മയക്കുമരുന്ന് മാഫിയകളെ അടിമുടി തളയ്ക്കണം

By :  Sub Editor
Update: 2025-09-25 10:38 GMT

സംസ്ഥാനത്ത് ഭയാനകമായ വിധത്തില്‍ മയക്കുമരുന്ന് വില്‍പ്പനയും ഉപയോഗവും വര്‍ധിക്കുകയാണ്. പുതിയ തലമുറയേയും സമൂഹത്തിന്റെ ഭാവിയേയും നശിപ്പിക്കുന്ന ലഹരി വിപത്തിനെതിരെ പൊതു സമൂഹം ഒറ്റക്കെട്ടായി അണിനിരക്കേണ്ട സമയം അതിക്രമിച്ചുകഴിഞ്ഞു. ലഹരി വിപണനത്തിന്റെയും ഉപയോഗത്തിന്റേയും തായ്‌വേരറുത്ത് വരും തലമുറകളെ കൊടുംവിപത്തില്‍ നിന്നും രക്ഷപ്പെടുത്താനുള്ള മഹായജ്ഞത്തിന് നാടിന്റെയാകെ പിന്തുണയും പങ്കാളിത്തവും ആവശ്യമാണ്. മയക്കുമരുന്നുള്‍പ്പെടെയുള്ള മാരക ലഹരികള്‍ പൊതുസമൂഹത്തിന്റെ സമാധാന അന്തരീക്ഷത്തിനും ഭീഷണി ഉയര്‍ത്തുകയാണ്. മയക്കുമരുന്ന് ആസക്തി പലപ്പോഴും കുടുംബ ബന്ധങ്ങളുടെ തകര്‍ച്ചയിലേക്ക് നയിക്കുന്നു. അതിന്റെ ഭാഗമായി സാമ്പത്തിക ബുദ്ധിമുട്ട്, വൈകാരിക പ്രശ്‌നങ്ങള്‍, കുറ്റവാസന, ആത്മഹത്യ എന്നിവ വര്‍ധിച്ചുവരുന്നു. കേരളത്തില്‍ കൂടുതല്‍ കാണപ്പെടുന്ന ലഹരി വസ്തുക്കളില്‍ കഞ്ചാവ്, ഹെറോയിന്‍, മെത്താംഫെറ്റാമൈന്‍, സിന്തറ്റിക് മരുന്നുകള്‍ എന്നിവ ഉള്‍പ്പെടുന്നു. സിന്തറ്റിക് മരുന്നുകളുടെ ഉപയോഗത്തിലെ വര്‍ധന സാഹചര്യത്തെ കൂടുതല്‍ ഗൗരവമുള്ളതാക്കുന്നു.

ലഹരി ഉപയോഗവും വ്യാപനവും തടയാനുള്ള ബോധവല്‍ക്കരണവും നടപടികളും സ്‌കൂള്‍തലം മുതല്‍ക്കെ വ്യാപിപ്പിക്കണം. മയക്കുമരുന്ന് വിപണനവും സംഭരണവും ഉപയോഗവും തടയാന്‍ ഓപ്പറേഷന്‍ ഡി ഹണ്ട് എന്ന കര്‍മ്മപദ്ധതികളടക്കം കേരള പൊലീസ് നടപ്പാക്കുന്നുണ്ട്. ഡി ഹണ്ട് ഡ്രൈവിന് സഹായകരമായ ഇന്റലിജന്‍സ് ഇന്‍പുട്ട് നല്‍കുന്നതിനായി ഡ്രഗ് ഇന്റലിജന്‍സ് (ഡി ഇന്റ്) എന്ന സംവിധാനം സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ ആവിഷ്‌ക്കരിച്ചിട്ടുണ്ട്.

സംസ്ഥാനതലത്തില്‍ കേരള ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ ആക്ഷന്‍ ഫോഴ്‌സിന്റെ പ്രവര്‍ത്തനം സജീവമാണെങ്കിലും മയക്കുമരുന്ന് മാഫിയകള്‍ സജീവം തന്നെയാണ്. എല്ലാ ജില്ലകളിലും ജില്ലാ പൊലീസ് മേധാവിമാരുടെ മേല്‍നോട്ടത്തില്‍ ജില്ലാ ആന്റി നാര്‍ക്കോട്ടിക് സെല്ലുകള്‍ ഉണ്ട്. അതിന് പുറമെ ലോക്കല്‍ പൊലീസും ശക്തമായ പരിശോധനകളും റെയ്ഡുകളും നടത്തുന്നു. ലഹരി വസ്തുക്കളുടെ ഉത്പാദനം, വിതരണം, കടത്തിക്കൊണ്ട് പോകല്‍, സംഭരണം എന്നിവയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുന്നുണ്ട്.

കാസര്‍കോട് ജില്ലയിലേക്ക് ബംഗളൂരു ഉള്‍പ്പെടെയുള്ള വന്‍ നഗരങ്ങളില്‍ നിന്നും സിന്തറ്റിക് ലഹരി ഇപ്പോഴും ഒഴുകുകയാണ്. സ്‌കൂള്‍ വിദ്യാര്‍ത്ഥികളടക്കം അതിന് അടിമകളുമാണ്. മയക്കുമരുന്ന് മാഫിയകളെ അടിമുടി തളച്ചേ മതിയാകൂ. അതിനായി നിരന്തരമായ പ്രവര്‍ത്തനങ്ങളും കര്‍ശന നടപടികളും അനിവാര്യമാണ്.

Similar News