സൂക്ഷിക്കണം, സ്വര്‍ണ്ണക്കവര്‍ച്ചക്കാരെ

By :  Sub Editor
Update: 2025-10-17 10:39 GMT

സ്വര്‍ണ്ണവില ശരവേഗത്തില്‍ കുതിച്ചുയരുമ്പോള്‍ സ്വര്‍ണ്ണ ഇടപാടുകാരില്‍ അതുണ്ടാക്കുന്ന ആഹ്ലാദവും പ്രതീക്ഷയും വളരെ വലുതാണ്. എന്നാല്‍ വിവാഹചടങ്ങുകളില്‍ സ്വര്‍ണ്ണം പ്രധാന ഘടകമായതിനാല്‍ സാധാരണക്കാര്‍ക്ക് ഇതുമൂലമുണ്ടാകുന്ന സാമ്പത്തികബാധ്യതകളും വലുതാണ്. ഇതിനിടയില്‍ ആശങ്കപ്പെടുത്തുന്ന മറ്റൊരു കാര്യമുണ്ട്. സ്വര്‍ണ്ണക്കവര്‍ച്ചകള്‍ വ്യാപകമാകുമെന്നതാണ് ആശങ്ക. സ്വര്‍ണ്ണം കൊള്ളയടിക്കുന്നത് പുതിയ കാര്യമല്ല. എന്നാല്‍ വില കുതിച്ചുകയറുമ്പോള്‍ സ്വര്‍ണ്ണം കൊള്ളയടിക്കപ്പെടുന്ന സംഭവങ്ങളും വര്‍ധിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. പവന് 94,500 രൂപ കടന്നതോടെ സ്വര്‍ണ്ണക്കവര്‍ച്ചക്കാര്‍ സജീവമായി രംഗത്തിറങ്ങാന്‍ സാധ്യതയുണ്ടെന്നാണ് അധികൃതര്‍ നല്‍കുന്ന മുന്നറിയിപ്പ്. റെയില്‍വെ അധികൃതര്‍ ഇക്കാര്യത്തില്‍ ബോധവല്‍ക്കരണവുമായി മുന്നോട്ടുവന്നിരിക്കുകയാണ്. തീവണ്ടിയില്‍ സ്വര്‍ണ്ണക്കവര്‍ച്ചക്കാരെ ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ് നല്‍കുന്ന ബോധവല്‍ക്കരണ വീഡിയോയും റെയില്‍വെ പോസ്റ്ററും ഇറക്കിക്കഴിഞ്ഞു. തീവണ്ടിയാത്ര നടത്തുന്നവര്‍ സ്വര്‍ണ്ണം ധരിക്കാതിരിക്കുന്നതാണ് ഏറ്റവും സുരക്ഷിതത്വമെന്ന് റെയില്‍വെ വ്യക്തമാക്കുന്നു. സ്വര്‍ണ്ണമാണെന്ന രീതിയില്‍ മുക്കുപണ്ടം അണിയുന്നത് പോലും അപകടമാണെന്ന് അധികൃതര്‍ പറയുന്നു. മുക്കുപണ്ടം മോഷണം പോകുന്നത് നഷ്ടമൊന്നുമല്ലെങ്കിലും കവര്‍ച്ച നടത്താന്‍ ഏത് മാര്‍ഗവും കവര്‍ച്ചക്കാര്‍ സ്വീകരിക്കുമെന്നത് ഭയപ്പെടേണ്ട കാര്യമാണ്. കവര്‍ച്ചക്ക് വേണ്ടി കൊലപാതകം നടത്താന്‍ പോലും മടിയില്ലാത്തവര്‍ സമൂഹത്തിലുണ്ട്. അവര്‍ സ്ഥിരം കവര്‍ച്ചക്കാര്‍ തന്നെയാകണമെന്നില്ല. തീവണ്ടികള്‍ കേന്ദ്രീകരിച്ച് സ്വര്‍ണ്ണം കവര്‍ച്ച ചെയ്യുന്നവര്‍ക്ക് സ്വര്‍ണ്ണപാദസരങ്ങളാണ് കൂടുതല്‍ പ്രിയപ്പെട്ടത്. മുകള്‍ ബര്‍ത്തില്‍ കിടന്നുറങ്ങുന്ന സ്ത്രീകളുടെ പാദസരം പൊട്ടിച്ചെടുത്ത് മുങ്ങുന്നതാണ് ഇവരുടെ രീതി. ഒരു വണ്ടിയില്‍ സംഘമായെത്തി വെവ്വേറെ കവര്‍ച്ച നടത്തി സ്ഥലം വിടുന്നവരുമുണ്ട്. കൊങ്കണ്‍പാതയില്‍ ഏറ്റവും കൂടുതല്‍ കവര്‍ച്ചക്കിരകളാകുന്നത് മലയാളികളാണ്. കൊങ്കണ്‍വണ്ടികളില്‍ റെയില്‍വെ പൊലീസിന്റെയോ ആര്‍.പി.എഫിന്റെയോ നിരീക്ഷണം ഉണ്ടാകാറില്ല. ഒരു വണ്ടിയില്‍ ഒന്നോ രണ്ടോ ടിക്കറ്റ് പരിശോധകര്‍ മാത്രമാകും ഉണ്ടാകുക. ഈ അവസരം മോഷ്ടാക്കള്‍ മുതലെടുക്കുന്നുണ്ട്. വീടുകളില്‍ കയറി സ്വര്‍ണ്ണം കൊള്ളയടിക്കുന്ന സംഭവങ്ങള്‍ ഇപ്പോഴും ഉണ്ടാകുന്നു.

അടച്ചിട്ട വീടുകള്‍ കുത്തിത്തുറന്നുള്ള സ്വര്‍ണ്ണക്കവര്‍ച്ചക്ക് പുറമെ കുടുംബാംഗങ്ങള്‍ ഉള്ളപ്പോള്‍ തന്നെ കവര്‍ച്ച നടത്തുന്ന സംഭവങ്ങളും വര്‍ധിക്കുകയാണ്. ഈ സമയം സംഘത്തോടെയെത്തി ഭീഷണിപ്പെടുത്തിയും അക്രമിച്ചുമാണ് കവര്‍ച്ച നടത്തുന്നത്. എതിര്‍ത്താല്‍ കൊല തന്നെ നടത്തിയെന്നുവരും. തനിച്ച് താമസിക്കുന്ന സ്ത്രീകളാണ് കൂടുതലും ഭയപ്പേടേണ്ടത്. സ്വര്‍ണ്ണം ധരിച്ച് പൊതുസ്ഥലത്ത് കൂടി നടക്കുന്നവരും സുരക്ഷിതരല്ല. അതുകൊണ്ട് ജാഗ്രതയും മുന്‍കരുതലും വേണം.

Similar News