കുഴികള്‍ നികത്താന്‍ വൈകരുത്

By :  Sub Editor
Update: 2025-05-12 11:30 GMT

മഴക്കാലം വരാന്‍ ഇനി അധികനാളില്ല. കാസര്‍കോട് ജില്ലയില്‍ റോഡ് ഗതാഗതത്തിന് ഭീഷണിയായി നിരവധി കുഴികള്‍ രൂപപ്പെട്ടിരിക്കുകയാണ്. ഇതുവരെ ഈ കുഴികള്‍ നികത്താന്‍ നടപടിയുണ്ടായിട്ടില്ല. ദേശീയപാത വികസനം പൂര്‍ത്തിയാകാത്തതിനാല്‍ സര്‍വീസ് റോഡുകളിലടക്കം ആഴമുള്ള കുഴികള്‍ വാഹനഗതാഗതത്തിന് മാത്രമല്ല യാത്രക്കാരുടെ ജീവന് പോലും ഭീഷണ ിയായി മാറുകയാണ്. കാസര്‍കോട്-കാഞ്ഞങ്ങാട് സംസ്ഥാന പാതയില്‍ പല ഭാഗങ്ങളിലും വലിയ കുഴികളാണുള്ളത്. ഈ കുഴികള്‍ മറികടന്നുപോകാന്‍ വലിയ വാഹനങ്ങളും ചെറിയ വാഹനങ്ങളും ഒരുപോലെ പ്രയാസപ്പെടുകയാണ്. സംസ്ഥാനപാതയിലെ ചന്ദ്രഗിരിപ്പാലത്തിനടുത്ത് നിരവധി വലിയ കുഴികളുണ്ട്. ഈ കുഴികള്‍ കാരണം ചന്ദ്രഗിരിപ്പാലത്തിനടുത്ത് അപകടങ്ങള്‍ തുടര്‍ക്കഥയാവുകയാണ്. അപകടമരണങ്ങളും ഇവിടെ സംഭവിച്ചിട്ടുണ്ട്. കുഴികള്‍ നികത്താത്തതിന് അധികൃതര്‍ കാരണമായി പറയുന്നത് ഫണ്ട് ലഭിക്കുന്നില്ലെന്നാണ്. കാസര്‍കോട് മുതല്‍ ഉദുമ വരെയുള്ള റോഡിന്റെ അറ്റകുറ്റപ്പണികള്‍ക്കായി രണ്ടുകോടിയോളം രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി സംസ്ഥാന പൊതുമരാമത്ത് അധികൃതര്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും ഇതുവരെ അനുമതി ലഭിച്ചിട്ടില്ല. മഴ തുടങ്ങുന്നതിന് മുമ്പ് തന്നെ ചന്ദ്രഗിരിപ്പാലത്തിനടുത്ത കുഴികള്‍ ഒന്നിലേറെ തവണ നികത്തിയിരുന്നു. തുടര്‍ച്ചയായി വേനല്‍മഴ വന്നതോടെ റോഡിലെ കുഴിക്ക് ആഴം വര്‍ധിച്ചിരിക്കുകയാണ്. ഭാരമേറിയ ചരക്കുവാഹനങ്ങള്‍ ഉള്‍പ്പെടെ സംസ്ഥാനപാതയിലൂടെ കടന്നുപോകുന്നുണ്ട്. കുഴികളുടെ ആഴം വര്‍ധിക്കാന്‍ ഇത് കാരണമാകുകയാണ്. ചന്ദ്രഗിരിപ്പാലത്തിനടുത്ത് ഇന്റര്‍ലോക്ക് ചെയ്തിരിക്കുന്നതിന് സമീപത്താണ് കൂടുതല്‍ കുഴികളുള്ളത്. ഇരുചക്രവാഹനങ്ങള്‍ ഇത്തരം കുഴികളില്‍ പതിക്കുന്നത് പതിവായിരിക്കുകയാണ്. വാഹനങ്ങള്‍ എത്ര ശ്രദ്ധയോടെ ഓടിച്ചാലും റോഡിലെ കുഴികള്‍ അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. ഇരുചക്രവാഹനങ്ങള്‍ കുഴിയില്‍ പതിക്കാതിരിക്കാന്‍ വെട്ടിക്കുമ്പോള്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടങ്ങള്‍ സംഭവിക്കുന്നു. രാത്രികാലങ്ങളില്‍ കുഴികള്‍ ഡ്രൈവര്‍മാരുടെ ശ്രദ്ധയില്‍ പെടണമെന്നില്ല. അവിചാരിതമായിട്ടായിരിക്കും അപകടങ്ങള്‍ സംഭവിക്കുന്നത്. റോഡിലെ കുഴിയടക്കുന്നത് അടക്കമുള്ള അറ്റകുറ്റപ്പണികള്‍ക്കായി വര്‍ഷം തോറും ചിലവഴിക്കുന്നത് ലക്ഷക്കണക്കിന് രൂപയാണ്. സംസ്ഥാനപാതയിലെ മറ്റ് ഭാഗങ്ങളിലും അപകടസാധ്യത വര്‍ധിപ്പിക്കുന്ന കുഴികളുണ്ട്. മലയോര-ഉള്‍നാടന്‍ റോഡുകളുടെ സ്ഥിതിയും വിഭിന്നമല്ല. ആദ്യത്തെ മഴയ്ക്ക് തന്നെ റോഡ് തകരുകയും കുഴികള്‍ രൂപപ്പെടുകയും ചെയ്യുന്നുവെങ്കില്‍ അതിനര്‍ത്ഥം അറ്റകുറ്റപ്പണികള്‍ നടത്തിയതില്‍ ക്രമക്കേടുണ്ടെന്ന് തന്നെയാണ്. റോഡുകളില്‍ വെറുതെ അറ്റകുറ്റപ്പണികള്‍ നടത്തിയതുകൊണ്ട് കാര്യമില്ല. എത്ര ശക്തമായ മഴ വന്നാലും തകരാത്ത കാര്യക്ഷമതയോടെ വേണം റോഡ് അറ്റകുറ്റപ്പണികള്‍ നടത്തേണ്ടത്. മനുഷ്യജീവന്‍ അപഹരിക്കപ്പെടാന്‍ റോഡിലെ ഒരു കുഴിയും കാരണമാകാതിരിക്കട്ടെ.

Similar News