തിരിച്ചറിയണം തട്ടിപ്പുവഴികള്‍

Update: 2025-12-30 10:59 GMT

ഓണ്‍ലൈന്‍ തട്ടിപ്പുകളില്‍ അകപ്പെടുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്. എത്രയൊക്കെ ജാഗ്രത കാണിച്ചാലും തട്ടിപ്പില്‍ കുടുങ്ങി പലര്‍ക്കും നഷ്ടമാകുകയാണ്. തട്ടിപ്പ് വഴികള്‍ തിരിച്ചറിയാന്‍ സാധിക്കാത്തതാണ് മിക്കവര്‍ക്കും വിനയാകുന്നത്.

ധാരാളം ബോധവല്‍ക്കരണപരിപാടികള്‍ നടന്നിട്ടും ഓണ്‍ലൈന്‍ പണമിടപാടുകളില്‍ തട്ടിപ്പിനിരയാവുന്നവര്‍ ഏറെയുണ്ട്. എല്ലാ പ്രായത്തിലും സാമൂഹികസ്ഥിതിയിലുമുള്ളവര്‍ തട്ടിപ്പിനിരയാവുന്നുണ്ട്. 45ന് മുകളില്‍ പ്രായമുള്ള ആളുകള്‍ അധികവും നിക്ഷേപ തട്ടിപ്പുകളിലാണ് പെടുന്നത്. അവര്‍ക്കാണ് വലിയ തുകകള്‍ നഷ്ടമാകുന്നതും. ചെറിയതുകകളാണ് നഷ്ടപ്പെടുന്നതെങ്കിലും തട്ടിപ്പ് പറ്റുന്നവരിലെ ഏറിയപങ്കും യുവാക്കളാണ്.

നമ്മുടെ അക്കൗണ്ടിലേക്ക് മൂന്നാമതൊരാള്‍ക്ക് കടന്നുകയറണമെങ്കില്‍ അതിനുള്ള വഴികളും നമ്മള്‍തന്നെ നല്‍കണം. ഒ.ടി.പി, പിന്‍, ആധാര്‍ എന്നിവ ആവശ്യപ്പെട്ടെത്തുന്ന കോളുകളും മെസേജുകളും തീര്‍ച്ചയായും തട്ടിപ്പായിരിക്കും. ഒരു ബാങ്കില്‍നിന്നും ഔദ്യോഗികാവശ്യങ്ങള്‍ക്ക് ഇവ ആരും ആവശ്യപ്പെടില്ല. ആധാര്‍ ഒ.ടി.പികള്‍ പങ്കുവെക്കുന്നതിലൂടെ നമ്മുടെ ആധാര്‍ നമ്പര്‍ ഉപയോഗിച്ച് മ്യൂള്‍ അക്കൗണ്ടുകള്‍ തട്ടിപ്പുകാര്‍ തുറക്കുന്നു. ഈ അക്കൗണ്ടുകളുപയോഗിച്ച് തട്ടിപ്പുകള്‍ നടത്തിയാല്‍ ആധാര്‍ നമ്പറിന്റെ ഉടമയാണ് കുറ്റവാളിയായിമാറുക. ആപ്പുകള്‍ ഒരിക്കലും ലിങ്കുകള്‍ വഴി ഇന്‍സ്റ്റാള്‍ ചെയ്യരുത്. ലോണ്‍ ആപ്പുകള്‍ പോലുള്ളവ ഒരിക്കലും നമ്മുടെ പ്ലേസ്റ്റോറിലോ ആപ്പ് സ്റ്റോറിലോ ഉണ്ടാവില്ല.

അവര്‍ തരുന്ന ലിങ്കിലൂടെയാണ് പലരും ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുക. ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ നല്‍കുന്ന പെര്‍മിഷനുകള്‍ പലതും നമ്മുടെ ഫോണിലെ വിവരങ്ങളിലേക്ക് ഈ തട്ടിപ്പുകാര്‍ക്ക് കടന്നുകയറാനുള്ള വഴികള്‍കൂടിയാണ് ഒരുക്കുന്നത്. ഇത്തരത്തില്‍ അവര്‍ ശേഖരിക്കുന്ന വിവരങ്ങള്‍, നമ്മുടെ ചിത്രങ്ങള്‍ എന്നിവ പിന്നീട് ലോണെടുത്തയാളെ ഭീഷണിപ്പെടുത്താനായി അവര്‍ ഉപയോഗിക്കും. പരിചയമില്ലാത്ത ഉറവിടങ്ങളില്‍നിന്നുള്ള ലിങ്കുകള്‍, ഓഫര്‍ ലിങ്കുകള്‍, ലോയല്‍റ്റി റിവാര്‍ഡ് പോയിന്റ്സ് കാലാവധി അവസാനിക്കുമെന്നുപറഞ്ഞ് വരുന്ന ലിങ്കുകള്‍ എന്നിവയിലൊന്നും ക്ലിക്ക് ചെയ്യുന്നത് സുരക്ഷിതമല്ല. യു.പി.ഐ. ആപ്പുകള്‍ ഉപയോഗിക്കുമ്പോള്‍ ഒ.എല്‍.എക്‌സ് സ്‌കാം പോലുള്ളവയെപ്പറ്റി അറിഞ്ഞിരിക്കണം. നമ്മള്‍ ഒരു സാധനം വില്‍ക്കാന്‍ ശ്രമിക്കുന്നു എന്ന് കരുതുക. വാങ്ങാനെന്ന വ്യാജേന പണം നല്‍കാന്‍ ഒരു ക്യു.ആര്‍. കോഡ് സ്‌കാന്‍ ചെയ്ത് പിന്‍ നല്‍കാന്‍ തട്ടിപ്പുകാര്‍ ആവശ്യപ്പെടുന്നു. അക്കൗണ്ടിലെ പണം നഷ്ടമായിക്കഴിഞ്ഞാണ് തട്ടിപ്പ് മനസിലാകുക. യു.പി.ഐ. വഴി പണം നല്‍കാന്‍ വേണ്ടിയാണ് പിന്‍ നമ്പര്‍. പണം ലഭിക്കാന്‍ വേണ്ടി പിന്‍ നമ്പര്‍ അടിക്കേണ്ട കാര്യമില്ല. എ.ഐ. തട്ടിപ്പുകളെ പൂര്‍ണമായും ഇല്ലാതാക്കാന്‍ കഴിയില്ല. ഇതിനെപ്പറ്റി പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുക മാത്രമാണ് മാര്‍ഗം. ഡീപ് ഫെയ്ക്, വോയ്സ് ക്ലോണിങ് മാര്‍ഗങ്ങളാണ് ഇത്തരം തട്ടിപ്പുകാരുടെ പ്രധാന ആയുധങ്ങള്‍. അത്തരമൊരു കോളിലൂടെ പണമാവശ്യപ്പെട്ടാല്‍ (ഇവ പലപ്പോഴും ആസ്പത്രി ആവശ്യങ്ങള്‍ പോലുള്ളവ ഉന്നയിച്ച് വേണ്ടപ്പെട്ടവരുടെ പേരിലാവും വരുക) മൂന്നാമതൊരു വഴിയിലൂടെ സത്യാവസ്ഥ ഉറപ്പാക്കിയശേഷം മാത്രം പണം നല്‍കാം.

Similar News