വേനലിന് കാഠിന്യമേറിത്തുടങ്ങിയതോടെ കാസര്‍കോട് ജില്ലയില്‍ തീപിടിത്തങ്ങളും പതിവായിരിക്കുകയാണ്. ഒരു ദിവസം മാത്രം നിരവധി തവണ തീപിടിത്തങ്ങളുണ്ടാകുന്നതിനാല്‍ ഫയര്‍ഫോഴ്‌സിന് വിശ്രമം പോലും ലഭിക്കാത്ത സാഹചര്യമാണുള്ളത്. ഏത് സമയത്തും എവിടെയും തീപിടിത്തമുണ്ടാകാവുന്ന സ്ഥിതിയാണുള്ളത്. അശ്രദ്ധയാണ് ചിലയിടങ്ങളില്‍ തീപിടിത്തത്തിന് കാരണമാകുന്നതെങ്കില്‍ മറ്റുചിലയിടങ്ങളില്‍ ബോധപൂര്‍വം നടത്തുന്ന തീവെപ്പും ഇതിന് കാരണമാണ്. ഭാഗ്യം കൊണ്ട് മാത്രമാണ് ദുരന്തങ്ങള്‍ വഴിമാറിപ്പോകുന്നത്.
കഴിഞ്ഞ ദിവസം ബേക്കല്‍ ഫോര്‍ട്ട് റെയില്‍വെ സ്റ്റേഷന് സമീപത്തുണ്ടായ തീപിടിത്തം അഗ്‌നിരക്ഷാ സേനയെ അക്ഷരാര്‍ത്ഥത്തില്‍ വശം കെടുത്തുകയാണുണ്ടായത്. പള്ളിക്കര ബീച്ചിലെ ചപ്പുചവറുകള്‍ക്ക് ആരോ തീവെച്ചതോടെയാണ് തീ റെയില്‍വെ സ്റ്റേഷന് സമീപത്തേക്ക് വ്യാപിച്ചത്. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ക്കും തീപിടിച്ചതോടെ വിഷപ്പുക കൂടുതല്‍ ഭാഗങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു. പ്രദേശവാസികള്‍ക്കും ട്രെയിന്‍ യാത്രക്കാര്‍ക്കുമെല്ലാം പുക ശ്വസിച്ച് ശ്വാസം മുട്ടലും മറ്റ് ആരോഗ്യപ്രശ്നങ്ങളുമുണ്ടായി. പുക കാരണം ട്രെയിന്‍ ഗതാഗതം വരെയാണ് മണിക്കൂറുകളോളം തടസ്സപ്പെട്ടത്. മൂന്നരയേക്കറോളം സ്ഥലത്ത് തീപടരുകയായിരുന്നു. അഗ്‌നിരക്ഷാസേന ഏറെ നേരം കഠിനാധ്വാനം ചെയ്താണ് തീ നിയന്ത്രണവിധേയമാക്കിയത്. കൊടും ചൂടിലുള്ള രക്ഷാപ്രവര്‍ത്തനം അത്യന്തം ക്ലേശകരമായിരുന്നു.
ചാലിങ്കാല്‍ ഗവ. എല്‍.പി. സ്‌കൂളിന് സമീപത്ത് സ്വകാര്യവ്യക്തിയുടെ പറമ്പില്‍ ഇടക്കിടെയുണ്ടാകുന്ന തീപിടിത്തം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വലിയ പ്രശ്നമായി മാറുകയാണ്. സ്‌കൂളിലേക്ക് പുക വ്യാപിക്കുന്നത് കാരണം വിദ്യാര്‍ത്ഥികളും അധ്യാപകരും ദുരിതത്തിലാണ്. ഈയിടെയുണ്ടായ തീപിടിത്തത്തെ തുടര്‍ന്ന് പുക ക്ലാസിലേക്ക് വ്യാപിച്ചപ്പോള്‍ പഠനം ഏറെ നേരം തടസപ്പെട്ടു. ഒടുവില്‍ കുട്ടികളെ അവരവരുടെ വീടുകളിലേക്ക് പറഞ്ഞയക്കുകയായിരുന്നു. സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ കാടുകള്‍ നിറയുമ്പോള്‍ തീവെക്കുന്നതാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.
മാവുങ്കാല്‍ മഞ്ഞംപൊതിക്കുന്നിലും തീപിടിത്തങ്ങള്‍ പതിവാണ്. ഏതെങ്കിലും ഒരുഭാഗത്തെ പുല്ലില്‍ തീപിടിച്ചാല്‍ അതിവേഗമാണ് ആളിപ്പടരുന്നത്. ഒരാഴ്ച മുമ്പ് മഞ്ഞംപൊതിക്കുന്നിലുണ്ടായ തീപിടിത്തത്തില്‍ നിരവധി വൃക്ഷങ്ങള്‍ കത്തിനശിച്ചിരുന്നു. കെ.എസ്.ഇ.ബി ഓഫീസും വൈദ്യുതി ട്രാന്‍സ്ഫോര്‍മറും ഈ ഭാഗത്തുണ്ട്. ഇവിടേക്ക് തീയെത്തിയിരുന്നെങ്കില്‍ വന്‍ ദുരന്തം തന്നെ സംഭവിക്കുമായിരുന്നു.
മടിക്കൈ എരിക്കുളത്തുണ്ടായ തീപിടിത്തത്തില്‍ പെട്ടിക്കടയടക്കം കത്തിനശിക്കുകയും ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിക്കുകയും ചെയ്തിരുന്നു. ഭാഗ്യം കൊണ്ടാണ് വലിയ ദുരന്തം വഴിമാറിപ്പോയത്. എരിയുന്ന ബീഡിക്കുറ്റികളും സിഗരറ്റ് കുറ്റികളും അലക്ഷ്യമായി വലിച്ചെറിയുന്നത് തീപിടിത്തത്തിന് പ്രധാനകാരണമാണ്. ആവശ്യത്തിന് ജീവനക്കാരില്ലാത്തത് ഫയര്‍ഫോഴ്സിന്റെ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. തീപിടിത്തം പരമാവധി ഒഴിവാക്കാന്‍ അതീവ ശ്രദ്ധയും ജാഗ്രതയും മുന്‍കരുതലും ആവശ്യമാണ്.