ലോക് എയ്ഡ്‌സ് ദിനമായിരുന്നു ഡിസംബര്‍ ഒന്ന്. കേരളം എയ്ഡ്സില്‍ നിന്നും മോചിതമായെന്ന് ആശ്വസിച്ചുകഴിയുമ്പോള്‍ ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ ഏറെ ആശങ്കയുളവാക്കുന്നതാണ്. സംസ്ഥാനത്ത് എച്ച്.ഐ.വി. ബാധിതരുടെ എണ്ണം കൂടുന്നതായാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. അതുകൊണ്ടുതന്നെ എയ്ഡ്സിനെതിരെ ബോധവല്‍ക്കരണവും പ്രതിരോധവും ജാഗ്രതയും അനിവാര്യമായിരിക്കുകയാണ്.
ഓരോ മാസവും ശരാശരി 100 പുതിയ എച്ച്.ഐ.വി. അണുബാധിതരുണ്ടാകുന്നുവെന്നാണ് കേരളാ എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ റിപ്പോര്‍ട്ട്. പുതുതായി എച്ച്.ഐ.വി. ബാധിതരാകുന്നവരില്‍ 15 മുതല്‍ 24 വരെ പ്രായമുളളവരുടെ എണ്ണം കൂടിവരികയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കൗമാരക്കാരിലും എച്ച്.ഐ.വി ബാധിതരുടെ എണ്ണം കൂടുന്നുവെന്ന് പറയുമ്പോള്‍ എന്താണ് അതിന്റെ കാരണങ്ങളെന്ന് പരിശോധിക്കേണ്ടതും പരിഹാര നടപടികള്‍ സ്വീകരിക്കേണ്ടതും വലിയ സാമൂഹിക ഉത്തരവാദിത്വമാണ്. 2022 മുതല്‍ കഴിഞ്ഞ വര്‍ഷം വരെ യഥാക്രമം 9, 12, 14.2 ശതമാനമായിരുന്നു വര്‍ധന. അത് ഈ വര്‍ഷം ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെയുളള കാലയളവില്‍ 15.5 ശതമാനമായി വര്‍ധിച്ചുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ സംസ്ഥാനത്ത് 4477 പേര്‍ക്ക് പുതുതായി എച്ച്.ഐ.വി അണുബാധ കണ്ടെത്തി. അതില്‍ 3393 പേര്‍ പുരുഷന്മാരും 1065 പേര്‍ സ്ത്രീകളുമാണ്. 19 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്കും എച്ച്.ഐ.വി അണുബാധയുണ്ടായി. ഇതില്‍ 90 ഗര്‍ഭിണികളും ഉള്‍പ്പെടുന്നു.
കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ എച്ച്.ഐ.വി അണുബാധിതരുടെ എണ്ണം റിപ്പോര്‍ട്ട് ചെയ്തത് എറണാകുളത്താണ്. 850 പേര്‍ക്കാണ് എറണാകുളത്ത് എച്ച്.ഐ.വി. രോഗബാധയുണ്ടായത്. തിരുവനന്തപുരത്ത് 555 പേര്‍ക്കും തൃശൂരില്‍ 518 പേര്‍ക്കും കോഴിക്കോട് 441 പേര്‍ക്കും പാലക്കാട് 371 പേര്‍ക്കും കോട്ടയത്ത് 350 പേര്‍ക്കുമാണ് എച്ച്.ഐ.വി. രോഗബാധയുണ്ടായത്. ഏറ്റവും കുറവ് വയനാടാണ്. 67 പേര്‍ക്കാണ് വയനാട്ടില്‍ എച്ച്.ഐ.വി.
കേരളത്തില്‍ 23,608 പേര്‍ എച്ച്.ഐ.വി. ബാധിതരാണ്. ഇവരില്‍ 62 ശതമാനത്തിലേറെ പേര്‍ക്കും എച്ച്.ഐ.വി. അണുബാധയുണ്ടായത് സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധം വഴിയാണെന്ന് കേരളാ എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി റിപ്പോര്‍ട്ടില്‍ പറയുന്നു. സുരക്ഷിതമല്ലാത്ത സ്വവര്‍ഗരതിയിലൂടെ 24.6 ശതമാനം പേര്‍, സൂചി പങ്കിട്ടുള്ള ലഹരിമരുന്ന് ഉപയോഗത്തിലൂടെ 8.1 ശതമാനം പേര്‍ക്കും എച്ച്.ഐ.വി ബാധയുണ്ടായി. അമ്മയില്‍ നിന്ന് കുഞ്ഞിലേക്ക് അണുബാധയുണ്ടായത് 0.9 ശതമാനമാണ്. എയ്ഡ്സ് മാരകമായ വിപത്താണ്. ഇതിനെ ചെറുത്തുതോല്‍പ്പിക്കുക തന്നെ വേണം. ഈ വെല്ലുവിളിയെയും അതിജീവിക്കാന്‍ നമുക്കാകണം.