ദേശീയപാത വികസനം പൂര്‍ത്തിയാകുമ്പോള്‍

By :  Sub Editor
Update: 2025-10-23 10:34 GMT

കേരളത്തില്‍ ദേശീയപാത വികസനം ഡിസംബര്‍ മാസത്തോടെ പൂര്‍ത്തിയാകുമെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയിരിക്കുന്നത്. കേരളത്തില്‍ മികച്ച ഗതാഗത സംവിധാനം ഇതുവഴി കൈവരുമെന്നത് ഏറെ സന്തോഷമുളവാക്കുന്ന കാര്യമാണ്. ദേശീയപാത വികസനം പൂര്‍ത്തിയാകുമ്പോള്‍ അപാകതകള്‍ പൂര്‍ണമായും പരിഹരിക്കപ്പെടേണ്ടതുണ്ട്. കാസര്‍കോട് ജില്ലയില്‍ പല ഭാഗങ്ങളിലും സര്‍വീസ് റോഡ് നിര്‍മ്മാണത്തില്‍ അപാകതകളുണ്ട്. ഇതുകാരണം അപകടങ്ങളും പതിവാണ്. ഈ കാലവര്‍ഷത്തില്‍ സര്‍വീസ് റോഡുകള്‍ തകര്‍ന്ന് കുണ്ടും കുഴിയും രൂപപെട്ടിരിക്കുന്നു. സര്‍വീസ് റോഡ് നിര്‍മ്മാണത്തില്‍ വലിയ തോതിലുള്ള ക്രമക്കേടുകള്‍ നടന്നതായി ആക്ഷേപം നിലനില്‍ക്കുന്നുണ്ട്. ചില ഭാഗങ്ങളില്‍ ദേശീയപാത നിര്‍മ്മാണത്തിലും ക്രമക്കേട് നടന്നിട്ടുണ്ട്. ദേശീയപാത പൊട്ടിപ്പിളര്‍ന്ന് വലിയ ഗര്‍ത്തങ്ങള്‍ വരെ രൂപപ്പെട്ടിരുന്നു. മേഘ കമ്പനി നിര്‍മ്മാണ ചുമതല ഏറ്റെടുത്ത സ്ഥല ങ്ങളിലാണ് കൂടുതലും ക്രമക്കേടുകള്‍ നടന്നിരിക്കുന്നത്. ഇതിനെല്ലാം പുറമെ ആശാസ്ത്രീയമായ ഹമ്പുകളും അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. രണ്ട് ഭാഗങ്ങളിലും ദേശീയപാതയെയും സര്‍വീസ് റോഡുകളെയും വേര്‍തിരിക്കുന്ന കോണ്‍ക്രീറ്റ് ചുമരുകള്‍ നിര്‍മ്മിച്ചതിനാല്‍ പല ഭാഗങ്ങളിലും വാഹനയാത്രക്കാരും കാല്‍നട യാത്രക്കാരും കടുത്ത ദുരിതം അനുഭവിക്കുകയാണ്. എല്ലാ ഭാഗത്തും അടിപ്പാതകള്‍ നിര്‍മ്മിച്ചിട്ടില്ല. വാഹനങ്ങള്‍ക്ക് ഇപ്പുറത്തുനിന്ന് മറുഭാഗം എത്താന്‍ അടിപ്പാത ഉള്ള ഭാഗത്തേക്ക് പോയി അവിടെ നിന്ന് മാത്രമേ മറുവശത്ത് എത്താന്‍ സാധിക്കുകയുള്ളൂ. ഇത് വലിയ സമയ നഷ്ടത്തിന് കാരണമാകുന്നുണ്ട്. കാല്‍നടയായി പോകുമ്പോഴും ദൂരക്കൂടുതല്‍ പ്രയാസങ്ങളുണ്ടാക്കുന്നു.

കാസര്‍കോട് ജില്ലയില്‍ അടിപ്പാത ഇല്ലാത്ത സ്ഥലങ്ങളില്‍ നടപ്പാലം വേണമെന്നാവശ്യപ്പെട്ട് ദേശീയപാത അതോറിറ്റിക്കും നിവേദനങ്ങള്‍ നല്‍കിയിട്ടും പരിഹാരമുണ്ടായിട്ടില്ല. ദേശീയപാത നിര്‍മ്മാണം പൂര്‍ത്തിയാകുന്ന മുറക്ക് റോഡിന് കുറുകെ മേല്‍ നടപ്പാലം നിര്‍മ്മിച്ച് ഇത്തരം പ്രദേശങ്ങളിലെ ജനങ്ങളുടെ യാത്രാദുരിതം അകറ്റണം. മറ്റൊരു പ്രധാന പ്രശ്‌നം ദേശീയപാതയോരത്ത് ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ ഇല്ലാത്തതാണ്. ദേശീയപാത വികസനത്തിന്റെ ഭാഗമായാണ് ബസ് സ്റ്റോപ്പുകള്‍ പൊളിച്ച് നീക്കിയത്. ഇപ്പോള്‍ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ ഇല്ലാത്തതിനാല്‍ യാത്രക്കാര്‍ക്ക് പെരുമഴയത്തും പൊരിവെയിലിലും ബസ് കാത്ത് നില്‍ക്കേണ്ടിവരുന്നു. വയോജനങ്ങള്‍ക്കും അസുഖബാധിതര്‍ക്കും ഒന്ന് ഇരിക്കാന്‍ പോലും സാധിക്കാതെ ഏറെ നേരം കാലുകുഴഞ്ഞ് നില്‍ക്കേണ്ട അവസ്ഥയാണുള്ളത്. അതുകൊണ്ട് ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ നിര്‍മ്മിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണം. ദേശീയപാത വികസനം പൂര്‍ത്തയാകുന്നതോടെ അപകടങ്ങള്‍ കുറയുമെന്ന് പറയുന്നുണ്ടെങ്കിലും വാഹനങ്ങളുടെ അമിത വേഗത പ്രശ്‌നമാകും. എതിരെ വരുന്ന വാഹനങ്ങള്‍ കൂട്ടിയിടിക്കുന്ന പ്രശ്‌നം ഇല്ലെങ്കിലും ഒരേ ദിശയില്‍ വാഹനങ്ങള്‍ അതിവേഗത്തില്‍ മത്സരിച്ച് ഓടുന്നത് അപകടമുണ്ടാക്കും. ഇതിനൊക്കെ പരിഹാരമുണ്ടാക്കി യാത്ര സുരക്ഷിതമാക്കണം.

Similar News