സംസ്ഥാനത്ത് കുട്ടികള്‍ ആത്മഹത്യ ചെയ്യുന്ന സംഭവങ്ങള്‍ ഭയാനകമായ വിധത്തില്‍ വര്‍ധിക്കുകയാണ്. കാസര്‍കോട് ജില്ലയില്‍ മാത്രം കഴിഞ്ഞ 10 ദിവസത്തിനുള്ളില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ് ജീവനൊടുക്കിയത്. ഇവരെല്ലാം പതിനഞ്ചും അതിന് താഴെയും പ്രായമുള്ളവരാണ്. പഠനസംബന്ധമായ കടുത്ത മാനസിക സമ്മര്‍ദ്ദങ്ങള്‍, കഠിനമായ ശിക്ഷാനടപടികള്‍, ശാരീരികമോ ലൈംഗികമോ ആയ പീഡനങ്ങള്‍, നല്ല വ്യക്തിബന്ധങ്ങളുടെ അഭാവം മുതലായവ കുട്ടികളെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നു.
മാതാപിതാക്കളുടെ വഴിപിരിയല്‍, കുടുംബാംഗങ്ങളുടെ മരണം, നിരന്തരമുള്ള കുടുംബകലഹങ്ങള്‍ തുടങ്ങിയവയും അവരില്‍ ആത്മഹത്യാചിന്തകളുടെ വിത്തുപാകിയേക്കാം. തക്കതായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാനും വൈഷമ്യങ്ങള്‍ തുറന്ന് ചര്‍ച്ചചെയ്യാനും മുതിര്‍ന്നവര്‍ ആരും ലഭ്യമല്ലാത്ത അവസ്ഥയും ആത്മഹത്യാസാദ്ധ്യത വര്‍ധിപ്പിച്ചേക്കാം. ആത്മഹത്യയെക്കുറിച്ച് വായിക്കുകയോ, ആത്മഹത്യാവാര്‍ത്തകള്‍ കേള്‍ക്കുകയോ, നേരിട്ടോ ദൃശ്യമാധ്യമങ്ങളിലൂടെയോ ആത്മഹത്യകള്‍ കാണുകയോ ചെയ്താല്‍ ആത്മഹത്യാരീതികള്‍ അനുകരിച്ചുനോക്കാനുള്ള പ്രവണത ചില കുട്ടികളില്‍ കാണാറുണ്ട്. പ്രണയനൈരാശ്യത്തെ തുടര്‍ന്ന് സ്വയം വെടിവെച്ചുമരിക്കുന്ന നായകന്റെ കഥ പറഞ്ഞ ഗഥേയുടെ 'ദി സോറോസ് ഓഫ് യങ്ങ് വെര്‍തര്‍' എന്ന നോവല്‍ വായിച്ച് പത്തൊമ്പതാം നൂറ്റാണ്ടില്‍ അനേകം കൗമാരപ്രായക്കാര്‍ ആത്മഹത്യ ചെയ്തതാണ് ഇത്തരത്തിലുള്ള ആദ്യ പ്രധാനസംഭവം. മാധ്യമങ്ങളുടെ സ്വാധീനം മൂലമുള്ള ആത്മഹത്യകള്‍ 'വെര്‍തര്‍ എഫക്റ്റ്' എന്നാണ് ഇന്നും അറിയപ്പെടുന്നത്.
വസ്തുതാപരമായ വിവരങ്ങളുള്ള ആത്മഹത്യാവാര്‍ത്തകളല്ല, മറിച്ച് പൈങ്കിളിവല്‍ക്കരിക്കപ്പെട്ട വിവരണങ്ങളുള്ളവയാണ് പ്രധാനമായും ഇത്തരം അനുകരണങ്ങള്‍ക്ക് വഴിവെക്കുന്നത്.
ആത്മഹത്യ ചെയ്യുന്ന കുട്ടികളില്‍ 75 ശതമാനവും അക്കാര്യം അടുപ്പമുള്ളവരോട് മുന്‍കൂട്ടി പറയാറുണ്ട്. അതുകൊണ്ട് ഇത്തരം സൂചനകളെ ഒരിക്കലും അവഗണിക്കരുത്. അകാരണമായ നിരാശയും ദേഷ്യവും ഉറക്കക്കുറവ്, വിശപ്പില്ലായ്മ, മെലിച്ചില്‍, തളര്‍ച്ച, നെഞ്ചിടിപ്പ്, ശ്രദ്ധക്കുറവ്, മറവി, വിനോദങ്ങളില്‍ താല്‍പര്യമില്ലായ്മ, അസ്ഥാനത്തുള്ള കുറ്റബോധം, ആത്മവിശ്വാസക്കുറവ്, മരണചിന്തകള്‍, ശുഭാപ്തി വിശ്വാസമില്ലായ്മ തുടങ്ങിയവ കുട്ടികളെ വിഷാദരോഗത്തിലേക്കെത്തിക്കും. ഇതില്‍ നാലിലേറെ ലക്ഷണങ്ങള്‍ രണ്ടാഴ്ചയിലേറെ നീണ്ടുനില്‍ക്കുന്നുണ്ടെങ്കില്‍ അത് സാഹചര്യം വിദഗ്ദ്ധസഹായം അര്‍ഹിക്കുന്നത്ര ഗൗരവമുള്ളതാണ് എന്നതിന്റെ സൂചനയാണ്.
പഠനനിലവാരത്തില്‍ പെട്ടെന്നുള്ള തകര്‍ച്ച, മദ്യം, ലഹരിപദാര്‍ത്ഥങ്ങള്‍ തുടങ്ങിയവയുടെ അമിതമായ ഉപയോഗം, അപകടം പിടിച്ച കാര്യങ്ങള്‍ ചെയ്യാനുള്ള പുതിയ പ്രവണത, ആത്മഹത്യാരീതികളെപ്പറ്റിയുള്ള അന്വേഷണങ്ങള്‍ എന്നിവയൊക്കെ കുട്ടികളെ മരണത്തിലേക്കെത്തിക്കും.
അധ്യാപകര്‍, ആരോഗ്യപ്രവര്‍ത്തകര്‍, മതപണ്ഡിതര്‍ തുടങ്ങിയവര്‍ ആത്മഹത്യാസാദ്ധ്യതയുള്ള കുട്ടികളെ തിരിച്ചറിയുന്നതെങ്ങനെ, അങ്ങനെ തിരിച്ചറിയപ്പെടുന്ന കുട്ടികള്‍ക്ക് വിദഗ്ദ്ധസഹായം ലഭ്യമാക്കേണ്ടതെവിടെ തുടങ്ങിയ വിഷയങ്ങളില്‍ പരിശീലനം നേടുന്നത് ഫലപ്രദമാണ്. ആത്മഹത്യാ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെപ്പറ്റി മാധ്യമപ്രവര്‍ത്തകര്‍ അവബോധം നേടുന്നതും നല്ലതാണ്. മദ്യം, ലഹരിപദാര്‍ത്ഥങ്ങള്‍ തുടങ്ങിയവയുടെ ലഭ്യത നിയന്ത്രിക്കാനുള്ള നടപടികളും പ്രസക്തമാണ്.