വര്‍ധിച്ചുവരുന്ന വിസ തട്ടിപ്പ് കേസുകള്‍

By :  Sub Editor
Update: 2025-09-24 10:39 GMT

വിദേശരാജ്യങ്ങളില്‍ ജോലി വാഗ്ദാനം ചെയ്തുള്ള വിസ തട്ടിപ്പ് കേസുകള്‍ കേരളത്തില്‍ വര്‍ധിക്കുകയാണ്. തട്ടിപ്പാണെന്ന് മനസിലാക്കാന്‍ കഴിയാതെ ലക്ഷക്കണക്കിന് രൂപയാണ് പലര്‍ക്കും നഷ്ടമാകുന്നത്. അമേരിക്ക, ബ്രിട്ടന്‍, ജര്‍മ്മനി, ഇസ്രയേല്‍, ഫ്രാന്‍സ്, ആസ്ത്രേലിയ തുടങ്ങി വിവിധ രാജ്യങ്ങളിലേക്ക് ജോലിക്കുള്ള വിസ വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തുന്നത്. ഗള്‍ഫ് രാജ്യങ്ങളിലേക്ക് വിസ വാഗ്ദാനം ചെയ്തുള്ള തട്ടിപ്പുകളും അരങ്ങേറുന്നു. കാസര്‍കോട് ജില്ലയിലെ വിവിധ ഭാഗങ്ങളിലും ഇത്തരത്തിലുള്ള തട്ടിപ്പുകള്‍ക്ക് ഇരകളാകുന്നവരുടെ എണ്ണവും വര്‍ധിക്കുന്നു. വിവിധ ജില്ലകളില്‍ ഒട്ടേറെപ്പേര്‍ക്ക് വിസ വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ തൃശൂര്‍ അഷ്ടമിച്ചിറ സ്വദേശി പി.ബി ഗൗതം കൃഷ്ണയെ ഒരാഴ്ച മുമ്പാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഹൊസ്ദുര്‍ഗ് പൊലീസ് ബംഗളൂരുവില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. ജര്‍മ്മനിയിലേക്കുള്ള വിസ വാഗ്ദാനം ചെയ്ത പ്രതി 30 പേരില്‍ നിന്നായി 60 ലക്ഷത്തോളം രൂപയാണ് തട്ടിയെടുത്തത്. പണം വാങ്ങിയശേഷം വിവിധ കാരണങ്ങള്‍ പറഞ്ഞ് ആളുകളെ കബളിപ്പിക്കുകയായിരുന്നു. കൃത്യമായ മറുപടി ലഭിക്കാതെ വന്നപ്പോഴാണ് പണം നല്‍കിയവര്‍ പരാതി നല്‍കിയത്. തട്ടിയെടുത്ത പണം കൊണ്ട് പ്രതി ബംഗളൂരുവില്‍ ആഡംബര ജീവിതം നയിക്കുകയിരുന്നു. ഇതുപോലെ സംസ്ഥാനത്തെ എല്ലാ ഭാഗങ്ങളിലും വിസ തട്ടിപ്പ് സംഘങ്ങള്‍ ആളുകളെ പറ്റിച്ച് കൈക്കലാക്കിയ പണവുമായി സുഖലോലുപ ജീവിതം നയിച്ചുവരികയാണ്. നല്ല ശമ്പളമുള്ള മാന്യമായ ജോലി വിദേശരാജ്യങ്ങളില്‍ ലഭിക്കാന്‍ അതിയായി ആഗ്രഹിക്കുന്നവരെ കണ്ടത്തി അവരെ സാമ്പത്തികമായി ചൂഷണം ചെയ്യുകയെന്നതാണ് വിസ തട്ടിപ്പുകാരുടെ ലക്ഷ്യം. ഇവര്‍ നല്‍കുന്ന മോഹന വാഗ്ദാനങ്ങള്‍ക്ക് അടിമപ്പെടുന്ന യുവതീയുവാക്കള്‍ എത്ര വലിയ തുകയായാലും അത് നല്‍കാന്‍ തയ്യാറാകുന്നു. വീടിന്റെ ആധാരം വരെ പണയപ്പെടുത്തി ജോലിക്കുള്ള വിസക്കായി പണം നല്‍കുന്നവരുണ്ട്. വിസ തട്ടിപ്പുകേസുകള്‍ സംസ്ഥാനത്ത് വ്യാപകമായി രജിസ്റ്റര്‍ ചെയ്യപ്പെടുന്നുണ്ടെങ്കിലും എല്ലാ പ്രതികളും അറസ്റ്റിലാകുന്നില്ല. വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന വിസ തട്ടിപ്പുകേസുകളില്‍ പ്രതികളായി ഇപ്പോഴും നിയമത്തിന് പിടികൊടുക്കാതെ ജീവിക്കുന്നവരുണ്ട്. ഇക്കാരണത്താല്‍ തട്ടിപ്പിനിരകളാകുന്നവര്‍ക്ക് നഷ്ടമായ പണം തിരികെ ലഭിക്കുന്നുമില്ല. പിടിയിലാകുന്നവര്‍ക്ക് തന്നെ കടുത്ത ശിക്ഷ ലഭിക്കുന്നുമില്ല. വിസ തട്ടിപ്പ് ഇന്നൊരു സാധാരണ വാര്‍ത്തയാണ്. എന്നാല്‍ ഇതിന് ഇരകളാകുന്നവരുടെ കണ്ണീരും വേദനയും ആര്‍ക്കും മനസിലാകില്ല. വിസ തട്ടിപ്പില്‍ അകപ്പെടാതെ നോക്കുക എന്നതാണ് വിവേകപൂര്‍ണമായ മാര്‍ഗം.

Similar News