കാഞ്ഞങ്ങാട്-കാണിയൂര്‍ റെയില്‍പാത എന്ന് യാഥാര്‍ത്ഥ്യമാകുമെന്ന ചോദ്യം ഉത്തരമില്ലാതെ അവശേഷിക്കുകയാണ്. കാഞ്ഞങ്ങാട് നിന്ന് ബംഗളൂരുവിലേക്കുള്ള പുതിയ റെയില്‍പാത യാഥാര്‍ത്ഥ്യമായാല്‍ ഇരുസംസ്ഥാനങ്ങള്‍ക്കും നേട്ടങ്ങളേറെയാണ്. കാഞ്ഞങ്ങാട് നിന്ന് തുടങ്ങി പാണത്തൂര്‍ വഴി കര്‍ണാടകയിലെ കാണിയൂരിലെത്തുന്നതാണ് നിര്‍ദ്ദിഷ്ട മലയോര റെയില്‍വെ ലൈന്‍. നിലവില്‍ മംഗളൂരു വഴി 13 മണിക്കൂറോളം എടുത്ത് ബംഗളൂരുവിലേക്ക് യാത്ര ചെയ്യുന്ന മലയാളികള്‍ക്ക് പുതിയ പാതയിലൂടെ ഏഴ് മണിക്കൂര്‍ കൊണ്ട് യാത്ര പൂര്‍ത്തിയാക്കാനാകും. 200 കിലോമീറ്റര്‍ ലാഭിക്കാനും ഈ പാത വഴി കഴിയും. 91.50 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റെയില്‍വെ ലൈനാണ് പുതുതായി നിര്‍മ്മിക്കേണ്ടത്. ഇതില്‍ കാഞ്ഞങ്ങാട് മുതല്‍ പാണത്തൂര്‍ വരെയുള്ള 41 കിലോമീറ്റര്‍ കേരളത്തിലൂടെയും രണ്ടാമത്തെ റീച്ച് കര്‍ണാടകയിലൂടെയുമാണ് കടന്നുപോവുക. കര്‍ണാടകയുടെ ഭാഗത്ത് ബേഡഡുക്ക, ആലട്ടി, ജാല്‍സൂര്‍, സുള്ള്യ എന്നീ സ്ഥലങ്ങള്‍ പിന്നിട്ട് കാണിയൂര്‍ സ്റ്റേഷനിലേക്ക് എത്തിച്ചേരും. ഇവിടെ നിന്ന് ബംഗളൂരുവിലേക്ക് യാത്ര തുടരാം. 2014-15ലാണ് കാഞ്ഞങ്ങാട്-കാണിയൂര്‍ പാതയുടെ സര്‍വേയ്ക്ക് റെയില്‍വെ അനുമതി നല്‍കിയതെങ്കിലും 2018ന് ശേഷം പദ്ധതി മുന്നോട്ടുപോയിട്ടില്ല. പദ്ധതിക്ക് കര്‍ണാടകയുടെ സമ്മതപത്രവും ലഭിച്ചിരുന്നില്ല. കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍ കാഞ്ഞങ്ങാട്ട് വന്ന സമയത്ത് സമ്മതപത്രം നല്‍കണമെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി ആവശ്യപ്പെട്ടിരുന്നു. ഇതിനോട് അനുകൂലമായാണ് ശിവകുമാര്‍ പ്രതികരിച്ചത്. കേരളം സമ്മതപത്രം നേരത്തെ നല്‍കിയിരുന്നു. പദ്ധതി ഇത്രയേറെ വൈകിയതിനാല്‍ ഇത് പുതുക്കി നല്‍കേണ്ടി വന്നേക്കും.
2018ല്‍ ദക്ഷിണ റെയില്‍വെ പുതിയ പാത പ്രായോഗികമാണെന്ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നെങ്കിലും പിന്നീട് നടപടികള്‍ ഒന്നും ഉണ്ടായില്ല. സ്ഥലമേറ്റെടുപ്പിനെക്കുറിച്ചും റെയില്‍വെ ബോര്‍ഡ് പ്രതികരിച്ചിരുന്നില്ല. ഇരുസംസ്ഥാനങ്ങളുടെയും സമ്മതപത്രത്തിനൊപ്പം കേന്ദ്രവും പച്ചക്കൊടി വീശിയാല്‍ കാഞ്ഞങ്ങാട്-പാണത്തൂര്‍-കാണിയൂര്‍ റെയില്‍വെ യാഥാര്‍ത്ഥ്യമാകും. ഇതോടെ ബംഗളൂരു യാത്രയും ഇരു സംസ്ഥാനങ്ങളിലെ ടൂറിസം കേന്ദ്രത്തിനും വലിയ ഉണര്‍വുണ്ടാകും. ബംഗളൂരു ഐടി നഗരത്തില്‍ ജോലി ചെയ്യുന്ന മലയാളികള്‍ക്ക് 7 മണിക്കൂര്‍കൊണ്ട് യാത്ര പൂര്‍ത്തിയാക്കാന്‍ പുതിയ പാതയിലൂടെ കഴിയും. ചരക്കുനീക്കവും അതിവേഗത്തില്‍ നടക്കും. കേരളത്തില്‍ നിന്ന് തലക്കാവേരി, സുബ്രഹ്മണ്യം, മൂകാംബിക ക്ഷേത്രങ്ങളിലേക്ക് പോകുന്നവര്‍ക്ക് ഏറെ പ്രയോജനപ്പെടുന്നതാണ് പുതിയ പാത. സാങ്കേതിക തടസങ്ങള്‍ വേഗത്തില്‍ ഒഴിവാക്കി പാത യാഥാര്‍ത്ഥ്യമാക്കണം.