കാസര്‍കോട് ജില്ലയില്‍ ദേശീയ-സംസ്ഥാനപാതകള്‍ നിറയെ കുഴികളാണ്. കുഴികള്‍ കാരണം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ഇതിനകം നിരവധി അപകടങ്ങള്‍ സംഭവിച്ചുകഴിഞ്ഞു. കുഴികള്‍ കാരണം ജീവന്‍ നഷ്ടമായവരുമേറെ. നിരവധിപേര്‍ മരണപ്പെട്ടിട്ടും അധികൃതര്‍ നിസംഗതയില്‍ തന്നെയാണെന്നതാണ് ദുഃഖകരമായ വസ്തുത. ദേശീയപാതയില്‍ ചെര്‍ക്കളം ഭാഗത്ത് നിറയെ കുഴികളാണ്. തകര്‍ന്ന് തരിപ്പണമായ റോഡിലൂടെയുള്ള വാഹനയാത്ര അതീവ ദുഷ്‌ക്കരവും അപകടം നിറഞ്ഞതുമാണ്. ചെര്‍ക്കളയില്‍ മാത്രമല്ല ജില്ലയിലെ പല ഭാഗങ്ങളിലും ദേശീയപാതയില്‍ കുഴികളുണ്ട്. ചെറുവത്തൂരിലും ബേവിഞ്ചയിലും മണ്ണിടിച്ചില്‍ തുടരുന്നതിനാല്‍ ഈ ഭാഗത്തുകൂടിയുള്ള യാത്രയും വെല്ലുവിളികള്‍ നിറഞ്ഞതാണ്. കാസര്‍കോട്-കാഞ്ഞങ്ങാട് സംസ്ഥാനപാതയിലെ ദുരിതത്തിന് ഉടന്‍ പരിഹാരം വേണമെന്ന ഹര്‍ജിയില്‍ പൊതുമരാമത്ത് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി നോട്ടീസ് അയച്ചിരുന്നു. അഡ്വ. എ. രാധാകൃഷ്ണന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് നോട്ടീസ് നല്‍കിയത്. കാസര്‍കോട് ചന്ദ്രഗിരിപ്പാലം റോഡ് ജംഗ്ഷന്‍ മുതല്‍ കാഞ്ഞങ്ങാട് വരെ 339 കുഴി ഉണ്ടെന്ന് പരാതിയില്‍ ബോധിപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ മഴക്കാലത്തിന് ശേഷം റോഡിന്റെ സ്ഥിതി വളരെ പരിതാപകരമാണ്. കുഴികളില്‍ വീണ് പരിക്കേറ്റവരുമേറെ. ഇന്ധന നഷ്ടം, വാഹനങ്ങള്‍ക്ക് തകരാര്‍, ആരോഗ്യ നഷ്ടം തുടങ്ങിയവ ഉണ്ടാകുന്നത് തടയണമെന്ന് ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു. കാസര്‍കോട് ട്രാഫിക് സര്‍ക്കിള്‍, ചന്ദ്രഗിരിപ്പാലം റോഡ്, ചന്ദ്രഗിരിപ്പാലം, ചെമ്മനാട്, ചളിയങ്കോട്, മേല്‍പ്പറമ്പ്, കളനാട്, തൃക്കണ്ണാട്, ബേക്കല്‍, ചാമുണ്ഡിക്കുന്ന് തുടങ്ങിയ പ്രദേശങ്ങളിലെല്ലാം വാഹനങ്ങളെ വീഴ്ത്തുന്ന ചെറുചെറുതും വലുതുമായ കുഴികളാണുള്ളത്. ആവശ്യമായ ഫണ്ട് അനുവദിക്കാത്തതാണ് അറ്റകുറ്റപ്പണി ചെയ്യാന്‍ കഴിയാത്തതെന്ന് അധികൃതര്‍ പറയുന്നു. പ്രതിഷേധമുയരുമ്പോള്‍ മാത്രം പേരിന് കുഴിയടക്കുന്ന ജോലികള്‍ മാത്രമാണ് നടക്കുന്നത്. ഒരു മഴ പെയ്താല്‍ വീണ്ടും കുഴി രൂപപ്പെടുന്നു. കുഴികള്‍ നിറഞ്ഞ റോഡിലൂടെയുള്ള വാഹനയാത്ര ഏത് സമയത്തും അപകടം നിറഞ്ഞത് തന്നെയാണ്. അപകടം സംഭവിക്കുമ്പോള്‍ വാഹനങ്ങള്‍ ഒടിക്കുന്നവര്‍ക്കെതിരെ മാത്രമാണ് കേസെടുക്കുന്നത്. റോഡിന്റെ തകര്‍ച്ചക്ക് കാരണക്കാരാകുന്ന കരാറുകാര്‍ നിയമത്തിന് മുന്നില്‍ വരാറില്ല. ചില ഉദ്യോഗസ്ഥരും ഒരു വിഭാഗം കരാറുകാരും ചേര്‍ന്ന് നടത്തുന്ന അഴിമതിയും ഒത്തുകളിയും റോഡുകളുടെ തകര്‍ച്ചക്കുള്ള പ്രധാന കാരണങ്ങളാണ്. മനുഷ്യജീവനുകളെ മരണത്തിലേക്ക് തള്ളിവിടുന്ന കുഴികള്‍ നികത്താന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചേ മതിയാകൂ. യാത്രക്കാരുടെ ജീവന്റെ സുരക്ഷിതത്വം നാട് ഭരിക്കുന്നവരുടെ ഉത്തരവാദിത്വമാണെന്ന വസ്തുത മറക്കരുത്.