ട്രെയിന്‍ യാത്രക്കാരെ ഇങ്ങനെ പിഴിയരുത്

By :  Sub Editor
Update: 2025-09-26 10:48 GMT

ജനപ്രിയ ട്രെയിനുകളിലെ തല്‍ക്കാല്‍ ക്വാട്ടകള്‍ യാത്രക്കാരെ പിഴിയാനുള്ള മാര്‍ഗമാണെന്ന് പറയാതെ വയ്യ. പ്രത്യക്ഷത്തില്‍ ഉപകാരപ്രദമാണെന്ന് തോന്നുമെങ്കിലും വിശദമായി പരിശോധിച്ചാല്‍ തല്‍ക്കാല്‍ ക്വാട്ടകള്‍ക്ക് പിന്നില്‍ റെയില്‍വെയുടെ സ്വാര്‍ത്ഥ താല്‍പ്പര്യങ്ങളുണ്ടെന്ന് വ്യക്തമാകും. തല്‍ക്കാല്‍ ക്വാട്ടയുടെ മറവില്‍ സാധാരണക്കാര്‍ക്ക് നേരിടേണ്ടിവരുന്നത് സാമ്പത്തിക ബാധ്യത തന്നെയാണ്. ട്രെയിനുകളില്‍ തല്‍ക്കാല്‍ ക്വാട്ടയിലെ സീറ്റുകളുടെ എണ്ണം റെയില്‍വെ അധികൃതര്‍ മുന്നറിയിപ്പില്ലാതെയാണ് വര്‍ധിപ്പിച്ചത്. മലബാര്‍, മാവേലി, മംഗളൂരു തിരുവനന്തപുരം എക്സ്പ്രസ്, ജനശതാബ്ദി, വന്ദേഭാരത് തുടങ്ങിയ ട്രെയിനുകളിലാണ് തല്‍ക്കാല്‍ ക്വാട്ടയിലെ സീറ്റുകളുടെ എണ്ണം കൂട്ടിയത്. മംഗളൂരു- തിരുവനന്തപുരം മാവേലി എക്‌സ്പ്രസില്‍ എ.സി ത്രി ടയര്‍ ടിക്കറ്റിന് ജനറല്‍ ക്വാട്ടയില്‍ 985 രൂപയാണ്. തല്‍ക്കാലില്‍ ഇതിന് 1300 രൂപ വരെ നല്‍കേണ്ടിവരും. വന്ദേഭാരതില്‍ നേരത്തെയുണ്ടായിരുന്ന 1128 സീറ്റുകളില്‍ 312 എണ്ണം കൂട്ടി 1440 ആയാണ് വര്‍ധിപ്പിച്ചത്. ഓണത്തിരക്ക് കഴിഞ്ഞിട്ടും സീറ്റുകളുടെ എണ്ണം കൂട്ടിയതോടെ തലേദിവസം ശ്രമം നടത്തിയാല്‍ പോലും ജനറല്‍ ക്വാട്ടയില്‍ സീറ്റുകള്‍ ലഭിക്കില്ല. തല്‍ക്കാലിന്റെ എണ്ണം കൂട്ടി കൂടുതല്‍ യാത്രക്കാരെ ഇതിലെ സീറ്റുകളിലേക്കുള്ള ടിക്കറ്റുകള്‍ വാങ്ങാന്‍ പ്രേരിപ്പിക്കുന്ന നയമാണ് റെയില്‍വെ അധികൃതര്‍ സ്വീകരിക്കുന്നത്. മിക്കപ്പോഴും കാത്തിരിപ്പ് പട്ടികയില്‍ അമ്പതിലേറെ പേരുണ്ടാകും. അതേസമയം തല്‍ക്കാലില്‍ ടിക്കറ്റ് ലഭിക്കുകയും ചെയ്യുന്നു. മിക്ക ട്രെയിനുകളിലും തല്‍ക്കാലില്‍ ടിക്കറ്റിന് ശ്രമിക്കാന്‍ യാത്രക്കാര്‍ നിര്‍ബന്ധിതരാകുകയാണ്. ട്രെയിന്‍ പുറപ്പെടുന്നതിന് 15 മിനുട്ട് മുമ്പ് വരെ വന്ദേ ഭാരതില്‍ ടിക്കറ്റ് ബുക്ക് ചെയ്യാനാകുമെന്നാണ് അധികൃതര്‍ പറയുന്നത്.

കാസര്‍കോട്- തിരുവനന്തപുരം വന്ദേഭാരതില്‍ ഭക്ഷണമടക്കം 1630 രൂപയാണ് ചെയര്‍കാര്‍ നിരക്കെങ്കില്‍ തല്‍ക്കാലില്‍ ഇതിന് 1765 രൂപ നല്‍കണം. ആലപ്പുഴ വഴിയുള്ള തിരുവനന്തപുരം മംഗളൂരു വന്ദേഭാരതിന്റെ കോച്ചുകള്‍ ഇരുപതായി ഉയര്‍ത്തിയിരുന്നു. ഈ സാഹചര്യത്തില്‍ തല്‍ക്കാല്‍ സീറ്റുകളുടെ എണ്ണം കുറക്കാമെങ്കിലും കൂട്ടുകയാണ് ചെയ്തത്. കൂടുതല്‍ നിരക്ക് നല്‍കി അത്യാവശ്യഘട്ടങ്ങളില്‍ യാത്ര ചെയ്യാന്‍ നിര്‍ബന്ധിതരാകുന്നവരെ റെയില്‍വെ ചൂഷണം ചെയ്യുകയാണെന്ന ആക്ഷേപം ഇതോടെ ശക്തമാണ്. ദീര്‍ഘദൂര ട്രെയിനുകളില്‍ ജനറല്‍ കമ്പാര്‍ട്ടുമെന്റിന്റെ എണ്ണം വെട്ടിക്കുറച്ചത് കാരണം ദിവസവും ട്രെയിനുകളില്‍ സൂചി കുത്താനിടമില്ലാത്ത വിധം തിരക്കാണ്. ട്രെയിനുകളില്‍ യാത്ര ചെയ്യുന്നവരിലേറെയും സാധാരണക്കാരാണ്. സാധാരണക്കാരായ യാത്രക്കാര്‍ക്ക് വേണ്ടി ജനറല്‍ കമ്പാര്‍ട്ടുമെന്റുകളുടെ എണ്ണം വര്‍ധിപ്പിച്ച് യാത്രാദുരിതം പരിഹരിക്കാതെ തല്‍ക്കാല്‍ ക്വാട്ടകളില്‍ സീറ്റുകളുടെ എണ്ണം കൂട്ടുന്നത് യാത്രക്കാരോടുള്ള വെല്ലുവിളിയാണ്.

Similar News