ലഹരി സംഘങ്ങള്‍ നാടിന്റെ സ്വസ്ഥതക്കും സമാധാനത്തിനും ഭീഷണിയായിട്ട് നാളുകളേറെയായി. ലഹരി വില്‍പ്പനയും ഉപയോഗവും പെരുകുന്തോറും നാടിന്റെ ക്രമസമാധാനാന്തരീക്ഷവും കലുഷിതമാകുകയാണ്. മദ്യവും കഞ്ചാവും മയക്കുമരുന്നും അത്രമാത്രം ഭീകരമായ സ്ഥിതിയാണ് നാട്ടില്‍ സൃഷ്ടിക്കുന്നത്. നിയമത്തെ പോലും ഭയമില്ലാത്ത ലഹരി സംഘങ്ങള്‍ നിയമപാലകരെയും അക്രമിക്കുന്നു. ബേഡകം കൊറത്തിക്കുണ്ടില്‍ കഴിഞ്ഞ ദിവസം രാത്രിയുണ്ടായ സംഭവം ഏറെ ആശങ്ക ജനിപ്പിക്കുന്നതാണ്. കഞ്ചാവിന് അടിമകളായ രണ്ട് യുവാക്കള്‍ കൊറത്തിക്കുണ്ടിലെ ഒരു വീട്ടില്‍ അതിക്രമിച്ചുകയറി അധ്യാപികയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ബഹളം വെക്കുകയും ചെയ്തു. വിവിരമറിഞ്ഞ് എത്തിയ ബേഡകം എസ്.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിനും നാട്ടുകാര്‍ക്കും നേരെ യുവാക്കള്‍ കത്തി വീശിയതിനെ തുടര്‍ന്ന് ഒരു സിവില്‍ പൊലീസ് ഓഫീസര്‍ക്കും ഒരു യുവാവിനും കുത്തേറ്റ് സാരമായി പരിക്കേറ്റിരിക്കുകയാണ്. സംഭവത്തില്‍ വധശ്രമമുള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരം പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ടെങ്കിലും പ്രതികളെ ഇതുവരെ പിടികൂടാന്‍ സാധിച്ചിട്ടില്ല. രണ്ടാഴ്ച മുമ്പാണ് മുന്നാട്ട് മദ്യലഹരിയിലായിരുന്ന തമിഴ്നാട് സ്വദേശി കടയില്‍ ഇരിക്കുകയായിരുന്ന രമിത എന്ന യുവതിയുടെ ദേഹത്ത് ടിന്നറൊഴിച്ച് തീകൊളുത്തിയത്. ഗുരുതരമായി പൊള്ളലേറ്റ് ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ രമിത മരണപ്പെടുകയായിരുന്നു. തമിഴ്നാട് സ്വദേശി ഇപ്പോള്‍ റിമാണ്ടില്‍ കഴിയുകയാണ്. കാസര്‍കോട് ജില്ലയില്‍ മദ്യത്തിന്റെ മാത്രമല്ല കഞ്ചാവിന്റെയും മയക്കുമരുന്നിന്റെയും വില്‍പ്പനയും ഉപയോഗവും വ്യാപകമാണ്. ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ ലഹരിമാഫിയാസംഘങ്ങളുടെ അക്രമവും ഭീഷണിയും വര്‍ധിച്ചുവരികയാണ്. ലഹരിവില്‍പ്പന കേന്ദ്രങ്ങളില്‍ പരിശോധന നടത്താനും ലഹരിയില്‍ അക്രമങ്ങള്‍ നടത്തുന്നവരെ പിടികൂടാനുമെത്തുന്ന പൊലീസ് ഉദ്യോഗസ്ഥരെ അക്രമിക്കുന്ന സംഭവങ്ങള്‍ വര്‍ധിക്കുകയാണ്. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ പോലും ലഹരിക്കടിമകളാകുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. വിദ്യാലയങ്ങളിലും പൊതുപരിപാടികളിലും ഒക്കെ ഇപ്പോള്‍ ലഹരിവിരുദ്ധ ബോധവല്‍ക്കരണ പരിപാടികള്‍ നടന്നുവരികയാണ്. അതോടൊപ്പം തന്നെ ലഹരി മാഫിയകള്‍ക്കെതിരെ പൊലീസും എക്സൈസും നടപടി ശക്തമാക്കുകയും ചെയ്യുന്നുണ്ട്. ഇതില്‍ വിറളി പൂണ്ടാണ് ലഹരി സംഘങ്ങള്‍ അക്രമങ്ങള്‍ അഴിച്ചുവിടുന്നത്. അക്രമങ്ങളിലൂടെയും ഭീഷണിയിലൂടെയും പൊലീസിനെയും ലഹരി വിരുദ്ധ പ്രവര്‍ത്തകരെയും പിന്തിരിപ്പിക്കാനുള്ള ശ്രമത്തിലാണവര്‍. അതുകൊണ്ടുതന്നെ ലഹരി വില്‍പ്പനക്കെതിരായ പ്രവര്‍ത്തനങ്ങളും നടപടികളും കൂടുതല്‍ ശക്തവും കാര്യക്ഷമവുമാക്കണം. നാടിന്റെ സൈ്വര്യജീവിതം നിയമപാലകരുടെ മാത്രമല്ല, പൊതുസമൂഹത്തിന്റെയും ഉത്തരവാദിത്വമാണ്.