കേരളം ലഹരി മാഫിയകളുടെ സാമ്രാജ്യമായി മാറിയിരിക്കുകയാണ്. എക്സൈസ് വകുപ്പിന്റെ കണക്കുകള്‍ പ്രകാരം എന്‍.ഡി.പി.എസ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസുകള്‍ 2016 ല്‍ 2,985 എണ്ണം മാത്രമായിരുന്നു. എന്നാല്‍, 2025ല്‍ ഇത്തരം കേസുകള്‍ ഒമ്പതിനായിരത്തോളമായി ഉയര്‍ന്നിരിക്കുകയാണ്. എന്‍.ഡി.പി.എസ് കേസുകളില്‍ മാത്രം 200 ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ലഹരിക്കെതിരെ തുറന്ന പോരാട്ടത്തിലാണ് കേരളം.
കഴിഞ്ഞ കുറേനാളുകളായി ലഹരി മാത്രമാണ് സംസ്ഥാനത്ത് ചര്‍ച്ചാവിഷയം. ക്രൂരമായ കൊലപാതകങ്ങള്‍, സംഘര്‍ഷങ്ങള്‍, ചൂഷണങ്ങള്‍ എന്നിവയുടെയെല്ലാം പിന്നാലെ പായുമ്പോള്‍ ചെന്നെത്തുന്നത് ലഹരി എന്ന വിപത്തിലാണ്. രാത്രികാലങ്ങളില്‍ നഗരങ്ങളിലൂടെ സഞ്ചരിക്കാന്‍ കഴിയാത്ത രീതിയില്‍ സംസ്ഥാനത്തെങ്ങും ലഹരി മാഫിയകള്‍ പിടിമുറുക്കിയിരിക്കുകയാണ്. ഇതോടെയാണ് ലഹരിക്കെതിരെയുള്ള പോരാട്ടത്തിലേക്ക് കേരളം ഒന്നടങ്കം കടക്കുന്നത്. സര്‍വ്വകക്ഷി യോഗവും മതമേലധ്യക്ഷന്മാരുടെ യോഗവും സംസ്ഥാന സര്‍ക്കാര്‍ വിളിച്ചുചേര്‍ത്തിരിക്കുകയാണ്. എന്‍.ഡി.പി.എസ് കേസുകളില്‍ മാത്രം 200 ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഇന്ത്യയില്‍ ലഹരി വ്യാപനത്തിന്റെ പ്രഭവകേന്ദ്രമായി പഞ്ചാബിനെ ആയിരുന്നു കണ്ടിരുന്നതെങ്കില്‍, ഇന്ന് സ്ഥിതി മാറി. മയക്കുമരുന്ന് കേസുകള്‍ ഏറ്റവുമധികം രജിസ്റ്റര്‍ ചെയ്യുന്ന സംസ്ഥാനമായി ഇന്ന് കേരളം മാറിയിരിക്കുകയാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. സംസ്ഥാനത്തിന്റെ വാണിജ്യ തലസ്ഥാനമായ കൊച്ചി ഉള്‍പ്പെടുന്ന എറണാകുളം ജില്ലയാണ് ലഹരിക്കേസുകളില്‍ ഒന്നാമത്. 1010 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കോട്ടയമാണ് തൊട്ടുപിന്നില്‍ 888 കേസുകള്‍. കോഴിക്കോട് 363 കേസുകളും മലപ്പുറം 765 കേസുകളും ഈ വര്‍ഷം രജിസ്റ്റര്‍ ചെയ്തു. കാസര്‍കോട് ജില്ലയിലും മയക്കുമരുന്ന് കേസുകളില്‍ വന്‍ വര്‍ധനവാണുണ്ടാകുന്നത്.
സംസ്ഥാനത്ത് മയക്കുമരുന്ന് ഉപയോഗം വര്‍ധിച്ചിട്ടുണ്ടെന്ന് എക്സൈസ് മന്ത്രി എംബി രാജേഷ് വ്യക്തമാക്കിയിട്ടുണ്ട്. ലഹരി വ്യാപനം തടയാന്‍ കര്‍ശന നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. ഇതിന്റെ ഫലമായാണ് കേസുകളുടെ എണ്ണം കൂടുന്നതെന്നാണ് മന്ത്രി പറയുന്നത്. കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനപ്പുറം കര്‍ശനമായ നടപടികള്‍ തന്നെ ലഹരി മാഫിയകള്‍ക്കെതിരെ തുടരേണ്ടതുണ്ട്. കാരണം അത്രകയ്ക്കും വലിയ വിപത്തായി ഈ പ്രശ്നം മാറിയിരിക്കുന്നു. കഞ്ചാവിന്റെയും മയക്കുമരുന്നിന്റെയും ലഹരിയിലുള്ള അക്രമങ്ങളും കൊലപാതകങ്ങളും കേരളത്തില്‍ വര്‍ധിച്ചുവരികയാണ്. കുടുംബങ്ങളില്‍ വരെ കൂട്ടക്കൊലപാതകങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. ഈ സ്ഥിതി ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ ലഹരി മാഫിയക്കെതിരെ നിരന്തരപോരാട്ടം അനിവാര്യമാണ്.