കാസര്‍കോട് ജില്ലയില്‍ കാട്ടുപന്നികളുടെ ആക്രമണങ്ങള്‍ വര്‍ധിച്ചുവരികയാണ്. ഏറ്റവുമൊടുവില്‍ ഊജംപാടിയിലെ അഖില്‍ എന്ന യുവാവ് കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് ആസ്പത്രിയില്‍ ചികിത്സയിലാണ്. അഖില്‍ ബൈക്കില്‍ പോകുമ്പോള്‍ കാട്ടുപന്നികള്‍ കൂട്ടത്തോടെ അക്രമിക്കുകയായിരുന്നു. കുമ്പള പെര്‍വാഡ് സ്വദേശി ഹാരിസ് ബൈക്കില്‍ പോകുമ്പോള്‍ പന്നി ബൈക്കിന് കുറുകെ ചാടുകയും ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ഹാരിസിന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ദേലമ്പാടി, ഊജംപാടി, മഞ്ചേശ്വരം, മൊഗ്രാല്‍ തുടങ്ങിയ പ്രദേശങ്ങളിലും കാട്ടുപന്നിശല്യം രൂക്ഷമാണ്. നീലേശ്വരം മലപ്പച്ചേരിയില്‍ കാട്ടുപന്നിയുടെ കുത്തേറ്റ് ക്ഷീരകര്‍ഷകന് പരിക്കേറ്റ സംഭവം നടന്നത് സമീപകാലത്താണ്. കാനായിലെ പി. കൃഷ്ണനാണ് പരിക്കേറ്റത്. രാവിലെ പശുവിന് പുല്ല് പറിക്കാന്‍ കാനായി വയലില്‍ എത്തിയതായിരുന്നു കൃഷ്ണന്‍. ഈ സമയം വയലിലുണ്ടായിരുന്ന കാട്ടുപന്നി കൃഷ്ണന് നേരെ പാഞ്ഞടുത്ത് അക്രമിക്കുകയായിരുന്നു. പന്നിയുടെ കുത്തേറ്റ് ഇരുകാല്‍ മുട്ടുകള്‍ക്കും സാരമായി പരിക്കേറ്റ കൃഷ്ണന്‍ ഏറെ നാളാണ് ആസ്പത്രിയില്‍ കഴിഞ്ഞത്. മലപ്പച്ചേരി, കാഞ്ഞിരപ്പൊയില്‍, വെണ്ണനൂര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ കാട്ടുപന്നികള്‍ കൃഷി നശിപ്പിക്കുന്നത് പതിവാണ്. വാഴ, പച്ചക്കറി ഉള്‍പ്പെടെയുള്ള കൃഷികളാണ് കൂട്ടത്തോടെയെത്തുന്ന കാട്ടുപന്നികള്‍ നശിപ്പിക്കുന്നത്. റബ്ബര്‍ ടാപ്പിങ്ങിന് പോകുന്നവര്‍ക്ക് നേരെയും കാട്ടുപന്നികള്‍ ആക്രമണം നടത്തുന്നുണ്ടെന്ന് കര്‍ഷകര്‍ പറയുന്നു.
കാട്ടുപന്നികളുടെ ആക്രമണം വ്യാപകമായതിന്റെ തെളിവാണ് പകല്‍നേരത്ത് പോലും മനുഷ്യര്‍ക്ക് നേരെ അക്രമം നടത്തുന്നതെന്നാണ് കര്‍ഷകര്‍ പറയുന്നത്. കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ ക്ഷുദ്രജീവിയായി പ്രഖ്യാപിച്ച് കൊല്ലാനുള്ള അനുമതി കര്‍ഷകര്‍ക്ക് ലഭിച്ചിരുന്നുവെങ്കിലും പ്രായോഗിക തലത്തില്‍ ഇതിന് തടസങ്ങളേറെയാണ്. രൂക്ഷമായ കാട്ടുപന്നി ശല്യമുള്ള കാസര്‍കോട് ജില്ലയിലെ വില്ലേജുകളുടെ പുതുക്കിയ പട്ടിക കേന്ദ്രത്തിന് സമര്‍പ്പിച്ചിരുന്നു. ജില്ലയില്‍ 18 വില്ലേജുകളാണ് ഈ വിഭാഗത്തിലുള്ളത്. കാട്ടുപന്നി ആക്രമണത്തില്‍ മരണമുള്‍പ്പെടെ സംഭവിച്ച വില്ലേജുകള്‍ പട്ടികയില്‍ വനംവകുപ്പ് ചേര്‍ത്തിട്ടുണ്ട്. കാട്ടുപന്നി ശല്യമുള്ള വില്ലേജുകളുടെ പട്ടിക സംസ്ഥാനം ആദ്യം സമര്‍പ്പിച്ചപ്പോള്‍ അതില്‍ ആയിരത്തോളം വില്ലേജുകള്‍ ഉള്‍പ്പെട്ടിരുന്നു. അത് പരിഷ്‌ക്കരിച്ചാണ് 406 വില്ലേജുകളുടെ പട്ടിക തയാറാക്കിയത്. പ്രശ്‌നം രൂക്ഷമായ വില്ലേജുകളുടെ ചുരുക്കപ്പട്ടികയാണ് കേന്ദ്രത്തിന് നല്‍കിയത്. കാട്ടുപന്നിശല്യം തടയാന്‍ നിയമ സംവിധാനവും നടപടികളും ശക്തമാക്കണം.