ട്രെയിന്‍ യാത്രക്കാര്‍ നേരിടുന്ന ദുരിതങ്ങള്‍ക്ക് പരിഹാരം കാണാന്‍ താല്‍പ്പര്യം കാണിക്കാത്ത റെയില്‍വെ ട്രെയിന്‍ യാത്രാനിരക്ക് കുത്തനെ ഉയര്‍ത്തിയത് വ്യാപകമായ പ്രതിഷേധത്തിന് കാരണമായിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം ട്രയിന്‍ യാത്രാനിരക്ക് കൂട്ടിയിരുന്നു. വീണ്ടും നിരക്ക് വര്‍ധനവ് ഏര്‍പ്പെടുത്തിയത് ട്രെയിന്‍ യാത്രക്കാര്‍ക്ക് അധിക ബാധ്യതയാവുകയാണ്. പുതിയ നിരക്ക് 2025 ഡിസംബര്‍ 26 മുതലാണ് പ്രാബല്യത്തില്‍ വരുന്നത്. എസി ക്ലാസുകളിലും മെയില്‍/എക്സ്പ്രസ് നോണ്‍-എസി കോച്ചുകളിലും കിലോമീറ്ററിന് 2 പൈസയും ഓര്‍ഡിനറി ക്ലാസില്‍ 215 കിലോമീറ്ററിന് ശേഷം ഒരു പൈസയും വര്‍ധിക്കും. സബര്‍ബന്‍ ട്രെയിനുകള്‍ക്കും പ്രതിമാസ സീസണ്‍ ടിക്കറ്റുകള്‍ക്കും നിരക്ക് ബാധകമല്ല. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ നിരക്ക് വര്‍ധനയിലൂടെ 700 കോടി രൂപയുടെ അധിക വരുമാനം റെയില്‍വെ നേടിയിരുന്നു. നോണ്‍ എസിക്ക് മൂന്ന് യാത്രാ സ്ലാബുകളിലായി പരമാവധി 15 രൂപയാണ് അന്ന് വര്‍ധിപ്പിച്ചിരുന്നത്. നോണ്‍ എസിയില്‍ ഫസ്റ്റ് ക്ലാസ്, സെക്കന്റ് ക്ലാസ്, സ്ലീപ്പര്‍ കിലോമീറ്ററിന് അരപൈസയായിരുന്നു വര്‍ധന. എല്ലാ നോണ്‍ എസി മെയില്‍ എക്‌സ്പ്രസ്, മെയില്‍ എക്‌സ്പ്രസ് ട്രെയിനുകള്‍ക്കും കിലോമീറ്ററിന് ഒരു പൈസവീതവും എസിക്ക് രണ്ടുപൈസവീതവും വര്‍ധിപ്പിച്ചിരുന്നു. കാര്‍ഗോ നിരക്കും വൈകാതെ വര്‍ധിപ്പിച്ചേക്കുമെന്നാണ് അറിയുന്നത്. 2024-25 സാമ്പത്തിക വര്‍ഷം 2,63,000 കോടി രൂപയാണ് ചെലവെന്നും നിരക്ക് വര്‍ധിപ്പിച്ച് ഇതില്‍ ആശ്വാസം കണ്ടെത്താമെന്നുമാണ് റെയില്‍വേയുടെ ന്യായം. കോവിഡ് കാലത്ത് മുതിര്‍ന്ന പൗരര്‍ക്കുള്ള യാത്ര ഇളവ് നിര്‍ത്തലാക്കി 9,000 കോടി രൂപ കൈക്കലാക്കിയിരുന്നു. മഹാമാരി ഒഴിഞ്ഞിട്ടും യാത്ര ഇളവ് പുന:സ്ഥാപിച്ചിട്ടില്ല.
ട്രെയിനുകളിലെ കോച്ചുകള്‍ വെട്ടിക്കുറച്ചത് കാരണം യാത്രക്കാര്‍ പൊതുവെ ദുരിതം നേരിടുകയാണ്. തിരക്ക് കാരണം ശ്വാസം മുട്ടിയാണ് സാധാരണക്കാര്‍ യാത്ര ചെയ്യുന്നത്. കോച്ചുകളുടെ എണ്ണം തുടര്‍ച്ചയായി കുറച്ചുകൊണ്ടിരിക്കുമ്പോള്‍ യാത്രക്കാര്‍ ട്രെയിനുകളില്‍ കുഴഞ്ഞുവീഴുന്ന സംഭവങ്ങള്‍ പോലും പതിവായിരിക്കുകയാണ്. കൂടുതല്‍ ട്രെയിനുകള്‍ അനുവദിക്കണമെന്ന ആവശ്യവും നിരാകരിക്കപ്പെടുകയാണ്. ഇതിനിടയിലാണ് ട്രെയിന്‍ യാത്രാ നിരക്ക് അടിക്കടി വര്‍ധിപ്പിച്ചുകൊണ്ട് റെയില്‍വെ യാത്രക്കാര്‍ക്ക് മേല്‍ അധികബാധ്യത അടിച്ചേല്‍പ്പിക്കുന്നത്. യാത്രക്കാരില്‍ നിന്നുള്ള വരുമാനത്തിന് മാത്രമാണ് റെയില്‍വെക്ക് താല്‍പ്പര്യം. അവരുടെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിന് യാതൊരു പ്രാധാന്യവും കല്‍പ്പിക്കുന്നില്ല. സ്വസ്ഥവും സുരക്ഷിതവുമായ യാത്ര നമ്മുടെ അവകാശമാണ്. അത് സംരക്ഷിക്കാനുള്ള പോരാട്ടം ശക്തമാക്കണം.