ലഹരിമാഫിയകളുടെ നീരാളിക്കൈകള്‍

Update: 2025-12-02 10:48 GMT

കേരളത്തില്‍ ലഹരിമാഫിയകളുടെ നീരാളിക്കൈകള്‍ സര്‍വ മേഖലകളിലേക്കും വ്യാപിക്കുകയാണ്. സാധാരണക്കാരില്‍ മാത്രമല്ല സമൂഹത്തില്‍ ഉന്നതസ്ഥാനമുള്ളവര്‍ക്കിടയില്‍ പോലും കഞ്ചാവിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗം വര്‍ധിച്ചുവരികയാണ്. വീടുകളും ഫ്‌ളാറ്റുകളും വാടക കെട്ടിടങ്ങളും പൊതുസ്ഥലങ്ങളുമൊക്കെ രാസലഹരിമാഫിയകളുടെ വിഹാര കേന്ദ്രങ്ങളായി മാറിയിരിക്കുന്നു. സ്‌കൂള്‍ കുട്ടികള്‍ പോലും എം.ഡി.എം.എ ഉള്‍പ്പെടെയുള്ള മയക്കുമരുന്നിന് അടിമകളായി മാറുകയാണ്. പൊലീസും എക്സൈസും ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഇത്തരം സംഘങ്ങളെ നിലയ്ക്ക് നിര്‍ത്താന്‍ സാധിക്കാത്ത വിധം മാഫിയകളുടെ ശക്തി വര്‍ധിച്ചിരിക്കുകയാണ്. മയക്കുമരുന്നും കഞ്ചാവും കടത്തുന്നതിന് വ്യത്യസ്തവും വിചിത്രവുമായ രീതികള്‍ പോലും അവലംബിക്കപ്പെടുന്നുണ്ട്.

കഴിഞ്ഞ ദിവസം മലപ്പുറം എടക്കരയില്‍ വന്‍ ലഹരി മരുന്നുവേട്ട നടന്നു. ബംഗളുരുവില്‍ നിന്ന് ഹാഷിഷ് ഓയിലും എം.ഡി.എം.എയും കടത്തുന്നതിനിടെ യുവതിയും സുഹൃത്തുമാണ് പൊലീസ് പിടിയിലായത്. കോഴിക്കോട് സ്വദേശികളായ ഷെഫീഖ്, സുബീന എന്നിവരാണ് എടക്കര പൊലീസിന്റെയും ഡാന്‍സാഫ് സംഘത്തിന്റെയും സംയുക്ത പരിശോധനയില്‍ പിടിയിലായത്. അര്‍ദ്ധരാത്രി 12 മണിയോടെയാണ് ഇരുവരും കാറില്‍ എടക്കരയിലെത്തിയത്. ബംഗളൂരുവില്‍ നിന്ന് വരുന്നതിനിടെയാണ് ഇവര്‍ എടക്കരയില്‍ ഇറങ്ങിയത്. സംശയം തോന്നി പൊലീസ് വാഹനം തടഞ്ഞുനിര്‍ത്തി നടത്തിയ പരിശോധനയിലാണ് 40 ഗ്രാം എം.ഡി.എം.എയും 77 ഗ്രാം ഹാഷിഷ് ഓയിലും ഇവരില്‍ നിന്ന് പിടിച്ചെടുത്തത്.

കാലില്‍ കെട്ടിവെച്ചാണ് സുബീന മയക്ക് മരുന്ന് കൊണ്ടുവന്നത്. കോഴിക്കോട് മലപ്പുറം ജില്ലകളിലേക്ക് വിതരണം ചെയ്യാനാണ് മയക്കുമരുന്ന് കൊണ്ടുവന്നതെന്നാണ് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായത്. ഇരുവരും മയക്കമുരുന്ന് ചില്ലറ വിതരണക്കാരാണ്. ബംഗളുരുവില്‍പോയി മൊത്തക്കച്ചവടക്കാരില്‍ നിന്ന് മയക്കുമരുന്ന് വാങ്ങി ഉയര്‍ന്ന വിലക്ക് ചില്ലറ വില്‍പ്പന നടത്തുന്നത് ഇവരുടെ പതിവാണെന്നാണ് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായത്. സമൂഹത്തില്‍ മാന്യമായി ജീവിക്കുന്നുവെന്ന് തോന്നിപ്പിക്കുന്ന കുടുംബങ്ങള്‍ പോലും ലഹരിക്കടത്ത് നടത്തി പണം സമ്പാദിക്കുന്ന സ്ഥിതിയാണുള്ളത്. എളുപ്പത്തില്‍ പണം സമ്പാദിക്കാനുള്ള മാര്‍ഗമായിട്ടാണ് പലരും ലഹരിക്കടത്തിനെ കാണുന്നത്. മുമ്പ് ചില സംഘങ്ങള്‍ മാത്രമായിരുന്നു മയക്കുമരുന്ന് കടത്ത് നടത്തിയിരുന്നത്. ഇപ്പോള്‍ ആര്‍ക്കും കച്ചവടം ചെയ്യാവുന്ന വസ്തുവായി ഇത് മാറി. ഗ്രാമങ്ങളില്‍ പോലും എം.ഡി.എം.എ. ഉള്‍പ്പെടെയുള്ള മയക്കുമരുന്ന് സുലഭമായിരിക്കുന്നു. പുതിയ തലമുറയില്‍ പെട്ട പലരും മയക്കുമരുന്നിനും കഞ്ചാവിനും അടിമകളായി തീര്‍ന്നിരിക്കുന്നു. ലഹരിമാഫിയകളുടെ അടിവേരറുക്കാതെ ഈ വിപത്തില്‍ നിന്നും മോചനം കിട്ടില്ല.

Similar News