സോഷ്യല്‍ മീഡിയയുടെ ഉപയോഗം എല്ലാവിധത്തിലും സാര്‍വത്രികമായതോടെ ഇന്ന് പൊതുസമൂഹം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി സൈബര്‍ ആക്രമണങ്ങളാണ്. ഒരു പക്ഷേ കൊലപാതകത്തേക്കാള്‍ ക്രൂരമായ അനുഭവമായി സൈബര്‍ ആക്രമണങ്ങള്‍ മാറുന്നു. ഏതൊരു വ്യക്തിയെയും മാനസികമായി തകര്‍ക്കാനും അതിലൂടെ ആത്മഹത്യയിലേക്ക് നയിക്കാനും സൈബര്‍ ആക്രമണങ്ങള്‍ക്ക് സാധിക്കുന്നു. സോഷ്യല്‍ മീഡിയയിലൂടെയുള്ള അധിക്ഷേപങ്ങളും ഭീഷണികളും അപവാദങ്ങളും വ്യക്തികളെ മാത്രമല്ല കുടുംബങ്ങളെ പോലും തകര്‍ക്കുന്നു. കൊലപാതകങ്ങള്‍ക്കും കൂട്ട ആത്മഹത്യകള്‍ക്കുമൊക്കെ ഇത്തരം പ്രശ്‌നങ്ങള്‍ കാരണമാകുന്നുണ്ട്. ഏറ്റവും കൂടുതല്‍ സൈബര്‍ ആഘാതങ്ങള്‍ അനുഭവിക്കേണ്ടിവരുന്നത് സ്ത്രീസമൂഹമാണ്.
സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തുടര്‍ വാര്‍ത്തയാകുമ്പോള്‍ ഒരു കാര്യം ഏറെ ശ്രദ്ധേയമാണ്. സ്ത്രീകള്‍ ശാരീരികമായി മാത്രമല്ല ആക്രമിക്കപ്പെടുന്നത്. സമൂഹമാധ്യമങ്ങളില്‍ മുഖമില്ലാത്ത പലരും സ്ത്രീകളെ അപമാനിക്കാന്‍ തക്കം പാര്‍ത്തിരിക്കുന്നുണ്ട്. അതിരുവിടുന്ന ബോഡിഷെയിമിങ് മുതല്‍ സംഘം ചേര്‍ന്നുള്ള വ്യക്തിഹത്യകള്‍ വരെ വെര്‍ച്വല്‍ ലോകത്ത് ദിനംപ്രതി അരങ്ങേറുന്നുണ്ട്. സ്ത്രീ-പുരുഷ ഭേദമില്ലാതെ പലരും സൈബര്‍ ആക്രമണങ്ങള്‍ക്ക് വിധേയരാകുന്നുണ്ട്. സൈബര്‍ ഭീഷണിയുടെ ലോകം നിരന്തരം വികസിച്ചുകൊണ്ടിരിക്കുന്നു. സൈബര്‍ ആക്രമണകാരികള്‍ കൂടുതല്‍ വൈദഗ്ധ്യവും സംഘടിതരും ആകുന്നതിനനുസരിച്ച്, അവരുടെ ആക്രമണങ്ങളും കൂടുതല്‍ സങ്കീര്‍ണ്ണമാവുകയാണ്. അതിനനുസരിച്ച് ഇവരുണ്ടാക്കുന്ന പ്രത്യാഘാതങ്ങളുടെ ആഴവും വര്‍ധിക്കുന്നു. സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുമ്പോഴും ഇതിനെ ഫലപ്രദമായി ചെറുക്കാന്‍ മാത്രം നമ്മുടെ നിയമം ശക്തമായിട്ടില്ല. സൈബര്‍ ആക്രമണങ്ങള്‍ എത്ര ഏറ്റുവാങ്ങിയാലും ഒരു പ്രശ്‌നവുമില്ലാത്തവര്‍ സമൂഹത്തിലുണ്ട്. ഇത്തരം വിഷയങ്ങളെയും പണം സമ്പാദിക്കാനുള്ള ഉപാധിയായി കാണുകയാണവര്‍. എന്നാല്‍ എല്ലാവര്‍ക്കും അതിനുമാത്രം മനഃശക്തിയുണ്ടാകണമെന്നില്ല. പ്രത്യേകിച്ചും സമൂഹത്തിലെ താഴെ തട്ടില്‍ ജീവിക്കുന്നവരെ സംബന്ധിച്ചിടത്തോളം ഇത് അഭിമാനപ്രശ്‌നമായി മാറുകയും ചെയ്യുന്നു. സൈബര്‍ ആക്രമണങ്ങളെ തടയാന്‍ അധികൃതര്‍ ശക്തമായ നടപടി സ്വീകരിക്കേണ്ടിയിരിക്കുന്നു.