കാസര്‍കോട് ഗവ. മെഡിക്കല്‍ കോളേജ് കെട്ടിട നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാകാത്തതിനെതിരെ വിമര്‍ശനങ്ങള്‍ രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ പ്രവൃത്തികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം പ്രതീക്ഷ നല്‍കുന്നതാണ്. കെട്ടിടനിര്‍മ്മാണം പാതിവഴിയിലായതിനാല്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് ലഭ്യമാകേണ്ട വിദഗ്ധ ചികിത്സകളും മറ്റ് സൗകര്യങ്ങളും ജില്ലയിലെ ജനങ്ങള്‍ക്ക് ഇതുവരെ ലഭ്യമായി തുടങ്ങിയിട്ടില്ല.
കരാറുകാരന് പണം നല്‍കാത്തതിനാലാണ് ബദിയടുക്കയിലെ ഉക്കിനടുക്കയിലുള്ള കാസര്‍കോട് ഗവ. മെഡിക്കല്‍ കോളേജിന്റെ ആസ്പത്രി കെട്ടിടം പണി മുടങ്ങിക്കിടക്കുന്നത്. ഈ സാഹചര്യത്തില്‍ കഴിഞ്ഞ ദിവസം താല്‍ക്കാലികമായി ജനറല്‍ ആസ്പത്രിയെ മെഡിക്കല്‍ കോളേജ് ആസ്പത്രിയായി പ്രഖ്യാപിച്ചിരുന്നു. ഉക്കിനടുക്കയിലെ കെട്ടിടം പണി പൂര്‍ത്തിയായാല്‍ അവിടേക്കുതന്നെ മാറ്റും. പണി പൂര്‍ത്തിയായ അക്കാദമിക് ബ്ലോക്കിലാണ് ഇപ്പോള്‍ ഉക്കിനടുക്കയില്‍ ഒ.പി. വിഭാഗവും ഗവ. നഴ്‌സിംഗ് കോളജും പ്രവര്‍ത്തിക്കുന്നത്. പെണ്‍കുട്ടികളുടെ ഹോസ്റ്റലിന്റെയും അധ്യാപക ക്വാര്‍ട്ടേഴ്‌സിന്റെയും പണി 95% പൂര്‍ത്തിയായിട്ടുണ്ട്. ഇലക്ട്രിക്കല്‍ വര്‍ക്ക്, ഫര്‍ണിച്ചര്‍ സ്ഥാപിക്കല്‍ എന്നീ ജോലികള്‍ ഇനിയും ബാക്കിയുണ്ട്.
പണം ലഭിക്കാതെ നിലവിലെ കരാറുകാരന്‍ ആസ്പത്രി കെട്ടിടം പണി നിര്‍ത്തിയതിനാല്‍ ഇനി പുതിയ കരാറുകാരനെ കണ്ടെത്താതെ നിര്‍മ്മാണ പ്രവൃത്തികള്‍ തുടരാന്‍ കഴിയില്ല. കിറ്റ്‌കോയ്ക്കാണ് കാസര്‍കോട് ഗവ. മെഡിക്കല്‍ കോളേജ് കെട്ടിടങ്ങളുടെ നിര്‍മ്മാണ ചുമതല. അക്കാദമിക് ബ്ലോക്കില്‍ ലാബ് സൗകര്യം ഇതുവരെ ഒരുക്കിയിട്ടില്ല. കാസര്‍കോട് ജനറല്‍ ആസ്പത്രിയെ ഗവ. മെഡിക്കല്‍ കോളജ് ആസ്പത്രിയായി സര്‍ക്കാര്‍ നോട്ടിഫിക്കേഷന്‍ പുറപ്പെടുവിച്ചത് എം.ബി.ബി.എസ്. പ്രവേശനം എത്രയും വേഗം സാധ്യമാക്കുന്നതിനുവേണ്ടിയാണ്. നോട്ടിഫിക്കേഷന്‍ പുറപ്പെടുവിച്ച സാഹചര്യത്തില്‍ ദേശീയ മെഡിക്കല്‍ കമ്മീഷന് അപേക്ഷ നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ ഡയറക്ടര്‍ ഓഫ് മെഡിക്കല്‍ എജ്യുക്കേഷന്‍ ആരംഭിച്ചിട്ടുണ്ട്. ജനറല്‍ ആസ്പത്രിയില്‍ നിലവിലുള്ള സൗകര്യങ്ങളെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. താല്‍ക്കാലിക മെഡിക്കല്‍ കോളേജായ ജനറല്‍ ആസ്പത്രിയില്‍ 2026ല്‍ തന്നെ പ്രവേശനം സാധ്യമാക്കാനാണ് ശ്രമിക്കുന്നതെങ്കിലും ദേശീയ മെഡിക്കല്‍ കമ്മീഷന്റെ പരിശോധനാ നടപടി പൂര്‍ത്തിയായശേഷമേ ഇതില്‍ വ്യക്തത വരൂ. 50 വിദ്യാര്‍ത്ഥികള്‍ക്കായിരിക്കും ആദ്യഘട്ടത്തില്‍ പ്രവേശനം. ക്ലാസുകള്‍ ഉക്കിനടുക്കയിലും പ്രാക്ടിക്കല്‍ സെഷനുകള്‍ ജനറല്‍ ആസ്പത്രിലും എന്ന രീതിയിലാവും കോഴ്‌സ്.
ഇപ്പോള്‍ ഉക്കിനടുക്കയിലെ ഗവ. നഴ്‌സിംഗ് വിദ്യാര്‍ത്ഥികളും പ്രാക്ടിക്കലിന് കാസര്‍കോട് ജനറല്‍ ആസ്പത്രിയിലേക്കണ് പോകുന്നത്. ഇതുമൂലം യാത്രാസംബന്ധമായ ബുദ്ധിമുട്ടുകളുണ്ട്. എത്രയും വേഗം കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയാക്കി കാസര്‍കോട് ഗവ. മെഡിക്കല്‍ കോളേജില്‍ സമ്പൂര്‍ണ ചികിത്സ ആരംഭിക്കണം.