ശബരിമല യുവതീപ്രവേശന വിഷയം വീണ്ടും സുപ്രീംകോടതിയുടെ പരിഗണനയിലേക്ക് വരികയാണ്. ശബരിമലയിലെ യുവതീപ്രവേശനത്തിന് അനുകൂലമായാണ് മുമ്പ് സുപ്രീംകോടതി വിധി പ്രസ്താവിച്ചിരുന്നത്. കേരള സര്‍ക്കാര്‍ വിശ്വാസികളുടെ വികാരം മാനിക്കാതെ ശബരിമലയില്‍ യുവതീപ്രവേശനത്തിനാവശ്യമായ നടപടികള്‍ സ്വീകരിച്ചപ്പോള്‍ സംസ്ഥാനത്ത് അത് വലിയ പ്രതിഷേധങ്ങള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കും ഇടവരുത്തി. കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് വലിയ തിരിച്ചടി നേരിടാന്‍ ഈ വിഷയം കാരണമാവുകയും ചെയ്തു. പിന്നീട് ശബരിമല യുവതീ പ്രവേശനം എന്ന നിലപാടില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിറകോട്ട് പോകുകയും ആഗോള അയ്യപ്പസംഗമം വരെ നടത്തി വിശ്വാസികളെ സര്‍ക്കാരുമായി കൂടുതല്‍ അടുപ്പിക്കാനുള്ള ശ്രമവും നടത്തി. എന്നാല്‍ സബരിമല സ്വര്‍ണ്ണപ്പാളി വിവാദം സര്‍ക്കാറിന്റെ പ്രതിഛായയെ ബാധിക്കുകയും തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയാവുകയും ചെയ്തു. ശബരിമല യുവതീ പ്രവേശനത്തില്‍ ഒന്‍പത് അംഗ ഭരണഘടനാ ബെഞ്ച് രൂപീകരിക്കുന്നതിനുള്ള സാധ്യതകള്‍ പരിശോധിക്കുന്നെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റീസ് സൂര്യകാന്ത് കഴിഞ്ഞ ദിവസം വ്യക്തമാക്കിയതോടെയാണ് ഈ വിഷയം വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത്. മതസ്വാതന്ത്ര്യവും സ്ത്രീകളുടെ അവകാശങ്ങളും സംബന്ധിച്ച വിഷയങ്ങളാണ് ബെഞ്ചിന്റെ പരിഗണനയില്‍ വരികയെന്നും ഇംഗ്ലീഷ് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ചീഫ് ജസ്റ്റീസ് പറഞ്ഞു. ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ചുള്ള 2018ലെ സുപ്രീംകോടതി 5 അംഗ ഭരണഘടന ബെഞ്ചിന്റെ വിധി സമാനതകള്‍ ഇല്ലാത്ത പ്രതിഷേധങ്ങള്‍ക്കാണ് വഴിവെച്ചത്. വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് നിരവധിപേര്‍ വീണ്ടും സുപ്രീംകോടതിയെ സമീപിച്ചതോടെ വിഷയം വിശാല ഭരണഘടന ബെഞ്ചിന് വിട്ടു. തുടര്‍ന്ന് വിശാല ബെഞ്ച് രൂപീകരിച്ച് വാദം ആരംഭിച്ചെങ്കിലും കോവിഡ് മൂലം അതും പാതിവഴിയില്‍ മുടങ്ങി. ആ വിശാല ബെഞ്ചിലെ സര്‍വീസില്‍ അവശേഷിക്കുന്ന ഏക അംഗമാണ് നിലവിലെ ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. ഈ പശ്ചാത്തലത്തിലാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ സുപ്രധാന പ്രതികരണമുണ്ടായത്.
മതാചാരങ്ങളില്‍ കോടതി ഇടപ്പെട്ട് ലിംഗസമത്വം ഉറപ്പാക്കണമോ എന്നതും പരിശോധിക്കാനാണ് സുപ്രീംകോടതി ഒരുങ്ങുന്നത്. വിഷയങ്ങളുടെ സ്വഭാവം അനുസരിച്ച് സൂക്ഷ്മമായി കൈകാര്യം ചെയ്യേണ്ടതായതിനാല്‍ എല്ലാ വശങ്ങളും പരിശോധിച്ചായിരിക്കും 9 അംഗ ഭരണഘടന സുപ്രീംകോടതി രൂപീകരിക്കുക.സങ്കീര്‍ണമായ നിയമ പരിശോധനകള്‍ക്കായിരിക്കും ഇത് വഴിവെക്കുക. വിശ്വാസികളുടെ വികാരം കൂടി മാനിച്ചുള്ള വിധിയുണ്ടാകണമെന്നാണ് പൊതുസമൂഹം ആഗ്രഹിക്കുന്നത്.