വി.എസ്. ജ്വലിക്കുന്ന രണ്ടക്ഷരം

By :  Sub Editor
Update: 2025-07-22 09:23 GMT

മുന്‍ കേരള മുഖ്യമന്ത്രിയും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വി.എസ് അച്യുതാനന്ദന്‍ വിടവാങ്ങിയിരിക്കുന്നു. എന്നാല്‍ അദ്ദേഹം തലമുറകള്‍ക്ക് പകര്‍ന്നുനല്‍കിയ സന്ദേശങ്ങളും മാതൃകകളും കാലങ്ങള്‍ക്കും അതീതമാണ്. പാടത്തും പറമ്പിലും പണിയെടുക്കുന്നവര്‍ക്ക് വേണ്ടി മാത്രമല്ല, നീതിനിഷേധിക്കപ്പെട്ടവര്‍ക്കുവേണ്ടിയെല്ലാം പോരാടിയ സമരചരിത്രമായിരുന്നു വി.എസിന്റേത്. ബ്രിട്ടീഷ് സാമ്രാജ്യത്വത്ത്വത്തിനും ജന്മി നാടുവാഴിത്വത്തിനും ജാതീയ ഉച്ചനീചത്വങ്ങള്‍ക്കും മനുഷ്യാവകാശലംഘനങ്ങള്‍ക്കുമെതിരെ ഉശിരോടെ പോരാടിയ പോരാളിയാണ് വി.എസ്. പാര്‍ട്ടിക്കകത്തും പുറത്തുമുള്ള തെറ്റായ പ്രവണതകളെ ഒരുപോലെ എതിര്‍ത്തുകൊണ്ടാണ് വി.എസ് കേരള രാഷ്ട്രീയത്തിലെ അതികായനായി മാറിയതെന്നതാണ് വസ്തുത. വര്‍ഗപരമായ നിലപാടിലും കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിലും അണുവിട പോലും വെള്ളം ചേര്‍ക്കാന്‍ അനുവദിക്കാത്ത കര്‍ക്കശക്കാരനായ നേതാവായിരുന്നതിനാല്‍ അദ്ദേഹത്തിന് കൂടുതല്‍ എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നതും പാര്‍ട്ടിക്കുള്ളില്‍ നിന്നായിരുന്നു. എന്നാല്‍ ഒരു ഒറ്റയാനായി പൊരുതി മുന്നേറിയാണ് വി.എസ് കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നടന്നുകയറിയത്. ഉദ്യോഗസ്ഥ തലത്തിലുള്ള അഴിമതികള്‍ക്കെതിരെയും റിയല്‍ എസ്റ്റേറ്റ് മാഫിയകളുടെ കയ്യേറ്റങ്ങള്‍ക്കെതിരെയും ഇത്രയും ശക്തമായ നിലപാടെടുത്ത മറ്റൊരു മുഖ്യമന്ത്രിയെ കേരളം കണ്ടിരുന്നില്ല. വീടില്ലാത്തവര്‍ക്ക് വീട് നല്‍കുന്ന ഇ.എം.എസ് ഭവനപദ്ധതിയിലൂടെയാണ് വി.എസ് കൂടുതല്‍ ജനകീയനായി മാറിയത്. ഈ പദ്ധതിവഴി കേരളത്തിലെ ലക്ഷക്കണക്കിനാളുകള്‍ക്ക് വീട് ലഭിച്ചിരുന്നു. പ്രായാധിക്യത്തിലും കാടും മലയും താണ്ടി ഭൂമാഫിയകളുടെ കയ്യേറ്റങ്ങളെ ചെറുത്ത വി.എസിന്റെ മുഖം ഇപ്പോഴും എല്ലാവരുടെയും മനസിലുണ്ടാകും. മതികെട്ടാന്‍ മലയിലൂടെ വി.എസ് നടത്തിയ സാഹസികയാത്ര ഭൂമാഫിയക്കെതിരായ പോരാട്ടചരിത്രത്തിന്റെ ഭാഗം തന്നെയാണ്.

കാസര്‍കോട് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് വേണ്ടി നടത്തിയ പോരാട്ടങ്ങള്‍ നന്ദിയോടെയല്ലാതെ സ്മരിക്കാനാവില്ല. കാസര്‍കോട് ജില്ലക്കാരായ പരിസ്ഥിതി പ്രവര്‍ത്തകരും പൊതുപ്രവര്‍ത്തകരുമൊക്കെ എന്‍ഡോസള്‍ഫാന്‍ മൂലം ദുരിതമനുഭവിക്കുന്നവര്‍ക്ക് വേണ്ടിയും എന്‍ഡോസള്‍ഫാന്‍ നിരോധിക്കുന്നതിന് വേണ്ടിയും സമരങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും ഈ വിഷയം രാജ്യ ശ്രദ്ധയിലേക്ക് കൊണ്ടുവരാന്‍ എളുപ്പത്തില്‍ സാധിച്ചത് വി.എസിന്റെ ഇടപെടലിലൂടെയാണ്. എന്‍ഡോസള്‍ഫാന്‍ എന്ന മാരകകീടനാശിനിയുടെ ഉപയോഗം മൂലം കാസര്‍കോട് ജില്ലയിലെ നൂറുകണക്കിന് ആളുകള്‍ കാന്‍സര്‍ രോഗത്തിനും മറ്റ് മാരകരോഗങ്ങള്‍ക്കും അടിമപ്പെടുകയും നൂറുകണക്കിനാളുകള്‍ മരണപ്പെടുകയും ചെയ്ത വിഷയം വി.എസ് അച്യുതാനന്ദന്‍ പ്രതിപക്ഷനേതാവായിരുന്നപ്പോഴാണ് നിയമസഭയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നത്. ഇതോടെ കാസര്‍കോട് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ വിരുദ്ധസമരം കൂടുതല്‍ കരത്താര്‍ജിക്കുകയും 2001ല്‍ എന്‍ഡോസള്‍ഫാന്‍ കീടനാശിനിയുടെ ഉപയോഗം നിരോധിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കുകയായിരുന്നു .എന്നാല്‍ 2002 ഫെബ്രുവരി 18ന് കൃഷിവകുപ്പ് സെക്രട്ടറി ഇറക്കിയ ഒരു ഉത്തരവിലൂടെ കേരളത്തില്‍ എന്‍ഡോസള്‍ഫാന്‍ ഉപയോഗത്തിന് മേലുള്ള നിരോധനം സര്‍ക്കാര്‍ പിന്‍വലിക്കുകയായിരുന്നു. കാസര്‍കോട്ടെ ഏതാനും പരിസ്ഥിതി പ്രവര്‍ത്തകര്‍ പ്രതിപക്ഷനേതാവിനെ ചെന്നുകണ്ട് എന്‍ഡോസള്‍ഫാന്‍ വിഷബാധ മൂലമുള്ള ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ വിവരിച്ചിരുന്നു. കശുമാവിന്‍തോട്ടങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ തളിക്കുന്നതിനെതിരെ ലീലാകുമാരിയമ്മ, വൈ.എസ് മോഹന്‍കുമാര്‍, ശ്രീപഡ്രെഎന്നിവരും മറ്റും രംഗത്തുവന്നിരുന്നെങ്കിലും ഇത് വലിയൊരു വിവാദവിഷയമായി ആ സമയത്ത് വളര്‍ന്നിരുന്നില്ല. സര്‍ക്കാരും രാഷ്ട്രീയപാര്‍ട്ടികളും എന്‍ഡോസള്‍ഫാന് അനുകൂലവുമായിരുന്നു. എന്‍ഡോസള്‍ഫാന്‍ എന്ന മാരകവിപത്തിനെക്കുറിച്ച് കാസര്‍കോട്ടെ പൊതുപ്രവര്‍ത്തകര്‍ വി.എസിനെ ബോധ്യപ്പെടുത്തുകയും തുടര്‍ന്ന് അദ്ദേഹം ദുരിതബാധിതപ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. എന്‍ഡോസള്‍ഫാന്‍ ഭീകരത നേരില്‍ ബോധ്യപ്പെട്ടതോടെ എന്‍ഡോസള്‍ഫാന്‍ വിരുദ്ധ പോരാട്ടത്തിന്റെ മുന്നണിപ്പോരാളിയായി അദ്ദേഹം മാറുകയായിരുന്നു. ഇതോടെ എന്‍ഡോസള്‍ഫാന്‍ ഇന്ത്യയൊട്ടാകെ ശ്രദ്ധിക്കപ്പെടുന്ന വിഷയമായി. എന്‍ഡോസള്‍ഫാന്‍ സമ്പൂര്‍ണ്ണമായി നിരോധിക്കപ്പെട്ടു. എന്‍ഡോസള്‍ഫാന്‍ ഇരകളോട് ഏറെ അനുഭാവവും അനുകമ്പയും കാണിച്ച മുഖ്യമന്ത്രിയായിരുന്നു വി.എസ്. കേരളത്തിന്റെ വിപ്ലവ സൂര്യന്റെ വേര്‍പാടിലുണ്ടായ ദുഖത്തില്‍ ഞങ്ങളും പങ്കുചേരുന്നു.

Similar News