കോഴിക്കോട് രാമനാട്ടുകരയില്‍ ബംഗാളി പെണ്‍കുട്ടിയെ അഞ്ച് മലയാളികള്‍ ചേര്‍ന്ന് ക്രൂരമായ ബലാത്സംഗത്തിനിരയാക്കിയ സംഭവം നമ്മുടെ സംസ്ഥാനത്തിന് വലിയ അവമതിപ്പാണുണ്ടാക്കിയിരിക്കുന്നത്. ഞെട്ടിക്കുന്ന ഈ സംഭവം രാജ്യമെങ്ങും ചര്‍ച്ചാവിഷയമായിരിക്കുകയാണ്. ബംഗാളില്‍ നിന്നുള്ള പൊലീസ് സംഘം കോഴിക്കോട്ടെത്തി വിവരങ്ങള്‍ ശേഖരിച്ചിരിക്കുന്നു. രാമനാട്ടുകരയില്‍ താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളിയുടെ മകളാണ് പീഡനത്തിന് ഇരയായത്. ആഗസ്ത് 19നാണ് കേസിനാസ്പദമായ സംഭവം. ദേഹമാസകലം മുറിവേല്‍പ്പിച്ചുകൊണ്ടുള്ള ക്രൂരമായ ബലാത്സംഗത്തിനാണ് പെണ്‍കുട്ടി ഇരയായത്.
കുട്ടികള്‍ക്കെതിരെ വര്‍ധിച്ചുവരുന്ന ആക്രമണങ്ങള്‍ തടയാനും കുറ്റവാളികള്‍ക്ക് തക്കതായ ശിക്ഷ ഉറപ്പാക്കാനും ശക്തമായ നിയമസംവിധാനങ്ങള്‍ ഉണ്ടെന്നിരിക്കെയാണ് കേരളത്തിന് നാണക്കേടുണ്ടാക്കിയ സംഭവം നടന്നത്. സമാനമായ കുറ്റകൃത്യങ്ങള്‍ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ വര്‍ധിച്ചുവരികയാണ്.
ലൈംഗികാതിക്രമങ്ങളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് 2012 ജൂണ്‍ 18ന് പാര്‍ലമെന്റ് പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രന്‍ ഫ്രം സെക്ഷ്വല്‍ ഒഫന്‍സസ് അഥവാ പോക്സോ നിയമം പാര്‍ലമെന്റില്‍ പാസാക്കുന്നത്. ഇന്ത്യന്‍ പീനല്‍ കോഡ് ഭേദഗതി ചെയ്താണ് കുട്ടികളെ ലൈംഗികാതിക്രമങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നതിനുള്ള നിയമനിര്‍മ്മാണം നടത്തിയത്. ആണ്‍- പെണ്‍ ലിംഗ വ്യത്യാസങ്ങളില്ലാതെ ലൈംഗികാതിക്രമങ്ങള്‍ക്കിരയാകുന്ന കുട്ടികള്‍ക്ക് നിയമസംരക്ഷണവും നീതിയും ഉറപ്പാക്കുന്ന രീതിയിലാണ് ഇന്ത്യന്‍ പാര്‍ലമെന്റ് ഈ നിയമം നിര്‍മ്മിച്ചിട്ടുള്ളത്. കുട്ടികളെ ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നതിനുള്ള ശക്തമായ വ്യവസ്ഥകളും ശിശുസൗഹാര്‍ദ്ദപരമായ നടപടിക്രമങ്ങളുമാണ് പോക്‌സോ ആക്റ്റിലുള്ളത്. കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം, ലൈംഗിക പീഡനം, കുട്ടികളുടെ അശ്ലീല ചിത്രങ്ങളെടുക്കല്‍, കുട്ടികളെ അശ്ലീല ചിത്രങ്ങള്‍ കാണിക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കുന്ന തരത്തിലാണ് നിയമം വിഭാവനം ചെയ്യപ്പെട്ടിട്ടുള്ളത്. കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങളുടെ വിചാരണക്കായി പ്രത്യേക കോടതികള്‍ സ്ഥാപിക്കുക, പബ്ലിക്ക് പ്രോസിക്യൂട്ടര്‍മാരെ നിയമിക്കുക, കേസന്വേഷണവും വിചാരണയും ബാലസൗഹാര്‍ദ്ദപരമാക്കുക, കുട്ടികളുടെ പുനരധിവാസം, ശാരീരിക, മാനസിക, ആരോഗ്യ, സാമൂഹിക, വികാസത്തിന് വേണ്ടി കുട്ടികളുടെ ഉത്തമതാല്‍പ്പര്യം മുന്‍നിര്‍ത്തി നടപടികള്‍ സ്വീകരിക്കുക എന്നിവ പോക്‌സോ നിയമത്തിന്റെ ലക്ഷ്യങ്ങളാണ്. കുറ്റവാളികള്‍ക്ക് ശിക്ഷ ഉറപ്പാക്കുന്നതിനോടൊപ്പം കുറ്റകൃത്യങ്ങള്‍ക്ക് വിധേയരായവര്‍ക്ക് നഷ്ടപരിഹാരം ഉറപ്പാക്കാനും പ്രസ്തുത നിയമം ലക്ഷ്യമിടുന്നുണ്ട്. കുറ്റം തെളിഞ്ഞാല്‍ പ്രതികള്‍ക്ക് ആജീവനാന്ത തടവും വധശിക്ഷയുമൊക്കെ ലഭിക്കാവുന്ന കടുത്ത നിയമം നിലനില്‍ക്കുമ്പോഴും കുട്ടികള്‍ ലൈംഗികാതിക്രമങ്ങള്‍ക്കിരകളാകുന്ന സംഭവങ്ങള്‍ പെരുകുന്നത് തികച്ചും ആശങ്കാജനകമാണ്.