പൊട്ടിവീഴുന്ന വൈദ്യുതി കമ്പികളും അനധികൃത വൈദ്യുതി വേലികളും മൂലമുള്ള മരണസംഖ്യ സംസ്ഥാനത്ത് വര്‍ധിച്ചുവരികയാണ്. കാഞ്ഞങ്ങാട് അടമ്പിലില്‍ അടക്ക പെറുക്കാനായി കൃഷിയിടത്തിലേക്ക് പോയ കര്‍ഷകന്‍ പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് മരിച്ച സംഭവമുണ്ടായത് കഴിഞ്ഞ ദിവസമാണ്. അനധികൃത വൈദ്യുതി വേലികളില്‍ തട്ടിയുള്ള മരണങ്ങളും വ്യാപകമാകുന്നു.
അനധികൃത വൈദ്യുത വേലികളില്‍ തട്ടി കേരളത്തില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ മരിച്ചവരുടെ എണ്ണം 24 ആണ്. മുന്‍ വര്‍ഷത്തെക്കാള്‍ അനധികൃത വൈദ്യുതിവേലി കാരണമുള്ള മരണനിരക്ക് ഈ വര്‍ഷം വര്‍ധിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു. മുന്‍വര്‍ഷം 16 പേരാണ് നിയമവിരുദ്ധമായി നിര്‍മ്മിച്ച വേലികാരണം മരണമടഞ്ഞത്.
കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മുതല്‍ ഈ വര്‍ഷം ഡിസംബര്‍ വരെ ഏറ്റവും കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് പാലക്കാടാണ്. 10 പേരാണ് ഇവിടെ അനധികൃത വൈദ്യുതിവേലി കാരണം മരണമടഞ്ഞത്. തൃശൂര്‍ അഞ്ച്, മലപ്പുറം മൂന്ന്. പത്തനംതിട്ടയില്‍ രണ്ട് പേരും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കണ്ണൂര്‍ എന്നിവിടങ്ങളില്‍ ഓരോരുത്തരും ഇങ്ങനെയുണ്ടായ അപകടത്തില്‍ മരിച്ചതായി സംസ്ഥാന ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. അതേസമയം വൈദ്യുതി അപകടങ്ങള്‍ മൂലം ആകെ 241പേര്‍ ഈ കാലയളവില്‍ മരിച്ചു. മുന്‍ വര്‍ഷത്തേക്കാള്‍ മരണനിരക്ക് ഗണ്യമായി വര്‍ധിച്ചു. കഴിഞ്ഞവര്‍ഷം 205 പേരാണ് ഇങ്ങനെ മരണമടഞ്ഞത്. മാരകമല്ലാത്ത പരിക്കുകള്‍ സംഭവിച്ചവരുടെ എണ്ണം 109ല്‍ നിന്ന് 140 ആയി ഉയര്‍ന്നു.
വന്യജീവി ആക്രമണങ്ങളില്‍ നിന്ന് കൃഷിയിടത്തെ രക്ഷിക്കാനായി കര്‍ഷകര്‍ സ്ഥാപിച്ച അനധികൃത വേലികളായിരുന്നു ഇവയില്‍ ഏറിയ പങ്കും. ശാസ്ത്രീയവും സുരക്ഷിതവും നിയമപരവുമായ വൈദ്യുതി വേലികള്‍ സ്ഥാപിച്ചിരുന്നെങ്കില്‍ ആളപായങ്ങള്‍ ഒഴിവാക്കാമായിരുന്നു. പതിനായിരം രൂപ മുടക്കി ഐ.എസ്.ഐ. അംഗീകാരമുള്ള 'ഫെന്‍സ് എനര്‍ജൈസര്‍' എന്നൊരു ഉപകരണം ഘടിപ്പിച്ചാല്‍ ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും. ആളപായവുമുണ്ടാകില്ല, മൃഗശല്യവും തടയാന്‍ കഴിയും.
നിയമപ്രകാരം വൈദ്യുതവേലികള്‍ക്ക് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റിന്റെ മുന്‍കൂര്‍ അനുമതി നിര്‍ബന്ധമാണ്. ഫെന്‍സ് എനര്‍ജൈസര്‍ വൈദ്യുതിയെ അതിന്റെ തുടര്‍ച്ച മുറിച്ച് ഉയര്‍ന്ന വോള്‍ട്ടേജിലുള്ള പള്‍സുകളായാണ് വേലിയില്‍ കൂടി കടത്തിവിടുക. തുടര്‍ച്ചയായി വൈദ്യുതി പ്രവഹിക്കുന്ന വേലിയുമായി സ്പര്‍ശനം ഉണ്ടായാല്‍ അത് മരണകാരണമാകും. എന്നാല്‍ പള്‍സുകളായി ഇടവിട്ട് വൈദ്യുതി പ്രവഹിക്കുമ്പോള്‍ വേലിയില്‍ പിടിച്ചാല്‍ ശക്തിയായൊരു തട്ട് കിട്ടിയത് പോലെ തെറിച്ച് മാറുകയാവും സംഭവിക്കുക. അതിനാല്‍ മൃഗശല്യം തടയാനും കഴിയും.
അനധികൃത വേലികളുടെ പ്രശ്‌നം അടുത്തിടെ ഉന്നതതല സമിതി ചര്‍ച്ച ചെയ്തിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍, അനധികൃത വേലികള്‍ കണ്ടെത്തുന്നതിനും തടയുന്നതിനുമായി സൂക്ഷ്മതല-സമിതികള്‍ രൂപീകരിക്കാന്‍ ഇലക്ട്രിക്കല്‍ ഇന്‍സ്പകടറേറ്റ് സര്‍ക്കാറിനോട് ശുപാര്‍ശ ചെയ്തിട്ടുണ്ട്. പൊട്ടിവീണ വൈദ്യുതി കമ്പികള്‍ യഥാസമയം നീക്കം ചെയ്യാത്തത് ദുരന്തങ്ങള്‍ ക്ഷണിച്ചുവരുത്തുകയാണ്. ഇക്കാര്യത്തിലുള്ള അനാസ്ഥ അവസാനിപ്പിച്ചേ മതിയാകൂ.