റാഗിംഗ് നിരോധന നിയമം കര്‍ശനമാക്കണം

By :  Sub Editor
Update: 2025-07-02 09:17 GMT

സംസ്ഥാനത്ത് സ്‌കൂളുകളിലും കോളേജുകളിലും റാഗിങ്ങും അതുമായി ബന്ധപ്പെട്ട അക്രമങ്ങളും വര്‍ധിക്കുകയാണ്. നിരവധി വിദ്യാര്‍ത്ഥികളാണ് റാഗിംഗ് ക്രൂരതകള്‍ക്ക് ഇരകളാകുന്നത്. വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള സംഘട്ടനങ്ങള്‍ പതിവാകാനും വിദ്യാലയാന്തരീക്ഷം കലുഷിതമാകാനും ഇത് ഇടവരുത്തുന്നു. റാഗിങ്ങിന് ഇരകളായി നിരവധി കുട്ടികള്‍ കൊല്ലപ്പെടുകയും ആത്മഹത്യയില്‍ അഭയം പ്രാപിക്കുകയും ചെയ്തിട്ടുണ്ട്. ശാരീരികമായും മാനസികമായും തളര്‍ന്ന് ജീവഛവങ്ങളായി മാറിയവരുമുണ്ട്. അത്തരമൊരവസ്ഥയിലേക്ക് നമ്മുടെ വിദ്യാലയാന്തരീക്ഷം വീണ്ടും എത്തിപ്പെടുന്നതിന് മുമ്പ് കര്‍ശനമായ നടപടികള്‍ ആവശ്യമായി വരികയാണ്.

കാസര്‍കോട് ജില്ലയിലെ ചില സ്‌കൂളുകളിലും റാഗിങ്ങും വിദ്യാര്‍ത്ഥി സംഘട്ടനങ്ങളും തുടരുന്നുണ്ട്. കുട്ടികളുടെ പഠനത്തെയും ജീവിതത്തെയും പ്രതിസന്ധിയിലാക്കുന്ന വിധത്തിലാണ് റാഗിംഗ് കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നത്. മയക്കുമരുന്നിന്റെയും കഞ്ചാവിന്റെയും ഉപയോഗം കുട്ടികള്‍ക്കിടയില്‍ വര്‍ധിച്ചതും റാഗിംഗ് വര്‍ധിക്കാന്‍ പ്രധാന കാരണമാണ്. സംസ്ഥാനത്തെ റാഗിംഗ് നിയമം കാലോചിതമായി പരിഷ്‌കരിക്കണമെന്ന് ഹൈക്കോടതി ഈയിടെയാണ് വ്യക്തമാക്കിയത്. ഇതിനായി ചട്ടങ്ങള്‍ രൂപീകരിക്കാന്‍ വിദഗ്ധരെ ഉള്‍പ്പെടുത്തി കര്‍മ്മസമിതി രൂപീകരിക്കണമെന്നും റാഗിംഗ് നിരോധന നിയമത്തിന്റെയും യു.ജി.സി. മാര്‍ഗ നിര്‍ദ്ദേശങ്ങളുടെയും അടിസ്ഥാനത്തില്‍ ചട്ടങ്ങള്‍ രൂപീകരിക്കണമെന്നാണ് ഹൈക്കോടതി നിര്‍ദ്ദേശിച്ചത്.

റാഗിങ്ങിനെതിരെ കേരള നിയമസഭ 1998ല്‍ കൊണ്ടുവന്ന നിയമമാണ് കേരള റാഗിങ്ങ് നിരോധന നിയമം. കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ റാഗിങ്ങ് തടയുക എന്നതാണ് ഈ നിയമത്തിന്റെ ഉദ്ദേശലക്ഷ്യം. 1998ല്‍ ഈ നിയമം അംഗീകരിച്ച കേരള നിയമസഭ ഇതിന് മുന്‍കാല പ്രാബല്യം ഏര്‍പ്പെടുത്തിയിരുന്നു. റാഗിംഗ് നിരോധന നിയമം കൂടുതല്‍ ശക്തമാക്കണമെന്നാണ് സംസ്ഥാനത്തെ കലാലയത്തില്‍ വര്‍ധിച്ചുവരുന്ന ഇത്തരം കുറ്റകൃത്യങ്ങള്‍ സൂചിപ്പിക്കുന്നത്.

നിലവില്‍ റാഗിങ്ങിന് പിഴയും തടവും ഉണ്ടെങ്കിലും നിയമം കൂടുതല്‍ പേരിലേക്ക് എത്തിക്കാനും കടുത്ത നടപടികള്‍ സ്വീകരിക്കാനും നിയമം പരിഷ്‌കരിക്കേണ്ടതുണ്ട്. റാഗിംഗ് തടയുന്നതിനായുള്ള നിയമങ്ങള്‍ കൂടുതല്‍ ശക്തമാക്കുകയും ബോധവല്‍ക്കരണം നടത്തുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. നിലവിലുള്ള റാഗിംഗ് നിരോധന നിയമം കര്‍ശനമല്ല. ഇതില്‍ റാഗിംഗ് നടത്തിയതായി കണ്ടെത്തിയാല്‍ രണ്ട് വര്‍ഷം വരെ തടവും 10,000 രൂപ വരെ പിഴയും ലഭിക്കാവുന്നതാണ്. റാഗിംഗ് നിരോധന നിയമം പരിഷ്‌കരിക്കുമ്പോള്‍ ജാമ്യമില്ലാ വകുപ്പ് ചുമത്തുന്നതും പരിഗണിക്കാവുന്നതാണ്. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും റാഗിംഗ് വിരുദ്ധ കമ്മിറ്റി രൂപീകരിക്കുകയും അത് കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും വേണം.

Similar News