സമാധാനാന്തരീക്ഷം കാത്തുസൂക്ഷിക്കണം

Update: 2025-12-23 11:08 GMT

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് ശേഷം കാസര്‍കോട് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ഉടലെടുത്ത സംഘര്‍ഷം ഇപ്പോഴും തുടരുകയാണ്. വഴിയില്‍ തടഞ്ഞുനിര്‍ത്തിയുള്ള അക്രമങ്ങളും വീടുകയറിയുള്ള അക്രമങ്ങളും ഭീഷണികളും തുടര്‍ന്നുകൊണ്ടിരിക്കുന്നു. തീരദേശങ്ങളിലാണ് കൂടുതല്‍ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നത്. ഇതിനിടയില്‍ കിംവദന്തികള്‍ പടര്‍ത്തി കലാപത്തിന് കോപ്പ് കൂട്ടുന്ന ശക്തികളും രംഗത്തുവന്നിട്ടുണ്ട്. രാഷ്ട്രീയ പ്രശ്‌നങ്ങള്‍ മതപരമായ പ്രശ്‌നങ്ങളാക്കി മാറ്റുന്നതിനുള്ള ശ്രമങ്ങളും സജീവമാണ്. ഇത്തരത്തിലുള്ള പ്രചാരണങ്ങള്‍ നാട്ടില്‍ വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്ക് കാരണമാകും.

വര്‍ഗീയ സംഘര്‍ഷങ്ങളുടെ കെടുതികള്‍ ഒരുപാട് അനുഭവിച്ച ജില്ലയാണ് കാസര്‍കോട്. കഴിഞ്ഞ നാളുകളിലെ ഭീതിദമായ ഓര്‍മ്മകള്‍ ഇപ്പോഴും പഴയതലമുറയില്‍ പെട്ട ആളുകളെ വേട്ടയാടുന്നുണ്ട്. അക്രമങ്ങള്‍, കൊലപാതക പരമ്പരകള്‍, തീവെപ്പുകള്‍ തുടങ്ങി സംഘര്‍ഷഭരിതമായ നാളുകള്‍ ജില്ലയുടെ ചരിത്രത്തിലൂടെ കടന്നുപോയിട്ടുണ്ട്. ശക്തമായ നടപടികളിലൂടെയും സൗഹാര്‍ദ്ദ സമാധാന പ്രവര്‍ത്തനങ്ങളിലൂടെയും ആണ് വര്‍ഗീയ സംഘര്‍ഷങ്ങള്‍ നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞത്. കുറേ നാളുകളായി ജില്ലയില്‍ എവിടെയും വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ ആ പഴയ നാളുകളിലേക്ക് തിരിച്ചുപോക്ക് തുടങ്ങിയോ എന്ന് ആശങ്കയുളവാക്കുന്ന സംഭവ വികാസങ്ങളാണ് രണ്ടാഴ്ചയായി നടന്നുകൊണ്ടിരിക്കുന്നത്. നാടിന്റെ സമുദായിക സൗഹാര്‍ദ്ദവും സമാധാനവും കാത്തുസൂക്ഷിക്കാനുള്ള ബാധ്യത എല്ലാ രാഷ്ട്രീയ കക്ഷികള്‍ക്കും ഉണ്ട്. ജനാധിപത്യരീതിയിലാണ് എല്ലാ പാര്‍ട്ടികളും പ്രവര്‍ത്തിക്കുന്നത്. ഏത് നിറമുള്ള പാര്‍ട്ടി ആയാലും ജനാധിപത്യ മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കാനുള്ള ബാധ്യത ബന്ധപ്പെട്ട പാര്‍ട്ടികള്‍ക്കുണ്ട്. അതില്‍ നിന്നും വ്യതിചലിച്ച് വര്‍ഗീയ വികാരങ്ങള്‍ ആളിക്കത്തിക്കാന്‍ ഏത് പാര്‍ട്ടി ശ്രമിച്ചാലും അതിനെ ചെറുത്തു തോല്‍പ്പിക്കേണ്ടത് ജനാധിപത്യ വിശ്വാസികളുടെ ഉത്തരവാദിത്വമാണ്. അതുകൊണ്ട് സാമുദായിക സൗഹാര്‍ദ്ദത്തിനും സമാധാനത്തിനും പോറലേല്‍പ്പിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ വിട്ടുനില്‍ക്കണം. ഇക്കാര്യത്തില്‍ പൊലീസിന്റെ ഭാഗത്തുനിന്ന് ശക്തമായ നടപടികളും ഉണ്ടാകണം.

Similar News