മാലിന്യസംസ്‌ക്കരണം അനിവാര്യം

By :  Sub Editor
Update: 2025-11-24 10:25 GMT

മാലിന്യത്താല്‍ വീര്‍പ്പുമുട്ടുകയാണ് കേരളം. വീടുകളില്‍, പറമ്പുകളില്‍, നിരത്തുകളില്‍, ജലാശയങ്ങളില്‍ എന്നുവേണ്ട എല്ലായിടത്തും മാലിന്യം. എവിടേക്കെങ്കിലും വലിച്ചെറിയാനുള്ളതാണ് മാലിന്യമെന്ന ചിന്തയാണ് മഹാഭൂരിപക്ഷത്തിനും. ആള്‍പ്പെരുമാറ്റം കുറഞ്ഞ ഇടവഴികളില്‍ മുതല്‍ പട്ടണത്തിലെ റോഡുകളില്‍വരെ മാലിന്യക്കൂമ്പാരമുണ്ട്. ഓരോ വീട്ടിലും ദിനംതോറുമുണ്ടാകുന്ന മാലിന്യം സംസ്‌കരിക്കാന്‍ അതത് വീട്ടുപറമ്പുകളില്‍ സൗകര്യമുണ്ടെങ്കിലും അതുചെയ്യാതെ പ്ലാസ്റ്റിക് കവറില്‍ ശേഖരിച്ച് പൊതുസ്ഥലത്തുകൊണ്ടുപോയി കളയുന്നവരാണ് കൂടുതലും. ഈ പ്രവൃത്തി നന്നല്ലെന്നും മറ്റുള്ളവര്‍ കണ്ടാല്‍ തങ്ങളെ കുറ്റപ്പെടുത്തുമെന്നും നന്നായി അറിയാവുന്നവര്‍ തന്നെയാണ് വീണ്ടും വീണ്ടും ഇത് ചെയ്തുകൊണ്ടിരിക്കുന്നത്. തങ്ങള്‍ കൊണ്ടിടുന്ന മാലിന്യം ദുര്‍ഗന്ധത്തിന്റെയും രോഗത്തിന്റെയും രൂപത്തില്‍ തങ്ങളുടെ വീട്ടിലേക്കുതന്നെ തിരിച്ചുവരുമെന്ന് അറിഞ്ഞിട്ടും അതില്‍നിന്ന് പിന്തിരിയാത്തതിന്റെ കാരണമാണ് മനസിലാകാത്തത്. ഔദ്യോഗിക പരിപാടികളിലും മറ്റും ഗ്രീന്‍പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കണമെന്ന നിര്‍ദ്ദേശം സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട് എന്നല്ലാതെ വ്യക്തമായ ഒരു മാലിന്യ സംസ്‌ക്കരണനയം കേരളം നടപ്പാക്കിയിട്ടില്ല; മറ്റുപല സംസ്ഥാനങ്ങളും ഇത് നടപ്പാക്കിയിട്ടുണ്ട് താനും. കുറച്ചംഗങ്ങള്‍ മാത്രമുള്ള വീടുകളിലെ മാലിന്യംപോലും വേണ്ടവണ്ണം സംസ്‌കരിക്കാന്‍ കഴിയാതിരിക്കുമ്പോള്‍ കടകള്‍, ഹോട്ടലുകള്‍, ചന്തകള്‍, ആസ്പത്രികള്‍, ഫാക്ടറികള്‍, കാറ്ററിംഗ് ഏജന്‍സികള്‍ മറ്റുസ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍നിന്നുണ്ടാകുന്ന മാലിന്യത്തിന്റെ അവസ്ഥയെന്താണെന്ന് പരിശോധിക്കണം. ചില ആസ്പത്രികളും ഫാക്ടറികളുമൊക്കെ സ്വന്തമായി മാലിന്യസംസ്‌കരണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നത് ആശ്വാസകരമാണ്. എന്നാല്‍, ഈ സംവിധാനമേര്‍പ്പെടുത്താതെ പ്രവര്‍ത്തിക്കുന്നവയുമുണ്ട്. അവിടെനിന്നുള്ള മാലിന്യങ്ങള്‍ പെരുവഴിയിലും ജലാശയങ്ങളിലും വന്നുചേരുന്നു.

വ്യക്തികള്‍ക്കൊപ്പം തദ്ദേശഭരണസ്ഥാപനങ്ങളും മാലിന്യസംസ്‌കരണത്തില്‍ നിരന്തരമായി താല്‍പര്യവും ജാഗ്രതയും കാട്ടിയാല്‍ മാത്രമേ ഇതിനൊരു പരിഹാരമുണ്ടാവൂ. മാലിന്യം സംസ്‌കരക്കാന്‍ ഒട്ടേറെ ശാസ്ത്രീയ മാര്‍ഗങ്ങളും ആവശ്യത്തിന് ഫണ്ടുമുണ്ടായിരുന്നിട്ടുപോലും സംസ്‌കരണത്തിന്റെ കാര്യത്തില്‍ നാം അവധാനത പുലര്‍ത്തുന്നില്ല എന്നതാണ് സത്യം.

മാലിന്യനിക്ഷേപത്താല്‍ കൂടുതല്‍ ജീര്‍ണിച്ചത് ജലാശയങ്ങളാണ്. റോഡരികിലെ പല പഞ്ചായത്തുകിണറുകളും വര്‍ഷങ്ങള്‍ക്കുമുമ്പേതന്നെ ആ പ്രദേശത്തെ കുപ്പത്തൊട്ടിയായി മാറിക്കഴിഞ്ഞു. അരുവികളും നദികളും കായലും കുളവും ചതുപ്പുമെല്ലാം ഇന്ന് മലീമസമാണ്. ഈ ജീര്‍ണിച്ച വെള്ളമാണ് മണ്ണിലൂടെ നമ്മുടെ കിണറുകളിലെത്തുന്നത്. അത് കുടിക്കുന്നവര്‍ക്ക് രോഗങ്ങള്‍ വന്നില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ.

Similar News