നിറയട്ടെ നന്മകള്‍

Update: 2026-01-01 10:52 GMT

2026 പിറന്നിരിക്കുകയാണ്. ലോകം പുതുവത്സരത്തിന്റെ നിറവിലാണ്. കഴിഞ്ഞ കാലങ്ങളിലെ അനുഭവങ്ങളില്‍ നിന്നും പാഠം ഉള്‍ക്കൊണ്ട് ജീവിതം കൂടുതല്‍ മെച്ചപ്പെടുത്താനും പ്രതിസന്ധികളെയും വെല്ലുവിളികളെയും കൂടുതല്‍ കരുത്തോടെ നേരിടാനും സ്നേഹവും സൗഹാര്‍ദ്ദവും ഊട്ടിയുറപ്പിക്കാനും പുതിയ വര്‍ഷത്തില്‍ സാധിക്കണം. ഓരോ പുതുവര്‍ഷവും നമുക്ക് മുന്നില്‍ പുതിയ പ്രതീക്ഷകളും സാധ്യതകളും തുറന്നിടുന്നു. കഴിഞ്ഞുപോയ വര്‍ഷത്തിലെ നേട്ടങ്ങളെയും പാഠങ്ങളെയും ഓര്‍മ്മിച്ചുകൊണ്ട്, പുതിയൊരു പ്രഭാതത്തിലേക്ക് ഉണരുന്നത് പോലെയാണ് ഓരോ പുതുവര്‍ഷവും കടന്നുവരുന്നത്. കാലത്തിന്റെ ഒഴുക്കില്‍ ഒരു വര്‍ഷം കൂടി പിന്നിട്ട്, പുതിയൊരു അധ്യായം ആരംഭിക്കുമ്പോള്‍ നമ്മുടെ മനസില്‍ നിറയെ ശുഭാപ്തിവിശ്വാസവും പുതിയ സ്വപ്‌നങ്ങളും പ്രതിജ്ഞകളുമായിരിക്കും. കുടുംബത്തോടും സുഹൃത്തുക്കളോടും ഒപ്പം ഒത്തുചേരുകയും ഓര്‍മ്മകള്‍ പങ്കുവെക്കുകയും ചെയ്യുന്നതിന്റെ സമയം കൂടിയാണ് പുതുവര്‍ഷം. വെടിക്കെട്ടുകളും ദീപാലങ്കാരങ്ങളും സംഗീതവും നൃത്തവും ഈ ആഘോഷത്തിന് മാറ്റ് കൂട്ടുന്നു. ജീവിതത്തിലെ പ്രതിസന്ധികളെ നേരിടാനും പുതിയ വെല്ലുവിളികളെ പുഞ്ചിരിയോടെ സ്വീകരിക്കാനുമുള്ള ഊര്‍ജ്ജം ഈ ആഘോഷങ്ങള്‍ നമുക്ക് നല്‍കുന്നു. ഓരോ വ്യക്തിയുടെയും ജീവിതത്തില്‍ പുതിയ തുടക്കങ്ങള്‍ അത്യാവശ്യമാണ്. പുതുവര്‍ഷം അത്തരം തുടക്കങ്ങള്‍ക്ക് ഒരു ഊര്‍ജ്ജം നല്‍കുന്നു.

കഴിഞ്ഞ വര്‍ഷം എന്തു സംഭവിച്ചാലും, പുതിയ വര്‍ഷം നമ്മെ കാത്തിരിക്കുന്ന അവസരങ്ങളെ പ്രയോജനപ്പെടുത്താനും നല്ല മാറ്റങ്ങള്‍ വരുത്താനും നമ്മെ പ്രേരിപ്പിക്കുന്നു. പുതുവര്‍ഷം എന്നത് കേവലം ഒരു തിയതി മാറ്റം മാത്രമല്ല. അത് സ്വന്തം ജീവിതത്തെ വിലയിരുത്താനും മെച്ചപ്പെടുത്താനുമുള്ള ഒരവസരം കൂടിയാണ്. പുതിയ ലക്ഷ്യങ്ങള്‍ വെക്കാനും പഴയ തെറ്റുകള്‍ തിരുത്താനും ആരോഗ്യം, ബന്ധങ്ങള്‍, തൊഴില്‍ തുടങ്ങിയ മേഖലകളില്‍ പുതിയ സമീപനങ്ങള്‍ സ്വീകരിക്കാനുമുള്ള ഒരു പ്രചോദനമാണിത്. നാട്ടില്‍ പുരോഗതിയും അഭിവൃദ്ധിയും സന്തോഷവും സമാധാനവും എന്നും കളിയാടണമെന്നാണ് ആഗ്രഹമെങ്കിലും പ്രശ്‌നങ്ങളും ദുരന്തങ്ങളും ജീവിതത്തിന്റെ ഭാഗം കൂടിയായതിനാല്‍ അവയില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ സാധിക്കില്ല. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും വില്‍പ്പനയും ഉപയോഗവും വര്‍ധിച്ചുവരികയാണ്. അതുമൂലമുള്ള അക്രമങ്ങളും കൊലപാതകങ്ങളും മറ്റ് ക്രമസമാധാന പ്രശ്നങ്ങളും നിലനില്‍ക്കുന്നു. രാജ്യത്ത് ജാതിയുടെയും മതത്തിന്റെയും വംശത്തിന്റെയും ഭാഷയുടെയും ഒക്കെ പേരില്‍ കൊലപാതകങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നു. ഭേദചിന്തകള്‍ കൂടുകൂട്ടുന്ന മനസുകള്‍ പൈശാചികപ്രവൃത്തികള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. മനുഷ്യര്‍ പരസ്പരം സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന ഇടങ്ങളാണ് വളരേണ്ടത്. പുതുവര്‍ഷം നന്മകള്‍ കൊണ്ട് നിറയട്ടെ എന്ന് പ്രത്യാശിക്കാം.

Similar News