വിമാനക്കമ്പനികളുടെ കൊള്ളനിരക്ക്

By :  Sub Editor
Update: 2025-08-21 08:51 GMT

ഗള്‍ഫിലുള്ള മലയാളികളില്‍ പലരും ഓണാവധിക്ക് നാട്ടിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിലാണ്. ചിലര്‍ മടക്കയാത്ര ആരംഭിച്ചിരിക്കുന്നു. ഇതിനിടയിലാണ് വിമാനക്കമ്പനികള്‍ കുത്തനെ ടിക്കറ്റ് നിരക്ക് ഉയര്‍ത്തിയിരിക്കുന്നത്. ഇത് പ്രവാസികള്‍ക്ക് കടുത്ത സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നു. ഗള്‍ഫിലെ അവധിയും ഓണക്കാലവും ലക്ഷ്യമിട്ട് തന്നെയാണ് വിമാനക്കമ്പനികള്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചതെന്ന് വ്യക്തമാണ്. ഗള്‍ഫിലെ സ്‌കൂള്‍ അവധിക്കാലം കഴിഞ്ഞ് തിരിച്ചുപോകുന്ന പ്രവാസികള്‍ക്കുമേല്‍ സാമ്പത്തികാഘാതമുണ്ടാക്കുന്ന നടപടിയാണിത്.

മൂന്നിരട്ടി വര്‍ധനവാണ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നത് നിസ്സാരമല്ല. സാധാരണഗതിയില്‍ 8000 മുതല്‍ 12000 രൂപവരെയായിരുന്നു ടിക്കറ്റ് നിരക്ക്. ഇപ്പോഴത് 30,000 മുതല്‍ 50,000 വരെ ഉയര്‍ത്തിയിരിക്കുകയാണ്. കേരളത്തിലെ മറ്റ് വിമാനത്താവളങ്ങളേക്കാള്‍ സര്‍വീസ് കുറവായതിനാല്‍ കണ്ണൂരില്‍ നിന്ന് ജിദ്ദയിലേക്കുള്ള ടിക്കറ്റ് നിരക്ക് 65,000 ആണ്. കണ്ണൂരില്‍ നിന്ന് ദുബായ്, ഷാര്‍ജ സെക്ടറുകളിലേക്ക് എയര്‍ ഇന്ത്യ എക്സ്പ്രസ് മാത്രമാണ് സര്‍വീസ് നടത്തുന്നത്. രണ്ടുമാസം മുമ്പ് ഇറാന്‍-ഇസ്രയേല്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ടിക്കറ്റ് നിരക്ക് കുത്തനെ ഉയര്‍ത്തിയിരുന്നു. യു.എ.ഇയില്‍ സ്‌കൂള്‍ അടച്ചതോടെ നാട്ടിലേക്കുള്ള ഒഴുക്ക് ആരംഭിച്ചതോടെയാണ് ആ സമയത്ത് ടിക്കറ്റ് നിരക്ക് കൂട്ടിയത്. ഇന്ത്യന്‍, വിദേശ വിമാനക്കമ്പനികളുടെ ടിക്കറ്റ് നിരക്കില്‍ 4 മുതല്‍ 13 ഇരട്ടി വരെ വര്‍ധനവാണുണ്ടായിരുന്നത്. നാട്ടിലെത്തിയ നാലംഗകുടുംബത്തിന് തിരികെ പോകാന്‍ നാലു ലക്ഷം രൂപയാണ് ചെലവാക്കേണ്ടത്. ഓണം സീസണ്‍ കണക്കിലെടുത്ത് സെപ്തംബറില്‍ നാട്ടിലേക്കുള്ള ടിക്കറ്റ് നിരക്കും കുത്തനെ വര്‍ധിക്കുമെന്നാണ് അറിയുന്നത്. അടിക്കടി വിമാനടിക്കറ്റുകള്‍ കുത്തനെ ഉയര്‍ത്തുന്നത് ഗള്‍ഫില്‍ സാധാരണജോലി മാത്രമുള്ള പ്രവാസികള്‍ക്ക് വന്‍ ബാധ്യതയാവുകയാണ്. മെച്ചപ്പെട്ട ശമ്പളമൊന്നുമില്ലാതെ ജോലി ചെയ്യുന്നവര്‍ക്ക് ഇത്രയും തുക കണ്ടെത്തുകയെന്നത് ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഓണം, വിഷു, ക്രിസ്തുമസ്, പെരുന്നാള്‍ തുടങ്ങിയ ആഘോഷദിവസങ്ങളിലെല്ലാം വിമാനക്കമ്പനികള്‍ ടിക്കറ്റ് നിരക്ക് കൂട്ടുന്നുണ്ട്. വിമാനനിരക്ക് വര്‍ധിപ്പിക്കുന്നത് തടയാന്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണം.

Similar News