ദേശീയ-സംസ്ഥാനപാതകളില്‍ ഹമ്പുകള്‍ സൃഷ്ടിക്കുന്ന അപകടങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും അധികൃതര്‍ മൗനത്തിലാണ്. വാഹനങ്ങളുടെ അമിതവേഗത കുറക്കാനും അപകടങ്ങള്‍ തടയാനുമാണ് ഹമ്പുകള്‍ നിര്‍മ്മിച്ചതെങ്കിലും ഫലത്തില്‍ ഇത് വിപരീതഫലമാണുണ്ടാക്കുന്നത്. ഹമ്പുകളില്‍ തട്ടി വാഹനങ്ങള്‍ കൂട്ടിയിടിക്കുന്നതും നിയന്ത്രണം വിട്ട് മറിയുന്നതുമായ സംഭവങ്ങള്‍ വര്‍ധിക്കുകയാണ്.
കാസര്‍കോട് ജില്ലയിലും ഹമ്പുകള്‍ കാരണമുള്ള അപകടങ്ങളും അപകടമരണങ്ങളും വര്‍ധിക്കുകയാണ്. ഏറ്റവുമൊടുവില്‍ ദേശീയപാത 66ല്‍ ആദ്യറീച്ചായ ചെങ്കള-തലപ്പാടി റീച്ചിലെ സര്‍വീസ് റോഡില്‍ അടിപ്പാതക്ക് സമീപം നിര്‍മ്മിച്ച ഹമ്പ് വലിയ അപകടഭീഷണിയാണ് സൃഷ്ടിക്കുന്നത്. സര്‍വീസ് റോഡിലൂടെ വരുന്ന വാഹനങ്ങളുടെ അമിതവേഗത, അടിപ്പാതക്ക് സമീപം കുറക്കാനാണ് ഹമ്പ് നിര്‍മ്മാണം നടത്തിയത്. ദിവസവും നിരവധി വാഹനങ്ങള്‍ കടന്നുപോകുന്ന നായന്മാര്‍മൂല, ബി.സി റോഡ്, വിദ്യാനഗര്‍ എന്നിവിടങ്ങളിലും ഹമ്പുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഹമ്പുകള്‍ ഉണ്ടെന്ന് സൂചിപ്പിക്കുന്ന ബോര്‍ഡ് പോലും ഇവിടങ്ങളില്‍ സ്ഥാപിച്ചിട്ടില്ല. ബി.സി റോഡിലെ അടിപ്പാതയില്‍ രണ്ട് ഭാഗത്തും ഹമ്പുകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. ഇത്തരം ഹമ്പുകള്‍ പകല്‍നേരത്ത് പോലും ശ്രദ്ധിച്ചില്ലെങ്കില്‍ അപകടത്തിന് കാരണമാകും. ബസുകള്‍ ഉള്‍പ്പെടെ സ്ഥിരം പോകുന്ന വാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്ക് പോലും ശ്രദ്ധ പാളിയാല്‍ അപകടം സംഭവിക്കും.
രാത്രികാലങ്ങളിലാണ് ഹമ്പുകള്‍ കൂടുതല്‍ അപകടങ്ങള്‍ക്ക് കാരണമാകുന്നത്. റിഫ്‌ളക്ഷന്‍ ലൈറ്റുകളോ, മുന്നറിയിപ്പ് ബോര്‍ഡുകളോ ഇല്ലാത്ത ഹമ്പുകള്‍ രാത്രിയില്‍ വാഹനങ്ങള്‍ ഓടിക്കുന്നവരുടെ ശ്രദ്ധയില്‍പെടണമെന്നില്ല. എവിടെയൊക്കെ ഹമ്പുകളുണ്ടെന്നതിനെക്കുറിച്ച് ഒരു ധാരണയുമില്ലാത്തവരാണ് രാത്രിയില്‍ വാഹനങ്ങള്‍ ഓടിക്കുന്നതെങ്കില്‍ അപകടത്തില്‍ പെടാനുള്ള സാധ്യതയേറെയാണ്.
ദേശീയ-സംസ്ഥാനപാതകളില്‍ പലയിടങ്ങളിലും തികച്ചും അശാസ്ത്രീയമായാണ് ഹമ്പുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. റോഡില്‍ കുത്തനെ ഇറക്കമുള്ള ഭാഗത്ത് പോലും ഹമ്പുകളുണ്ട്. ഇറക്കത്തില്‍ വാഹനങ്ങള്‍ക്ക് വേണ്ടത്ര നിയന്ത്രണം കിട്ടിയെന്നുവരില്ല. ഇതിനിടയില്‍ ഹമ്പില്‍ തട്ടുമ്പോള്‍ വാഹനങ്ങള്‍ ശക്തമായി കുലുങ്ങുകയും നിയന്ത്രണം വിട്ട് മറിയുകയും ചെയ്യുന്നു. അടിപ്പാതകളില്‍ ഹമ്പുകള്‍ വരുമ്പോള്‍ അത് തിരിച്ചറിയുന്നതിനുള്ള സംവിധാനം കൂടി ഏര്‍പ്പെടുത്തേണ്ടതുണ്ട്. ഇത് ഇല്ലാത്തത് വാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്ക് മാത്രമല്ല, കാല്‍നടയാത്രക്കാര്‍ക്കും ഭീഷണിയാകുന്നു. അപകടങ്ങള്‍ കുറക്കാന്‍ റോഡില്‍ ശാസ്ത്രീയമായ രീതിയില്‍ ഹമ്പുകള്‍ നിര്‍മ്മിക്കേണ്ടതുണ്ട്. എന്നാല്‍ അശാസ്ത്രീയ ഹമ്പുകള്‍ വന്‍ അപകടങ്ങള്‍ക്ക് കാരണമാകുന്നുവെന്ന് തിരിച്ചറിഞ്ഞിട്ടും ഹമ്പുകള്‍ നിര്‍മ്മിക്കുമ്പോള്‍ യാത്രക്കാരുടെ സുരക്ഷ പരിഗണിക്കാത്തത് എന്ത് തരം മാനസികാവസ്ഥയാണെന്ന് മനസിലാകുന്നില്ല. യാത്രക്കാരുടെ സുരക്ഷക്ക് ഒരു വിലയും കല്‍പ്പിക്കുന്നില്ലെങ്കില്‍ ഹാ കഷ്ടം എന്ന് മാത്രമേ പറയാനുള്ളൂ.