EDITORIAL | ഞെട്ടിപ്പിക്കുന്ന ആത്മഹത്യാ നിരക്കുകള്‍

By :  Sub Editor
Update: 2025-03-28 08:58 GMT

കേരളത്തില്‍ ആത്മഹത്യകള്‍ ചെയ്യുന്നവരുടെ എണ്ണം കൂടിക്കൂടി വരികയാണ്. കോവിഡിന് ശേഷമുള്ള ജീവിതസാഹചര്യങ്ങള്‍ ആത്മഹത്യാ പ്രവണതക്ക് ആക്കം കൂട്ടിയിട്ടുണ്ടെന്നതാണ് വസ്തുത. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ഭൂരിഭാഗം ആത്മഹത്യകള്‍ക്കും കാരണമാകുന്നത്. കോവിഡ് കാരണം ജോലി നഷ്ടമായവരില്‍ പലര്‍ക്കും സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ സാധിച്ചിട്ടില്ല. വീട് നിര്‍മ്മാണത്തിനും കാര്‍ഷിക ആവശ്യങ്ങള്‍ക്കും മറ്റുമായി ബാങ്കില്‍ നിന്നും ലക്ഷങ്ങള്‍ വായ്പയെടുത്തവര്‍ക്ക് കോവിഡ് കാലത്ത് തിരിച്ചടക്കാന്‍ കഴിയാത്ത അവസ്ഥ വന്നുചേര്‍ന്നിരുന്നു. മുമ്പ് കൃത്യമായി ലോണടച്ചിരുന്നവര്‍ക്ക് പോലും കോവിഡ് കാലത്ത് അത് തുടരാന്‍ സാധിച്ചിട്ടില്ല. കോവിഡ് ഭീതി അകന്നെങ്കിലും പഴയ സാമ്പത്തിക സ്ഥിതിയിലേക്ക് തിരിച്ചുവരാന്‍ ഒട്ടുമിക്ക ആളുകള്‍ക്കും സാധിച്ചിട്ടില്ല. മുതലും പലിശയും കൂട്ടുപലിശയുമൊക്കെയായി വന്‍ സാമ്പത്തിക ബാധ്യതയാണ് ഇതുമൂലമുണ്ടായത്. ബാങ്കുകളുടെയും മറ്റ് ധനകാര്യസ്ഥാപനങ്ങളുടെയും ജപ്തി ഭീഷണികള്‍ കൂടി ഉണ്ടായതോടെ കുടുംബങ്ങളില്‍ കൂട്ട ആത്മഹത്യകള്‍ സംഭവിക്കുകയാണ്. ഉത്തരവാദിത്വം നിറവേറ്റാന്‍ കഴിയാത്തതിലുള്ള വിഷമത്തില്‍ ഒറ്റയ്ക്ക് ജീവനൊടുക്കുന്നവരുടെ എണ്ണവും ഏറെയാണ്. കുടുംബപ്രശ്നങ്ങള്‍ മൂലമുള്ള ആത്മഹത്യകളും വര്‍ധിക്കുകയാണ്. ഇതില്‍ പ്രത്യേകം എടുത്തുപറയേണ്ട കാര്യം വിവാഹിതരായ പുരുഷന്മാര്‍ ജീവനൊടുക്കുന്ന സംഭവങ്ങള്‍ വര്‍ധിക്കുന്നുവെന്നതാണ്. കുടുംബപ്രശ്‌നങ്ങള്‍മൂലം സ്ത്രീകളുടെ ആത്മഹത്യാനിരക്ക് മുന്നില്‍ തന്നെയാണെങ്കിലും സമീപകാലത്തായി വിവാഹിതരായ പുരുഷന്മാരുടെ എണ്ണവും വര്‍ധിക്കുന്നുവെന്നത് ഞെട്ടിപ്പിക്കുന്ന വസ്തുതയാണ്.

സ്റ്റേറ്റ് ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ കണക്ക് പ്രകാരം സംസ്ഥാനത്തെ ആത്മഹത്യാനിരക്ക് ഭയപ്പെടുത്തുന്നതാണ്. കഴിഞ്ഞ വര്‍ഷം 10,779 പേരാണ് സംസ്ഥാനത്ത് ആത്മഹത്യ ചെയ്തത്. ഈ വര്‍ഷം മാര്‍ച്ച് വരെയുള്ള രണ്ടരമാസത്തിനുള്ളില്‍ 1785 പേരാണ് ആത്മഹത്യ ചെയ്തത്. കേരളത്തില്‍ പ്രതിദിനം 30 ആത്മഹത്യകളും 600 ആത്മഹത്യാ ശ്രമങ്ങളും നടക്കുന്നുണ്ട്. ദേശീയ ആത്മഹത്യാ നിരക്ക് ഒരു ലക്ഷം പേരില്‍ 13 എന്ന നിരക്കില്‍ മാത്രമാണ്. എന്നാല്‍ കേരളത്തില്‍ 28ന് മുകളിലാണ്. ഇതില്‍ നിന്നുതന്നെ കേരളത്തിലെ ആത്മഹത്യാ നിരക്ക് എത്ര കൂടുതലാണെന്നത് വ്യക്തമാണ്. വയോധികര്‍, യുവാക്കള്‍, യുവതികള്‍, കൗമാരക്കാര്‍, കുട്ടികള്‍ തുടങ്ങി വിവിധ പ്രായങ്ങളിലുള്ളവരിലെല്ലാം ആത്മഹത്യാ പ്രവണത കൂടുകയാണ്. മദ്യം, മയക്കുമരുന്ന്, കഞ്ചാവ് തുടങ്ങിയ ലഹരികളുടെ ഉപയോഗം കൂടിയതും ആത്മഹത്യകള്‍ പെരുകാന്‍ ഇടവരുത്തുന്നുണ്ട്. അമിതമായി ലഹരിക്കടിമകളാകുന്നവരില്‍ പിന്നീട് കൂടുതല്‍ മാനസിക പ്രശ്നങ്ങളും വിഷാദരോഗവുമുണ്ടാകുന്നു. ഓണ്‍ലൈന്‍ ഗെയിമുകളില്‍ കുടുങ്ങുന്നവരും ആത്മഹത്യ ചെയ്യുന്നു. ആത്മഹത്യ ചെയ്യാനുള്ള വസ്തുക്കളുടെ ലഭ്യത കുറച്ചും ആത്മഹത്യാ പ്രതിരോധ പരിപാടികള്‍ സംഘടിപ്പിച്ചും മാനസികരോഗമുള്ളവരെ നേരത്തെ കണ്ടെത്തി ചികിത്സിച്ചും ഈ പ്രവണതകള്‍ നിയന്ത്രിക്കേണ്ടത് അനിവാര്യം തന്നെയാണ്.

Similar News