ദാരിദ്ര്യ നിര്‍മ്മാര്‍ജനത്തില്‍ ലക്ഷ്യം കൈവരിക്കണം

By :  Sub Editor
Update: 2025-09-03 09:48 GMT

അടുത്ത കേരളപ്പിറവി ദിനത്തോടെ കേരളം ഇന്ത്യയിലെ ആദ്യത്തെ ദാരിദ്ര്യ നിര്‍മ്മാര്‍ജന സംസ്ഥാനമാകുമെന്ന മന്ത്രി കെ. രാജന്റെ പ്രഖ്യാപനം കേള്‍ക്കാന്‍ സുഖമുണ്ടെങ്കിലും ഇത് എത്രത്തോളം പ്രാവര്‍ത്തികമാകുമെന്ന് ബോധ്യപ്പെടേണ്ടത് അനുഭവത്തിലൂടെയാണ്. ഏത് വിധത്തില്‍ ഈ പദ്ധതി ലക്ഷ്യം കൈവരിക്കുമെന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തത കൈവന്നിട്ടില്ല. കേരളത്തില്‍ ഇന്നും സമ്പന്നരെക്കാളും ഇടത്തരക്കാരെക്കാളും കൂടുതല്‍ പാവങ്ങളാണ്. കര്‍ഷകര്‍, കര്‍ഷക തൊഴിലാളികള്‍, കൂലി തൊഴിലാളികള്‍, നിര്‍മ്മാണ തൊഴിലാളികള്‍, മത്സ്യ തൊഴിലാളികള്‍, ദളിതര്‍, ആദിവാസികള്‍ തുടങ്ങി അടിസ്ഥാന ജനവിഭാഗങ്ങള്‍ക്കിടയിലുള്ള ദാരിദ്ര്യവും സാമ്പത്തിക പ്രതിസന്ധിയും രൂക്ഷമായി തുടരുകയാണ്. ദാരിദ്ര്യം കാരണമുള്ള കൂട്ട ആത്മഹത്യകളും സംസ്ഥാനത്ത് വര്‍ധിച്ചുവരുന്നു. അടച്ചുറപ്പുള്ള വീടുകള്‍ ഇല്ലാത്ത ലക്ഷക്കണക്കിന് കുടുംബങ്ങള്‍ ഇപ്പോഴും സംസ്ഥാനത്തുണ്ട്. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുടുംബങ്ങള്‍ക്ക് സര്‍ക്കാറിന്റെ ലൈഫ് ഭവന പദ്ധതി പ്രകാരം വീടുകള്‍ നല്‍കുന്നുണ്ടെങ്കിലും അര്‍ഹതയുണ്ടായിട്ടും വീടുകള്‍ കിട്ടാത്ത ലക്ഷങ്ങള്‍ ബാക്കിയുണ്ട്. പ്ലാസ്റ്റിക് ഷെഡ്ഡുകളിലും ചോര്‍ന്നൊലിക്കുന്ന കൂരകളിലും താമസിക്കുന്നവര്‍.

കാസര്‍കോട്ടെ അതിര്‍ത്തി പ്രദേശങ്ങളില്‍ കൊറഗവിഭാഗങ്ങള്‍ അടക്കമുള്ള നിരവധി കുടുംബങ്ങള്‍ക്ക് നല്ലൊരു വീടില്ല. പൊളിഞ്ഞു വീഴാറായതും അടച്ചുറപ്പില്ലാത്തതുമായ വീടുകളിലാണ് പല കുടുംബങ്ങളും താമസിക്കുന്നത്. ഇവര്‍ക്ക് ലൈഫ് ഭവനപദ്ധതി പ്രകാരം വീടുകള്‍ കിട്ടുന്നതിന് പല തടസങ്ങളും നിലനില്‍ക്കുന്നുണ്ട്. മതിയായ രേഖകള്‍ ഇല്ലെന്ന കാരണത്താല്‍ വീടുകള്‍ നിഷേധിക്കുന്നു. സ്ഥലത്തിന്റെ രേഖകളിലെ പ്രശ്‌നം, പട്ടയപ്രശ്‌നം ഇതൊക്കെ വീടുകള്‍ അനുവദിക്കുന്നതിന് തടസമായി മാറുകയാണ്. ഇതൊക്കെ ശരിയാക്കി കൊടുക്കാന്‍ ഉത്തരവാദപ്പെട്ട ജനപ്രതിനിധികള്‍ ഇക്കാര്യത്തില്‍ താല്‍പര്യമെടുക്കുന്നില്ല. രാഷ്ട്രീയ പാര്‍ട്ടികള്‍ ഈ ഭാഗങ്ങളിലേക്ക് തിരിഞ്ഞ് നോക്കുന്നുമില്ല. പരമ്പരാഗത തൊഴിലുകള്‍ പോലും വരുമാനത്തിന് പ്രയോജനപ്പെടാതെ അതിര്‍ത്തി പ്രദേശങ്ങളിലെ പിന്നോക്ക കുടുംബങ്ങള്‍ ദുരിതത്തിലാണ്. കാസര്‍കോട് ജില്ലയിലെ മറ്റു പ്രദേശങ്ങളിലും ഇത്തരം കുടുംബങ്ങളുണ്ട്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത മേഖലകളിലെ കുടുംബങ്ങള്‍ ദാരിദ്ര്യം കൊണ്ട് കഷ്ടപ്പെടുകയാണ്. ദുരിതബാധിതരുടെ ചികിത്സക്ക് പ്രത്യേകം പണം കണ്ടെത്തേണ്ടതിനാല്‍ ഈ കുടുംബങ്ങള്‍ അതീവ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. അടച്ചുറപ്പില്ലാത്ത വീടുകളില്‍ കഴിയേണ്ടി വരുന്ന ദുരിതബാധിതരുടെ ദൈന്യതക്ക് പരിഹാരം കാണാന്‍ കഴിയുന്നില്ല.

പാലക്കാട്, വയനാട് ജില്ലകളിലടക്കം ദാരിദ്ര്യത്തില്‍ നിന്ന് മുക്തി നേടാന്‍ കഴിയാത്ത ജനാവിഭാഗങ്ങളുണ്ട്. കേരളം സമ്പൂര്‍ണ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം യാഥാര്‍ത്ഥ്യമാകണമെങ്കില്‍ ഒരു മേഖലയിലും ദാരിദ്ര്യം ഉണ്ടാകാന്‍ പാടില്ല. അതിനുവേണ്ടിയുള്ള ലക്ഷ്യം കൈവരിക്കാന്‍ സര്‍ക്കാറിന് സാധിക്കണം. ദാരിദ്ര്യം ഇല്ലാത്ത ജനസമൂഹം നാടിന്റെ പുരോഗതിക്ക് അനിവാര്യമാണ്.

Similar News