കേരളത്തില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുകയാണ്. മുന്‍ വര്‍ഷങ്ങളെക്കാള്‍ ഇരട്ടിയാണ് ഇപ്പോള്‍ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍. ദാമ്പത്യത്തിലെ പൊരുത്തക്കേടുകള്‍, സ്ത്രീധനം, പ്രണയനിരാസം എന്നിവയുടെയൊക്കെ പേരില്‍ സ്ത്രീകള്‍ ഉപദ്രവിക്കപ്പെടുകയും കൊലചെയ്യപ്പെടുകയും ചെയ്യുന്നു. ലഹരി ഉപയോഗിക്കുന്ന പുരുഷന്മാരും സ്ത്രീ സുരക്ഷക്ക് ഭീഷണിയായി മാറുകയാണ്. ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്ക് അനുസരിച്ച് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ കുറ്റകൃത്യങ്ങളില്‍ അഞ്ചാം സ്ഥാനത്താണ് കേരളം. നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നുണ്ടെങ്കിലും പകുതിയോളം കേസുകളില്‍ മാത്രമാണ് കുറ്റവാളികള്‍ക്ക് ശിക്ഷ കിട്ടുന്നത്.
ദൈവത്തിന്റെ സ്വന്തം നാട് സ്ത്രീകള്‍ക്ക് എതിരായ കുറ്റകൃത്യങ്ങളുടെ കേന്ദ്രമായി മാറുന്നുവെന്നാണ് പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്. തിരുവനന്തപുരമാണ് കുറ്റകൃത്യങ്ങളുടെ കാര്യത്തിലും കേരളത്തിന്റെ തലസ്ഥാനം. മറ്റ് ജില്ലകളിലും സ്ത്രീകള്‍ക്കെതിരായ അക്രമങ്ങളുടെ കണക്ക് ഉയരുകയാണ്.
പൊലീസ് പരിശോധന കര്‍ശനമല്ലാത്തതും കേസുകള്‍ തീര്‍പ്പാക്കുന്നതിലെ കാലതാമസവുമാണ് സ്ത്രീകള്‍ക്ക് എതിരായ കുറ്റകൃത്യങ്ങള്‍ കൂടുന്നതിന് കാരണമായി വിലയിരുത്തുന്നത്. ലഹരി വസ്തുക്കളുടെ ഉപയോഗം മൂലമുള്ള പ്രശ്‌നങ്ങള്‍ വര്‍ധിക്കുന്നത് കുടുംബ ബന്ധങ്ങള്‍ തകരുന്നതിന് കാരണമാകുന്നു. കൂള്‍ എന്ന പേരിലുള്ള ലഹരി വസ്തു കുട്ടികളുടെ ഇടയില്‍ പോലും വ്യാപകമായി ലഭ്യമാകുന്നുണ്ട്. മദ്യപാനത്തേക്കാള്‍ മറ്റു ലഹരിവസ്തുക്കളുടെ ഉപയോഗം കൂടുതലായും കുടുംബജീവിതം തകര്‍ക്കാന്‍ കാരണമാകുന്നു. മയക്കുമരുന്നിന്റെയും കഞ്ചാവിന്റെയും ഉപയോഗം മൂലമുള്ള അതിക്രമങ്ങള്‍ക്ക് കൂടുതലും ഇരകളാകുന്നത് സ്ത്രീകളും കുട്ടികളുമാണ്.
ഇതിന് പുറമെയാണ് സ്ത്രീധനത്തിന്റെ പേരിലുള്ള പീഡനങ്ങള്‍. വിവാഹ സമയത്ത് ലഭിക്കുന്ന ഭൂസ്വത്ത് ഉള്‍പ്പെടെ എല്ലാ പാരിതോഷികങ്ങളും വധുവിന് മാത്രം അവകാശപ്പെട്ടതാണെന്ന ധാരണ പൊതുസമൂഹത്തിന് ഉണ്ടാകണം. ഭര്‍തൃവീട്ടുകാര്‍ക്ക് നല്‍കേണ്ടതാണെന്ന ധാരണയിലാണ് ഇതൊക്കെ നല്‍കുന്നത്. നല്‍കിക്കഴിഞ്ഞാല്‍ തന്നെ, പാരിതോഷികമായതുകൊണ്ട് സ്ത്രീധന നിരോധന നിയമത്തിന്റെ പരിധിയിലും വരുന്നില്ല. ഇത് തിരികെ കിട്ടാനുള്ള സാഹചര്യവും ഉണ്ടാകുന്നില്ല. അതിനാല്‍, വിവാഹ സമയത്ത് നല്‍കുന്ന എല്ലാ സ്വത്ത് വകകളും പെണ്‍കുട്ടിയുടെ കുടുംബജീവിതം സുഗമമാക്കുന്നതിന് നല്‍കുന്നതാണെന്ന ധാരണ, നല്‍കുന്ന ആളുകള്‍ക്കും ഭര്‍തൃവീട്ടുകാര്‍ക്കും ഉണ്ടാകണം. ഇതുസംബന്ധിച്ച് നല്ല ബോധവല്‍ക്കരണം പൊതുസമൂഹത്തിന് അനിവാര്യമാണ്. വിവാഹ സമയത്ത് പാരിതോഷികമായി നല്‍കുന്ന സ്വത്തുവകകള്‍, ആഭരണങ്ങള്‍ തുടങ്ങിയവ സംബന്ധിച്ച് രേഖ ഉണ്ടാക്കി സൂക്ഷിക്കുന്നത് ഉചിതമായിരിക്കും.