കുറ്റകരമായ അനാസ്ഥകളുടെ ഇരകള്‍

By :  Sub Editor
Update: 2025-11-17 09:59 GMT

ദേശീയപാത നിര്‍മ്മാണത്തിനിടെ ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്നുണ്ടാകുന്ന കുറ്റകരമായ അനാസ്ഥ കാരണം വിലപ്പെട്ട ഒരു മനുഷ്യജീവന്‍ കൂടി നഷ്ടമായിരിക്കുകയാണ്. അരൂര്‍-തുറവൂര്‍ ഉയരപ്പാത നിര്‍മ്മാണത്തിനിടെ ഓടിക്കൊണ്ടിരുന്ന പിക്കപ്പ് വാനിന് മുകളിലേക്ക് കോണ്‍ക്രീറ്റ് ഗര്‍ഡറുകള്‍ പതിച്ച് ഡ്രൈവര്‍ മരിച്ചത് അതിദാരുണമായാണ്. ഉയരപ്പാത നിര്‍മ്മാണത്തിന്റെ ഭാഗമായി ഗര്‍ഡറുകള്‍ സ്ഥാപിക്കുമ്പോള്‍ ജാക്കിയില്‍ നിന്ന് തെന്നിമാറി കോണ്‍ക്രീറ്റ് ഗര്‍ഡറുകള്‍ നിലംപതിക്കുകയായിരുന്നു. ഗര്‍ഡറുകളില്‍ ഒന്ന് വാനിന് മുകളിലേക്ക് വീണതിനെ തുടര്‍ന്നാണ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം സംഭവിച്ചത്. അപകടമുണ്ടായി മൂന്നര മണിക്കൂറിന് ശേഷം മാത്രമാണ് ഗര്‍ഡര്‍ ഉയര്‍ത്തി വാനില്‍ നിന്ന് ഡ്രൈവറെ പുറത്തെടുക്കാന്‍ സാധിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. 80 ടണ്‍ ഭാരമുള്ള ഗര്‍ഡറാണ് വാനിന് മുകളിലേക്ക് വീണത്. വാന്‍ ഡ്രൈവറുടെ മരണത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് ദേശീയപാത നിര്‍മ്മാണകമ്പനിക്ക് ഒഴിഞ്ഞുമാറാനാകില്ല.

മനുഷ്യജീവന് യാതൊരു വിലയും കല്‍പ്പിക്കാതെയാണ് പലയിടങ്ങളിലും നിര്‍മ്മാണപ്രവര്‍ത്തികള്‍ നടത്തുന്നത്. ഉയരപ്പാത നിര്‍മ്മിക്കുമ്പോള്‍ പ്രത്യേക ശ്രദ്ധയും ജാഗ്രതയും ആവശ്യമാണ്. പാത നിര്‍മ്മാണത്തിലേര്‍പ്പെട്ടിരിക്കുന്ന തൊഴിലാളികള്‍ക്ക് യാതൊരു സുരക്ഷയും ഏര്‍പ്പെടുത്താതെയുള്ള നിര്‍മ്മാണ പ്രവൃത്തികളാണ് നടക്കുന്നത്. ഇതുമൂലമുള്ള അപകടങ്ങളും അപകടമരണങ്ങളും വര്‍ധിക്കുകയാണ്. എന്നിട്ടുപോലും ആര്‍ക്കും യാതൊരു കുലുക്കവുമില്ല.

അരൂരിലുണ്ടായ അപകടം ഉയരപ്പാതയുടെ തൂണുകളില്‍ കോണ്‍ക്രീറ്റ് ഗര്‍ഡറുകള്‍ സ്ഥാപിക്കുന്ന ഹൈഡ്രോളിക് ജാക്കി തകരാറിലായത് മൂലമാണെന്നാണ് വിശദീകരണം. സംസ്ഥാനത്തെ പല ഭാഗങ്ങളിലും ഇതുപോലുള്ള അപകടങ്ങള്‍ സംഭവിക്കുകയാണ്. കാസര്‍കോട് ജില്ലയിലെ ചെര്‍ക്കളയില്‍ ഫ്‌ളൈ ഓവര്‍ നിര്‍മ്മാണത്തിനിടെ ഒരു തൊഴിലാളി വീണ് മരിച്ചത് സമീപകാലത്താണ്. മഞ്ചേശ്വരം ഭാഗത്തും ഒരാള്‍ക്ക് ജീവന്‍ നഷ്ടമായി. പെരിയയില്‍ നിര്‍മ്മാണത്തിനിടെ മേല്‍പ്പാലസാമഗ്രികള്‍ തകര്‍ന്നുവീണ സംഭവവുമുണ്ടായിട്ടുണ്ട്. ദേശീയപാത നിര്‍മ്മാണത്തിനുപയോഗിക്കുന്ന ഇരുമ്പ് സാമഗ്രികള്‍ തെറിച്ചുവീണ് രണ്ടുപേര്‍ മരിച്ച സംഭവവും നടന്നു. ദേശീയപാത നിര്‍മ്മാണ പ്രവൃത്തികള്‍ തുടരുമ്പോള്‍ യാത്രക്കാരുടെയും തൊഴിലാളികളുടെയും സുരക്ഷ കൂടി ഉറപ്പുവരുത്തണം.

Similar News