ഗാസയില്‍ വേണ്ടത് ശാശ്വത സമാധാനം

By :  Sub Editor
Update: 2025-10-15 09:50 GMT

രണ്ടുവര്‍ഷക്കാലം ഇസ്രയേലിന്റെ ഏകപക്ഷീയമായ ആക്രമണത്തില്‍ വിറങ്ങലിച്ചുപോയ ഗാസയില്‍ ഒടുവില്‍ സമാധാനത്തിന്റെ ശുദ്ധവായു ശ്വസിക്കാനുള്ള സാഹചര്യം ഉടലെടുത്തിരിക്കുന്നു. അപ്പോഴേക്കും പിഞ്ചുകുട്ടികള്‍ അടക്കം അനേകായിരം ജീവനുകളാണ് ഗാസയുടെ മണ്ണില്‍ പൊലിഞ്ഞുവീണതെന്ന ദുഖസത്യം മനസാക്ഷിയുള്ളവരെ അലോസരപ്പെടുത്തുകയാണ്. തീവ്രമായ ചര്‍ച്ചകള്‍ക്കൊടുവില്‍ ഇസ്രയേലും ഹമാസും തമ്മിലുള്ള വെടിനിര്‍ത്തല്‍ വെള്ളിയാഴ്ച പ്രാദേശിക സമയം ഉച്ചയോടെയാണ് നിലവില്‍ വന്നത്. കഴിഞ്ഞ മാര്‍ച്ചില്‍ ആരംഭിച്ച തുടര്‍ച്ചയായ ആക്രമണങ്ങളില്‍ നിന്ന് ഗാസയിലെ ജനങ്ങള്‍ക്ക് ലഭിക്കുന്ന ആദ്യത്തെ ആശ്വാസമാണിത്.വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതോടെ, പതിനായിരക്കണക്കിന് പലസ്തീനികള്‍ തങ്ങളുടെ തകര്‍ന്ന വീടുകളിലേക്ക് മടങ്ങിപ്പോകാന്‍ തുടങ്ങിയിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ തന്നെ ഇസ്രയേലി സൈന്യം ധാരണയായ പുതിയ സ്ഥാനങ്ങളിലേക്ക് പിന്‍വാങ്ങിിരുന്നു.

ഇതിന്റെ ആദ്യ ഘട്ടമെന്ന നിലയില്‍ ആദ്യം ഹമാസ് ഇസ്രയേലി ബന്ദികളെ മോചിപ്പിച്ചിരിക്കുന്നു. ഇതിന് പകരമായി, ദീര്‍ഘകാല തടവുകാരും യുദ്ധസമയത്ത് തടവിലാക്കപ്പെട്ടവരുമായ 1,950 പലസ്തീന്‍കാരെ ഇസ്രയേല്‍ വിട്ടയക്കും. ഈ ബന്ദി കൈമാറ്റ ഉടമ്പടി, കഴിഞ്ഞ ആഴ്ച ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ച യു.എസ്. തയ്യാറാക്കിയ സമാധാന നിര്‍ദ്ദേശത്തിന്റെ ആദ്യ ചുവടുവെപ്പാണ്. വെടിനിര്‍ത്തല്‍ ആരംഭിച്ചതോടെ പലായനം ചെയ്ത അഞ്ച് ലക്ഷത്തോളം പലസ്തീനികള്‍ കാല്‍നടയായി തങ്ങളുടെ വീടുകളുള്ള വടക്കന്‍ ഗാസ സിറ്റിയിലേക്ക് മടങ്ങി. എന്നാല്‍, മിക്കയിടത്തും നാശനഷ്ടങ്ങള്‍ വിവരണങ്ങള്‍ക്കും അപ്പുറമാണ്. ഗാസയിലെ 90% വീടുകളും മിക്കവാറും എല്ലാ അടിസ്ഥാന സൗകര്യങ്ങളും നശിച്ചു. ഖാന്‍ യൂനിസിലേക്ക് മടങ്ങിയവര്‍ തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയിലൂടെയാണ് സഞ്ചരിക്കുന്നത്. മുന്‍പ് മൂന്ന് മിനിറ്റ് കൊണ്ട് എത്തിയിരുന്ന സ്ഥലത്തേക്ക് ഇപ്പോള്‍ ഒരു മണിക്കൂറിലധികം എടുക്കുന്നു എന്ന് നിവാസികള്‍ പറയുന്നു. ഗാസയിലുടനീളം പോഷകാഹാരക്കുറവും ചില ഭാഗങ്ങളില്‍ കടുത്ത ക്ഷാമവും നിലനില്‍ക്കുന്നുണ്ട്. വെടിനിര്‍ത്തലിനൊപ്പം മാനുഷിക സഹായങ്ങളുടെ ഒഴുക്ക് ഉറപ്പാക്കുമെന്നാണ് ധാരണയെങ്കിലും ഇത് എപ്പോള്‍, എങ്ങനെ നടക്കുമെന്ന് വ്യക്തമല്ല. ഇസ്രയേല്‍ പ്രതിദിനം 600 എയ്ഡ് ട്രക്കുകള്‍ക്ക് മാത്രമേ അനുമതി നല്‍കുന്നുള്ളൂ. ഇത് അപര്യാപ്തമാണെന്ന് ദുരിതാശ്വാസ ഏജന്‍സികള്‍ ചൂണ്ടിക്കാട്ടുന്നു. യു.എന്‍. പലസ്തീന്‍ അഭയാര്‍ത്ഥി ഏജന്‍സിയായ യു.എന്‍.ആര്‍.ഡബ്ല്യു.എ ക്ഷാമം നിയന്ത്രിക്കുന്നതിന് അടിയന്തിരമായി 6,000 ട്രക്ക് സാധനങ്ങള്‍ ഗാസയിലേക്ക് കൊണ്ടുപോകാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ടു. ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട 67,000-ത്തിലധികം ആളുകളുടെ മൃതദേഹങ്ങള്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍ നിന്ന് പുറത്തെടുക്കാന്‍ മെഡിക്കല്‍ പ്രവര്‍ത്തകര്‍ വെടിനിര്‍ത്തല്‍ സമയം ഉപയോഗിക്കാന്‍ ഒരുങ്ങുകയാണ്.

ഹമാസിനെ നിരായുധീകരിക്കല്‍, ഇസ്രായേലിന്റെ കൂടുതല്‍ സൈനിക പിന്മാറ്റം, അന്താരാഷ്ട്ര സ്ഥിരതാ സേനയുടെ രൂപീകരണം, പുതിയ പലസ്തീന്‍ ഭരണകൂടം എന്നിവയെല്ലാം ട്രംപിന്റെ 20-ഇന സമാധാന പദ്ധതിയില്‍ ഉള്‍പ്പെടുന്നു. ഗാസയില്‍ ശാശ്വത സമാധാനം ഉറപ്പുവരുത്തേണ്ടത് ഐക്യരാഷ്ട്രസഭയുടെയും ലോകരാഷ്ട്രങ്ങളുടെയും വലിയ ഉത്തരവാദിത്വമായി കാണണം. ഇനിയൊരു യുദ്ധം താങ്ങാനുള്ള ശേഷി അവിടത്തെ ജനങ്ങള്‍ക്കില്ല.

Similar News