കേള്‍ക്കുമ്പോള്‍ നിസാരമാണെന്ന് തോന്നാം. എന്നാല്‍ റെയില്‍വെ ഗേറ്റുകള്‍ തകരാറിലാകുമ്പോള്‍ സംഭവിക്കാവുന്ന ദുരന്തം അതിഭീകരം തന്നെയായിരിക്കും. ട്രെയിനുകള്‍ കടന്നുപോകാനായി അടച്ചിടുന്ന റെയില്‍വെ ഗേറ്റുകള്‍ പിന്നീട് ഉയര്‍ത്താന്‍ കഴിയാത്ത അവസ്ഥ ആവര്‍ത്തിക്കപ്പെടുന്നത് തികച്ചും ആശങ്കാജനകമാണ്. കഴിഞ്ഞ ദിവസം കോഴിക്കോട് കടലുണ്ടിയില്‍ റെയില്‍വെ ഗേറ്റ് ഉയര്‍ത്താന്‍ കഴിയാതെ പോയത് പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു. ട്രെയിനുകള്‍ കടന്നുപോകാനായി അടച്ചിട്ട റെയില്‍വെ ഗേറ്റ് തുറക്കാന്‍ കഴിയാതെ വന്നതോടെ ഇതുവഴി യാത്ര ചെയ്യാനിരുന്ന നൂറുകണക്കിന് യാത്രക്കാരാണ് ദുരിതത്തിലായത്. കോഴിക്കോട് കടലുണ്ടി റെയില്‍വെ ലെവല്‍ ക്രോസല്‍ കഴിഞ്ഞ ദിവസം വൈകിട്ട് 6.30 ഓടെ ലെവല്‍ ക്രോസിലെ കിഴക്കുവശത്തെ ഓട്ടോമാറ്റിക് ഗേറ്റ് ഓപ്പണിംഗ് സംവിധാനം തകരാറിലാവുകയായിരുന്നു. മലപ്പുറം, കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന പ്രധാന പാതയാണിത്. മൂന്ന് ട്രെയിനുകള്‍ കടന്നുപോകാനായി ഗേറ്റ് അടച്ചെങ്കിലും അവ കടന്നുപോയശേഷം പടിഞ്ഞാറ് വശത്തുള്ള ഗേറ്റ് മാത്രമേ ഉയര്‍ത്താനായുള്ളൂ. ഈ ഗേറ്റ് തുറന്നതോടെ വാഹനങ്ങള്‍ ഒരുമിച്ച് റെയല്‍വെ ട്രാക്കിലേക്ക് കയറി. വീണ്ടും ട്രെയിന്‍ വരുന്ന സമയത്ത് വലിയ അപകടം സംഭവിക്കാവുന്ന സാഹചര്യമാണ് പിന്നീടുണ്ടായത്. സ്ഥലത്തെത്തിയ പൊലീസും നാട്ടുകാരും ചേര്‍ന്ന് റെയില്‍ പാളത്തിന് മുകളില്‍ നിന്ന് വാഹന യാത്രക്കാരെ നീക്കുകയായിരുന്നു. ഇരുഭാഗത്തും കുടുങ്ങിയ യാത്രക്കാര്‍ പിന്നീട് കിലോമീറ്ററുകളോളം ചുറ്റിത്തിരിഞ്ഞാണ് യാത്ര തുടര്‍ന്നത്. കൂടുതല്‍ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ഗേറ്റിന്റെ തകരാര്‍ പരിഹരിച്ചതോടെയാണ് എല്ലാവരുടെയും ശ്വാസം നേരെ വീണത്. എന്നാല്‍ ഈ പ്രശ്‌നം ഏറെ ഗൗരവത്തോടെ തന്നെ ചര്‍ച്ച ചെയ്യുകയും പരിഹാരം കാണുകയും ചെയ്യേണ്ട വിഷയമാണ്.
റെയില്‍വെ ഗേറ്റുകള്‍ തകരാറിലാകുന്ന സംഭവങ്ങള്‍ സംസ്ഥാനത്ത് വര്‍ധിക്കുന്നു എന്നത് കൊണ്ടുതന്നെ ഇത് വാഹനയാത്രക്കാരുടെയും ട്രെയിന്‍ യാത്രക്കാരുടെയും സുരക്ഷയുടെ പ്രശ്‌നമായി മാറുകയാണ്. അടച്ചിട്ട റെയില്‍വെ ഗേറ്റ് ഏറെ നേരം ഉയര്‍ത്താന്‍ സാധിക്കാതെ വന്നാല്‍ രണ്ടുഭാഗത്തും ഗേറ്റിന് വെളിയിലുള്ള വാഹനങ്ങള്‍ ഗതാഗതക്കുരുക്കില്‍ അകപ്പെടുന്നു. ഇത് മണിക്കൂറുകള്‍ നീണ്ടുനിന്നാല്‍ വലിയ യാത്രാദുരിതമാകും അനുഭവപ്പെടുക. ഒരു ഗേറ്റ് തുറന്ന് വാഹനങ്ങള്‍ കൂട്ടത്തോടെ അകത്തുകടന്നപ്പോള്‍ മറുവശത്തെ ഗേറ്റ് തുറക്കാന്‍ കഴിയാതിരിക്കുകയും ഗതാഗത സ്തംഭനം കാരണം വാഹനങ്ങള്‍ പിറകോട്ടെടുക്കാന്‍ കഴിയാതിരിക്കുകയും ഈ സ്ഥിതി ഏറെ നേരം നീണ്ടുനില്‍ക്കുമ്പോള്‍ ട്രെയിന്‍ കുതിച്ചുവരികയും ചെയ്താലുള്ള അവസ്ഥ ആലോചിക്കാന്‍ പോലും ഭയപ്പെടും. എന്നാല്‍ ഇങ്ങനെയൊരു സാഹചര്യം മൂലം ദുരന്തം സംഭവിക്കുകയും നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടമാകുകയും ചെയ്തിട്ടുണ്ട്. കേരളത്തില്‍ ഇങ്ങനെയൊരു ദുരന്തം ഉണ്ടായിട്ടില്ലെങ്കിലും ഭാവിയില്‍ ഉണ്ടായിക്കൂടെന്നില്ല. അതുകൊണ്ട് റെയില്‍വെ ഗേറ്റുകള്‍ തകരാറിലാകാതിരിക്കാന്‍ ആവശ്യമായ മുന്‍കരുതല്‍ കൂടിയേ മതിയാകൂ.