തെരുവ് നായ്ക്കളെ തെരുവില്‍ നിന്നും തുരത്തണം

By :  Sub Editor
Update: 2025-11-10 10:18 GMT

കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി തെരുവ് നായ്ക്കളുടെ ശല്യമാണ്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറ്റവും കൂടുതല്‍ തെരുവ് നായ്ക്കളുള്ളത് കേരളത്തിലാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. തെരുവ് നായ്ക്കളുടെ കടിയേറ്റ് കട്ടികള്‍ അടക്കമുള്ളവര്‍ മരണപ്പെടുന്ന സംഭവങ്ങള്‍ വര്‍ധിക്കുന്നു. ഗുരുതരമായി പരിക്കേറ്റ് ആസ്പത്രികളില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണവും കൂടുതലാണ്. സ്‌കൂളികളിലേക്കും കോളേജുകളിലേക്കും മദ്രസകളിലേക്കും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും പോകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്വസ്ഥമായി നടന്നുപോകാന്‍ പോലും കഴിയാത്ത സാഹചര്യമാണ് കേരളത്തിലുള്ളത്. ഏത് സമയവും തെരുവ് നായ്ക്കളുടെ ആക്രണമം കുട്ടികള്‍ അടക്കമുള്ളവര്‍ക്ക് നേരിടേണ്ടിവരുന്നു. അത്രമാത്രം നായ്ക്കള്‍ നാട് നിറഞ്ഞിരിക്കുകയാണ്. പൊതുസ്ഥലങ്ങളിലെല്ലാം നായ്ക്കള്‍ കൂട്ടംകൂടി നില്‍ക്കുന്നത് പതിവ് കാഴ്ചയാണ്. ഇക്കൂട്ടത്തില്‍ അക്രമകാരികളായ നായ്ക്കളുണ്ട്. കുട്ടികള്‍ക്ക് നായ്ക്കളെ പൊതുവെ പേടിയാണ്. ഏതെങ്കിലും നായ കുരച്ചാല്‍ കുട്ടികള്‍ ഭയന്നോടും. ഓടുന്നവരെ കാണുമ്പോള്‍ പിറകെ ഓടി കടിക്കുന്നത് അക്രമകാരികളായ നായ്ക്കളുടെ ശീലമാണ്. തെരുവ് നായയുടെ കടിയേല്‍ക്കാന്‍ പൊതുവഴിയില്‍ ഇറങ്ങണമെന്നില്ല. വീട്ടുമുറ്റത്തേക്കും വീടിനകത്തേക്കും വരെ കയറി കടിക്കുന്ന നായ്ക്കളുണ്ട്. ഈ രീതിയില്‍ എത്രയോ പേര്‍ക്ക് നായ്ക്കളുടെ കടിയേറ്റിട്ടുണ്ട്. നായ്ക്കള്‍ കാരണം സ്വന്തം വീട്ടില്‍ പോലും ആര്‍ക്കും സുരക്ഷിതരായി കഴിയാനാകാത്ത സ്ഥിതിവിശേഷം അത്യന്തം ഭയാനകം തന്നെയാണ്.

സ്‌കൂളില്‍ പോകുമ്പോഴും തിരിച്ചുവരുമ്പോഴും തെരുവ് നായ്ക്കളുടെ കണ്ണില്‍ പെടാതെ എങ്ങനെ പോകാമെന്നാണ് കുട്ടികള്‍ ആലോചിക്കുന്നത്. രക്ഷിതാക്കള്‍ക്ക് കുട്ടികളെയോര്‍ത്ത് വലിയ ആധിയുമാണ്. മനുഷ്യജീവനുകള്‍ തെരുവ് നായ്ക്കള്‍ക്ക് കടിച്ചുകീറാന്‍ വിട്ടുകൊടുക്കുന്ന നിയമസംവിധാനങ്ങളാണ് തിരുത്തപ്പെടേണ്ടത്. സ്‌കൂള്‍, കോളേജ്, ആസ്പത്രി എന്നിവയുള്‍പ്പെടെയുള്ള പൊതുസ്ഥാപനങ്ങളുടെയും ബസ് സ്റ്റാന്റുകളുടെയും റെയില്‍വെ സ്റ്റേഷനുകളുടെയും കായിക സമുച്ചയങ്ങളുടെയും പരിസരത്ത് നിന്ന് തെരുവ് നായ്ക്കളെ നീക്കണമെന്ന സുപ്രീംകോടതി നിര്‍ദ്ദേശം പ്രശ്‌നത്തിന്റെ ഗൗരവം ഉള്‍ക്കൊള്ളുന്നതാണ്. പിടികൂടുന്ന നായ്ക്കളെ വന്ധ്യംകരിച്ച് പ്രതിരോധ കുത്തിവെപ്പെടുത്ത് ഷെല്‍ട്ടറുകളിലേക്ക് മാറ്റണമെന്നും ഉത്തരവിലുണ്ട്. പരമോന്നമത നീതി പീഠത്തിന്റെ നിര്‍ദ്ദേശത്തിനനുസരിച്ചുള്ള നടപടികള്‍ പ്രായോഗികമായി നടപ്പിലാക്കിയേ മതിയാകൂ. കാരണം ഇത് ജീവസുരക്ഷയുടെ കൂടി വിഷയമാണ്.

Similar News