കവര്‍ച്ചക്കാര്‍ക്കെതിരെ ജാഗ്രത വേണം

By :  Sub Editor
Update: 2025-08-28 09:41 GMT

കാസര്‍കോട് ജില്ലയില്‍ കവര്‍ച്ച വ്യാപകമാവുകയാണ്. വീടുകള്‍ കേന്ദ്രീകരിച്ചും കടകളിലും ആരാധനാലയങ്ങളിലും കവര്‍ച്ച നടത്തുന്നവര്‍ ജനങ്ങളുടെ സ്വസ്ഥമായ ജീവിതത്തിന് വലിയ ഭീഷണിയായി മാറുകയാണ്. വീടുകളില്‍ ആളുള്ളപ്പോള്‍ പോലും കവര്‍ച്ചക്കെത്തുന്ന സംഘങ്ങള്‍ മനുഷ്യജീവന് തന്നെ ഭീഷണിയാണ്. കഴിഞ്ഞ ദിവസം പുല്ലൂരില്‍ പ്രവാസി വ്യവസായിയുടെ വീട്ടില്‍ നടന്ന കവര്‍ച്ചാശ്രമം ഇത്തരം സംഘങ്ങള്‍ക്കെതിരെ ഏറെ കരുതല്‍ വേണമെന്ന സന്ദേശമാണ് നല്‍കുന്നത്. പ്രവാസി അമ്മക്കൊപ്പം ആസ്പത്രിയിലായതിനാല്‍ വീട്ടില്‍ പ്രവാസിയുടെ ഭാര്യ മാത്രമേ വീട്ടിലുണ്ടയിരുന്നുള്ളൂ. രണ്ടംഗ കവര്‍ച്ചക്കാര്‍ വീടിന്റെ വാതില്‍ പൂട്ട് തകര്‍ത്ത് അകത്തുകടക്കാനുള്ള ശ്രമത്തിനിടെ മുകള്‍ നിലയിലായിരുന്ന സ്ത്രീ ശബ്ദം കേട്ട് താഴത്തെ നിലയിലെത്തിയപ്പോഴാണ് കവര്‍ച്ചക്കാരെ കണ്ടത്. സ്ത്രീ ബഹളം വെച്ചതോടെ പരിസരവാസികളെത്തുകയും കവര്‍ച്ചക്കാര്‍ അവിടെ നിന്ന് രക്ഷപ്പെടുകയുമായിരുന്നു. ആരും വന്നില്ലായിരുന്നെങ്കില്‍ ആ സ്ത്രീയെ കവര്‍ച്ചക്കാര്‍ അപായപ്പെടുത്താന്‍ പോലും മടി കാണിക്കുമായിരുന്നില്ല. അത്തരം സംഭവങ്ങള്‍ ജില്ലയില്‍ ഉണ്ടായട്ടുണ്ടെന്ന യാഥാര്‍ത്ഥ്യം മറക്കാനാകില്ല. റിട്ട. അധ്യാപിക ചീമേനി പുലിയന്നൂരിലെ ജാനകിയെ കഴുത്തറുത്ത് സ്വര്‍ണ്ണാഭരണങ്ങളും പണവും കവര്‍ന്നതും പെരിയ ആയമ്പാറ ചെക്കിപ്പള്ളത്തെ സുബൈദയെ കൊലപ്പെടുത്തി സ്വര്‍ണ്ണം കവര്‍ന്നതും പനയാല്‍ ബാങ്ക് വാച്ച് മാനായിരുന്ന അരവത്ത് വിനോദ് കുമാറിനെ കൊലപ്പെടുത്തി കവര്‍ച്ച നടത്തിയതും ഓര്‍ക്കും തോറും നടുക്കമുളവാക്കുന്ന സംഭവങ്ങളാണ്. വീട്ടില്‍ ഒറ്റക്ക് താമസിക്കുന്നവരെ ലക്ഷ്യമിട്ടുള്ള നിരവധി കവര്‍ച്ചകള്‍ ജില്ലയിലുണ്ടായിട്ടുണ്ട്. വയോധികരും സ്ത്രീകളും മാത്രമുള്ള വീടുകളാണ് കൂടുതലായും കവര്‍ച്ചക്ക് തിരഞ്ഞെടുക്കുന്നത്. കവര്‍ച്ച മാത്രമാണ് ലക്ഷ്യമെങ്കിലും തടസം വന്നാല്‍ കൊലപാതകം വരെ ഇത്തരം സംഘങ്ങള്‍ നടത്തുന്നു. അത്യാവശ്യം സാമ്പത്തിക സ്ഥിതിയുള്ളവരുടെയും സമ്പന്നരുടെയും വീടുകള്‍ കവര്‍ച്ചക്കാര്‍ എപ്പോഴും നോട്ടം വെക്കുന്നുണ്ട്. വിലപിടിപ്പുള്ള സ്വര്‍ണ്ണാഭരണങ്ങളും പണവും ഇത്തരം വീടുകളിലുണ്ടാകുമെന്നാണ് കവര്‍ച്ചക്കാരുടെ കണക്കുകൂട്ടല്‍. കവര്‍ച്ചക്ക് മുമ്പ് ഇവര്‍ വീടും പരിസരവും വീക്ഷിച്ച് സ്ഥിതിഗതികള്‍ മനസിലാക്കും. വീട് പൂട്ടി എവിടെയെങ്കിലും പോകുകയാണെങ്കില്‍ കവര്‍ച്ചക്കായി രംഗത്തിറങ്ങുന്നു. എന്നാല്‍ ചില കവര്‍ച്ചക്കാര്‍ വീട്ടുകാര്‍ ഉണ്ടെങ്കില്‍ പോലും മോഷണം നടത്താനെത്തുന്നവരാണ്. വീട്ടുകാര്‍ ഉറങ്ങിക്കിടക്കുന്ന സമയത്ത് രാത്രിയോ പുലര്‍ച്ചെയോ ആണ് ഇവര്‍ എത്തുക. വീട്ടുകാരെ അക്രമിച്ചും കെട്ടിയിട്ടും ഭീഷണിപ്പെടുത്തിയുമൊക്കെ കവര്‍ച്ച നടത്തിയ സംഭവങ്ങളുണ്ടായിട്ടുണ്ട്. സ്വര്‍ണമാലയും മറ്റ് ആഭരണങ്ങളും ധരിച്ച് വീടുകളില്‍ നിന്ന് വെളിയിലിറങ്ങുന്ന സ്ത്രീകള്‍ ഒട്ടും സുരക്ഷിതരല്ലാത്ത കാലം കൂടിയാണിത്. ഇവര്‍ റോഡരികിലൂടെ നടന്നുപോകുമ്പോള്‍ ഇരുചക്രവാഹനങ്ങളിലെത്തി വഴി ചോദിച്ച് ശ്രദ്ധ തിരിച്ച ശേഷം ആഭരണങ്ങള്‍ കവര്‍ന്നെടുത്ത് രക്ഷപ്പെടുന്നവര്‍ ഏറെയുണ്ട്. പല കവര്‍ച്ചാക്കേസുകളിലും പ്രതികളെ തിരിച്ചറിയാന്‍ കൂടി സാധിക്കാറില്ല. കവര്‍ച്ചാക്കേസുകളില്‍ ജയിലിലായി ജാമ്യത്തിലിറങ്ങിയ ശേഷം പിന്നീടും മോഷണം തുടരുന്നവരുണ്ട്. കാലവര്‍ഷമായതിനാല്‍ മഴയുടെ മറവിലാണ് കൂടുതല്‍ കവര്‍ച്ചകളും നടക്കുന്നത്. അതുകൊണ്ടു തന്നെ കവര്‍ച്ചക്കാര്‍ ഏത് സമയവും വരാമെന്ന ധാരണയില്‍ കുടുംബങ്ങള്‍ ശക്തമായ മുന്‍കരതലും ജാഗ്രതയും പാലിക്കേണ്ടത് അനിവാര്യമാണ്.

Similar News