ട്രെയിന്‍യാത്രക്കാരെ ശ്വാസം മുട്ടിച്ച് ദ്രോഹിക്കുന്ന ക്രൂരത തുടരുക തന്നെയാണ് റെയില്‍വെ അധികാരികള്‍. യാത്രക്കാരുടെ തിക്കും തിരക്കും പതിന്‍മടങ്ങ് വര്‍ധിക്കുന്ന ഓണക്കാലത്ത് പോലും കൂടുതല്‍ സ്പെഷ്യല്‍ ട്രെയിനുകള്‍ അനുവദിക്കാതെയാണ് ദ്രോഹം തുടരുന്നത്. ഡല്‍ഹിയില്‍ ഈയടുത്തുണ്ടായ റെയില്‍വേ സ്റ്റേഷന്‍ ദുരന്തത്തില്‍ യാത്രക്കാര്‍ മരിക്കാനിടയായ സാഹചര്യം രാജ്യത്തെ ആകെ ഞെട്ടിച്ചിരുന്നു. പ്‌ളാറ്റ്‌ഫോമുകളിലെ അസാധാരണ തിരക്കായിരുന്നു ഈ ദുരന്തത്തിന് ഒരു കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. എന്നാല്‍ പ്‌ളാറ്റ്‌ഫോമിലെ തിരക്ക് മാത്രമല്ല കോച്ചുകള്‍ക്കകത്തെ തിരക്കും വലിയ ദുരന്തങ്ങള്‍ക്ക് വഴിവെക്കുന്ന ഘടകമാണെന്നാണ് ഈ അപകടം നല്‍കിയ മുന്നറിയിപ്പ്.
നിലവില്‍ ട്രെയിനുകളിലെ ജനറല്‍ കോച്ചുകളില്‍ കയറാവുന്ന യാത്രക്കാരുടെ എണ്ണം 108 ആയാണ് നിജപ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ കേരളത്തില്‍ ഓടുന്ന പല ട്രെയിനുകളിലും മൂന്നിരട്ടിയോളം പേരാണ് തിങ്ങി നിറഞ്ഞ് പോകുന്നത്. ദക്ഷിണ റെയില്‍വേ യാത്രക്കാര്‍ക്ക് സമ്മാനിക്കുന്നത് ദുരിതയാത്രയാണെന്നാണ് യാത്രക്കാര്‍ വ്യാപകമായി പരാതിപ്പെടുന്നത്. കമ്പാര്‍ട്ട്‌മെന്റിനകത്ത് കുഴഞ്ഞ് വീഴുന്നവരുടെ എണ്ണവും വര്‍ദ്ധിച്ചു വരികയാണ്. ഈ സാഹചര്യത്തില്‍ ഡല്‍ഹിയില്‍ നടന്ന റെയില്‍വേ സ്റ്റേഷന്‍ ദുരന്ത സാഹചര്യം മുന്‍നിര്‍ത്തി കമ്പാര്‍ട്ട്‌മെന്റുകള്‍ വര്‍ദ്ധിപ്പിച്ച് യാത്രാ സൗകര്യം ഉണ്ടാക്കേണ്ടത് അനിവാര്യമാണ്. ട്രെയിനിനകത്ത് കയറിപ്പറ്റിയാല്‍ ശ്വാസം കഴിക്കാന്‍ പോലും ആവാത്ത അവസ്ഥയാണ്. 100 സീറ്റുള്ള കമ്പാര്‍ട്ട്മെന്റില്‍ പലപ്പോഴും മുന്നൂറോളം പേരാണ് കയറുന്നത്. ഇങ്ങനെ ആളുകള്‍ കൂട്ടമായി ട്രെയിനില്‍ കയറാന്‍ ശ്രമിക്കുമ്പോള്‍ ട്രെയിനിനും ട്രാക്കിനും ഇടയില്‍ അകപ്പെട്ട് മരിച്ച സംഭവങ്ങള്‍ കണ്ണൂരില്‍ തന്നെ ഉണ്ടായിട്ടുണ്ട്. ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ റെയില്‍വേ മന്ത്രാലയം കമ്പാര്‍ട്ട്മെന്റുകളുടെ എണ്ണം കൂട്ടുകയോ പുതിയ ട്രെയിനുകള്‍ അനുവദിക്കുകയോ ചെയ്യണം. കാസര്‍കോടിന് തെക്കും ഷൊര്‍ണ്ണൂരിന് വടക്കുമുള്ളവര്‍ക്കാണ് ദുരിതപൂര്‍ണ്ണമായ ഇത്തരം ട്രെയിന്‍ യാത്ര അനുഭവിക്കേണ്ടിവരുന്നത്. മുന്നറിയിപ്പില്ലാതെ ട്രെയിന്‍ പിടിച്ചിടല്‍ മലബാറിലെ യാത്രക്കാര്‍ക്ക് നിത്യ ദുരിതമാണ് ഉണ്ടാക്കുന്നത്. നിശ്ചയിച്ച സമയത്ത് വീടുകളിലെത്തിച്ചേരാനാവാത്ത സ്ത്രീകളാണ് ദുരിതമേറെ പേറുന്നത്. സമയ നിഷ്ടയില്ലാതെ എത്തുന്ന ട്രെയിനുകളില്‍ യാത്ര ചെയ്യുന്ന സ്ത്രീകളെ സംബന്ധിച്ച് ബന്ധുക്കളുടെ സഹായത്തോടെ മാത്രമേ വീടുകളിലെത്താനാകുന്നുള്ളൂ.
വിദൂര ഗ്രാമങ്ങളില്‍ നിന്നും കോഴിക്കോടിനും കാസര്‍കോടിനും ഇടയില്‍ ജോലി ചെയ്യുന്ന സര്‍ക്കാര്‍- സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരും തൊഴിലാളികളും അനുഭവിക്കുന്ന ദുരിതത്തിന് കണക്കില്ല. റെയില്‍വേയ്ക്കു മുന്നില്‍ കാര്യ കാരണങ്ങള്‍ സഹിതം നിവേദനങ്ങള്‍ സമര്‍പ്പിച്ചിട്ടും, മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവുകളും നേടിയിട്ടും നടപടിയുണ്ടാകുന്നില്ലെന്നു ഇക്കാര്യത്തില്‍ കടുത്ത ഉദാസീനതയാണ് അധികാരികള്‍ കാട്ടുന്നതെന്നും യാത്രക്കാര്‍ക്ക് പരാതിയുണ്ട്.