേശികളായ തൊഴിലാളികളാണ് ഷിഫ്റ്റില്‍ ഉണ്ടായിരുന്നത്. ഗുരുതരമായി പരിക്കേറ്റ ആറ് പേരെ മംഗളൂരുവിലെ ആസ്പത്രിയിലും രണ്ട് പേരെ കുമ്പള ആസ്പത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്. മറ്റുള്ളവര്‍ വിവിധ ആസ്പത്രികളിലായി ചികിത്സ തേടിയിട്ടുണ്ട്. കുമ്പള ആസ്പത്രിയില്‍കൊണ്ടുപോയ തൊഴിലാളിയുടെ മരണമാണ് സ്ഥിരീകരിച്ചത്. സംഭവത്തില്‍ കലക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. സംഭവം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഫാക്ടറീസ് ആന്റ് ബോയില്‍ വകുപ്പിനോട് നല്‍കാനാണ് നിര്‍ദേശിച്ചത്. അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചശേഷമായിരിക്കും നടപടിയെന്നും അധികൃതര്‍ വ്യക്തമാക്കി.

സംസ്ഥാനത്ത് വിവിധ മേഖലകളിലായി ആയിരക്കണക്കിന് ഇതര സംസ്ഥാന തൊഴിലാളികള്‍ പണിയെടുക്കുന്നുണ്ട്. ഈ തൊഴിലാളികളുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ അധികൃതരുടെ ഭാഗത്ത് നിന്നും യാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്നതാണ് നിര്‍ഭാഗ്യകരമായ വസ്തുത. ദേശീയപാത വികസന പ്രവൃത്തിയുടെ ഭാഗമായുള്ള പാലം നിര്‍മ്മാണം അടക്കമുള്ള ജോലികളില്‍ ഏര്‍പ്പെടുന്നതിനിടെ നിരവധി ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് ജീവന്‍ നഷ്ടമായിട്ടുണ്ട്. തികച്ചും അപകടകരമായ സാഹചര്യങ്ങളില്‍ ജോലി ചെയ്യുന്ന ഇവരുടെ സുരക്ഷക്ക് ആവശ്യമായ നടപടികള്‍ സ്വീകരിുക്കുന്നില്ല. അനന്തപുരം പ്ലൈവുഡ് ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിക്ക് കാരണവും തികഞ്ഞ അനാസ്ഥയും അശ്രദ്ധയുമാണ്.

ഫാക്ടറിയിലെ ബോയ്‌ലറുകള്‍ അശ്രദ്ധമായാണ് കൈകാര്യം ചെയ്യുന്നത്. പ്ലൈവുഡ് ഫാക്ടറിയിലെ പ്രവര്‍ത്തനം സംബന്ധിച്ച് പ്രാഥമിക പരിശോധന പോലും നടത്താറില്ലെന്ന് ഇതില്‍ നിന്നും വ്യക്തമാണ്. അതിഥി തൊഴിലാളികളുടെ ജീവനും വിലയുണ്ട്. അവരുടെ ജീവന്‍ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം ഭരണകൂടത്തിനുണ്ട്. അതിഥിതൊഴിലാളികള്‍ പണിയെടുക്കുന്ന ഇടങ്ങളില്‍ അധികാരികളുടെ ശ്രദ്ധ അടിയന്തിരമായി പതിയണം. സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയും വേണം.

Similar News