തദ്ദേശതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ജോലിഭാരവും തിരക്കും ഉദ്യോഗസ്ഥരെ കടുത്ത മാനസിക സമര്‍ദ്ദത്തിലാക്കുകയാണ്. ജീവനൊടുക്കാന്‍ പ്രേരിപ്പിക്കുന്ന വിധം കടുത്ത മാനസികസംഘര്‍ഷമാണ് അവര്‍ അനുഭവിക്കുന്നത്. വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌ക്കരണ ചുമതലയുള്ള ബൂത്ത് ലെവല്‍ ഓഫീസര്‍ അനീഷ് ജോര്‍ജ് പയ്യന്നൂര്‍ ഏറ്റുകുടുക്കയിലെ വീട്ടില്‍ ആത്മഹത്യ ചെയ്തത് മാനസിക സമ്മര്‍ദ്ദം സഹിക്കാനാകാതെയാണ്. പയ്യന്നൂര്‍ മണ്ഡലം പതിനെട്ടാം ബൂത്ത് ബി.എല്‍.ഒ. ആയിരുന്നു അനീഷ്. മകന്‍ കടുത്ത ജോലി സമ്മര്‍ദ്ദത്തിലായിരുന്നുവെന്നാണ് പിതാവ് പറയുന്നത്. സംഭവത്തില്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ കലക്ടറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുകയാണ്. രാവിലെ വീട്ടുകാരെ പള്ളിയിലാക്കി മടങ്ങിയെത്തിയ അനീഷ് വീടിനുള്ളില്‍ തൂങ്ങിമരിക്കുകയായിരുന്നു. കുന്നരു എ.യുപി സ്‌കൂളിലെ പ്യൂണ്‍ ആയ അനീഷ് ആദ്യമായിട്ടാണ് ബി.എല്‍.ഒ ആകുന്നത്. എസ്.ഐ.ആര്‍ ഫോമുകള്‍ വിതരണം ചെയ്യുന്നതും തിരിച്ചുവാങ്ങുന്നതുമായി ബന്ധപ്പെട്ട് കുറച്ച് ദിവസങ്ങള്‍ ആയി അനീഷ് മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് കുടുംബം പറയുന്നു. മതിയായ പരിശീലനവും സാവകാശവും നല്‍കാതെയാണ് ബി.എല്‍.ഒമാരെ എസ്.ഐ.ആറുമായി ബന്ധപ്പെട്ട ജോലികള്‍ ഏല്‍പ്പിച്ചിരിക്കുന്നത്. ശരിയായ പരിശീലനം നല്‍കാതെയാണ് നടപടികള്‍ക്കായി നിയോഗിച്ചതെന്നും മതിയായ ജീവനക്കാരില്ലെന്നും ആവശ്യത്തിന് ഫണ്ട് അനുവദിച്ചിട്ടില്ലെന്നും വ്യാപകമായി പരാതി ഉയര്‍ന്നിട്ടുണ്ട്. ബി.എല്‍.ഒമാരായി ജോലി ചെയ്യുന്ന അംഗന്‍വാടി ജീവനക്കാര്‍, മുനിസിപ്പല്‍ -കോര്‍പ്പറേഷന്‍ ജീവനക്കാര്‍, അധ്യാപകര്‍, ഉച്ചഭക്ഷണ തൊഴിലാളികള്‍ തുടങ്ങിയവരടക്കം കടുത്ത മനഃപ്രയാസത്തിലൂടെ കടന്നുപോകുന്നുണ്ട്. എസ്.ഐ.ആറുമായി ബന്ധപ്പെട്ട ജോലികള്‍ വേഗത്തില്‍ തീര്‍ത്തുകൊടുക്കാന്‍ മുകളില്‍ നിന്ന് ഇവര്‍ക്കുമേല്‍ വലിയ സമ്മര്‍ദ്ദങ്ങള്‍ നേരിടേണ്ടിവരികയാണ്. സമയത്തിന് തീര്‍ത്തുകൊടുത്തില്ലെങ്കില്‍ വലിയ തോതില്‍ ശകാരം കേള്‍ക്കേണ്ടിവരുന്നു. സ്ഥലത്തെക്കുറിച്ചും വീടുകളെക്കുറിച്ചും പരിചയമില്ലാത്തവരെയാണ് ബി.എല്‍.ഒമാരായി നിയമിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രക്രിയകളില്‍ നടത്തുന്ന തുഗ്ലക്ക് പരിഷ്‌ക്കാരങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരുടെ സ്വസ്ഥതയും സമാധാനവും തകര്‍ക്കുകയാണ് ചെയ്യുന്നത്. അനീഷ് ജോര്‍ജിന്റെ ആത്മഹത്യയില്‍ പരോക്ഷമായി തിരഞ്ഞെടുപ്പ് കമ്മീഷന്റെ നയങ്ങള്‍ക്കും ഉത്തരവാദിത്വമുണ്ട്. ഇവിടത്തെ തിരഞ്ഞെടുപ്പ് സംവിധാനങ്ങളും പ്രതിക്കൂട്ടിലാണ്. മാനസികസമ്മര്‍ദ്ദമുണ്ടാക്കാത്ത വിധത്തില്‍ ഇത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്താല്‍ മാത്രമേ ഉദ്യോഗസ്ഥര്‍ക്ക് കാര്യക്ഷമമായി പ്രവര്‍ത്തിക്കാനാകൂ.