അപകടാവസ്ഥയിലുള്ള കെട്ടിടങ്ങളും വഴിമാറുന്ന ദുരന്തങ്ങളും

By :  Sub Editor
Update: 2024-11-25 11:08 GMT

കാസര്‍കോട് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ അപകടാവസ്ഥയിലുള്ള കെട്ടിടങ്ങള്‍ ജനങ്ങളുടെ സുരക്ഷക്ക് വലിയ ഭീഷണിയായി മാറുകയാണ്. ഭാഗ്യം കൊണ്ട് മാത്രമാണ് ദുരന്തങ്ങള്‍ പലപ്പോഴും വഴിമാറിപ്പോകുന്നത്. കാസര്‍കോട് മത്സ്യമാര്‍ക്കറ്റിന് സമീപത്തെ പഴയ കെട്ടിടം തകര്‍ന്നുവീണത് അടുത്തിടെയാണ്. ഇവിടെ ആരുമുണ്ടാകാതിരുന്നതിനെ തുടര്‍ന്നാണ് അപകടമൊന്നും സംഭവിക്കാതിരുന്നത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് കാഞ്ഞങ്ങാട് ബസ്സ്റ്റാന്റ് കെട്ടിടത്തിലെ മേല്‍ക്കൂരയില്‍ നിന്ന് കോണ്‍ക്രീറ്റ് പാളികള്‍ അടര്‍ന്നുവീണത്. നഗരത്തില്‍ ആള്‍തിരക്കുള്ള സമയത്ത് തന്നെയാണ് ഇങ്ങനെയൊരപകടം സംഭവിച്ചത്. ബസ്സ്റ്റാന്റ് കെട്ടിടത്തിലെ പൊലീസ് എയ്ഡ് പോസ്റ്റിലായിരുന്നു അപകടം. എയ്ഡ് പോസ്റ്റിന്റെ മുകള്‍ഭാഗത്തുനിന്നാണ് കോണ്‍ക്രീറ്റ് പാളികള്‍ വീണത്. എയ്ഡ് പോസ്റ്റിലുണ്ടായിരുന്ന നാല് പൊലീസുകാര്‍ ഭക്ഷണം കഴിക്കാന്‍ പുറത്തുപോയിരുന്നു. അതുകൊണ്ടുതന്നെ ആര്‍ക്കും പരിക്കേറ്റില്ല. എയ്ഡ് പോസ്റ്റിന് സമീപത്ത് യുവതിയും ആറുവയസുള്ള കുഞ്ഞുമുണ്ടായിരുന്നു. ഇവര്‍ അപകടത്തില്‍ നിന്ന് അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. കാഞ്ഞങ്ങാട്-കാസര്‍കോട് നഗരങ്ങളിലടക്കം ബസ്സ്റ്റാന്റ് കെട്ടിടങ്ങള്‍ക്ക് ബലക്ഷയമുണ്ട്. അതുകൊണ്ടുതന്നെ ജനങ്ങള്‍ വളരെയേറെ ജാഗ്രത പുലര്‍ത്തേണ്ടത് അനിവാര്യം തന്നെയാണ്. കാഞ്ഞങ്ങാട് ബസ്സ്റ്റാന്റില്‍ നിരവധിതവണയാണ് കോണ്‍ക്രീറ്റ് പാളികള്‍ തകര്‍ന്നുവീണത്. യാത്രക്കാര്‍ ബസ് കാത്തുനില്‍ക്കുന്ന ഭാഗത്താണ് അപകടം സംഭവിക്കാറുള്ളത്. മൂന്ന് നിലകളിലായി നിരവധി വ്യാപാര സ്ഥാപനങ്ങളും സര്‍ക്കാര്‍ ഓഫീസുകളും ഈ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കെട്ടിടത്തിന്റെ ബലക്ഷയം സംബന്ധിച്ച് നിരവധി തവണ പരാതി നല്‍കിയിട്ടും അധികൃതര്‍ അനങ്ങാപ്പാറ നയം തുടരുകയാണ്. അപകടം സംഭവിക്കുമ്പോള്‍ വിള്ളലുകളും വിടവുകളും കോണ്‍ക്രീറ്റ് കൊണ്ടുവന്ന് അടയ്ക്കുന്നതല്ലാതെ സുരക്ഷ ഉറപ്പുവരുത്തുന്ന രീതിയിലുള്ള നവീകരണപ്രവൃത്തികള്‍ നടത്താന്‍ അധികൃതര്‍ യാതൊരു താല്‍പ്പര്യവും കാണിക്കുന്നില്ല. അതിന് ഇനി ആരുടെയെങ്കിലും ജീവന്‍ ബലി നല്‍കണോയെന്ന ചോദ്യമാണ് ഉയര്‍ന്നുവരുന്നത്. അപകടം പതിയിരിക്കുന്ന കെട്ടിടത്തിന് അടിയിലൂടെയാണ് ബസുകളെല്ലാം കടന്നുപോകുന്നത്. കാസര്‍കോട് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും കര്‍ണ്ണാടകയില്‍ നിന്നുമായി 220ല്‍ അധികം ബസുകളാണ് കാഞ്ഞങ്ങാട് ബസ്സ്റ്റാന്റില്‍ ഒരു ദിവസം മാത്രമെത്തുന്നത്. നാല്‍പ്പതുവര്‍ഷത്തിലധികം പഴക്കമുള്ള കെട്ടിടം കൂടിയാണിത്. ഇതുപോലെ ജില്ലയിലെ പലഭാഗങ്ങളിലും ജനസഞ്ചാരമുള്ള ഇടങ്ങളിലെല്ലാം അപകടഭീഷണി ഉയര്‍ത്തി പഴകിയ കെട്ടിടങ്ങളുണ്ട്. ജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തി ഇത്തരം കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റുകയോ അപകടം സംഭവിക്കാനിടമില്ലാത്ത വിധം നവീകരിക്കുകയോ ചെയ്യേണ്ടത് അനിവാര്യമാണ്.

Similar News