അമിത വേഗതയില്‍ പൊലിയുന്ന ജീവനുകള്‍

By :  Sub Editor
Update: 2025-08-05 10:34 GMT

ദേശീയപാതാ നിര്‍മ്മാണം പൂര്‍ത്തിയായ ഭാഗങ്ങളില്‍ വാഹനങ്ങള്‍ അമിത വേഗതയില്‍ പോകുന്നത് അപകടങ്ങള്‍ വര്‍ധിക്കാന്‍ ഇടവരുത്തുകയാണ്. അപകടത്തില്‍ മരിക്കുന്നവരുടെ എണ്ണവും കൂടിവരുന്നു. കുമ്പള മുതല്‍ തലപ്പാടിവരെ ദേശീയപാത നിര്‍മ്മാണം ഏതാണ്ട് പൂര്‍ത്തിയായിരിക്കുകയാണ്. റോഡില്‍ കുണ്ടും കുഴിയും ഇല്ലാതായതോടെ ഈ ഭാഗത്ത് വാഹനങ്ങള്‍ പോകുന്നത് അമിതവേഗതയിലാണ്. ഇതോടെ ഇവിടെ അപകടങ്ങള്‍ പതിവായി മാറിയിരിക്കുകയാണ്. 10മാസത്തിനിടെ 15പേര്‍ക്ക് ജീവഹാനി സംഭവിച്ചു. മുമ്പ് റോഡ് തകര്‍ച്ചയാണ് അപകടങ്ങള്‍ക്ക് കാരണമായിരുന്നത്. ദേശീയപാത നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ അപകടങ്ങള്‍ ഗണ്യമായി കുറയുമെന്ന് കരുതിയെങ്കിലും ആ പ്രതീക്ഷ അസ്തമിക്കുകയാണ്. നല്ല വേഗതയില്‍ ഓടിക്കാവുന്ന സാഹചര്യം വന്നതോടെ പല വാഹന ഡ്രൈവര്‍മാരും ഗതാഗത നിയമം മറക്കുകയാണ്. യുവാക്കളും വിദ്യാര്‍ത്ഥികളും അതിവേഗതയിലാണ് ഇരുചക്ര വാഹനങ്ങള്‍ ഓടിച്ചു പോകുന്നത്.

ദേശീയപാതയില്‍ വാഹനങ്ങളുടെ വേഗത മണിക്കൂറില്‍ 80-100കിലോ മീറ്റര്‍ വരെയാകാമെന്നാണ് വ്യവസ്ഥ. എന്നാല്‍ ഇതിലും കൂടുതല്‍ വേഗതയിലാണ് വാഹനങ്ങള്‍ ഓടിച്ചുപോകുന്നത്. 10മാസം മുമ്പ് ബൈക്കും ലോറിയും കൂട്ടിയിടിച്ച് മത്സ്യ വില്‍പ്പനക്കാരന്‍ മരിച്ചു. നാലുമാസം മുമ്പാണ് ഷിറിയയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചത്. ദേശീയപാതയിലെ ഉപ്പള ഗേറ്റില്‍ അഞ്ച് മാസത്തിനിടെ വിവിധ അപകടങ്ങളില്‍ മരിച്ചത് മൂന്ന് പേരാണ്. ഒന്നരമാസം മുമ്പ് മഞ്ചേശ്വരത്ത് ബസും കാറും കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥി മരണപ്പെട്ടു.

ദേശീയപാത നിര്‍മ്മാണത്തിന്റെ ഭാഗമായി റോഡരികില്‍ നിര്‍ത്തിയിട്ട ക്രയിനില്‍ ടെമ്പോയിടിച്ച് ഡ്രൈവര്‍ മരിച്ച സംഭവം നടന്നത് മൂന്ന് മാസം മുമ്പാണ്. ആംബുലന്‍സും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചത് സമീപകാലത്താണ്. മംഗല്‍പാടിയിലെ മുട്ടത്തും കുക്കാറിലുമുണ്ടായ ബൈക്കപകടത്തില്‍ രണ്ട് പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ആറുമാസം മുമ്പ് വ്യാപാരി ടെമ്പോയിടിച്ച് മരിച്ചിരുന്നു. കുമ്പള പാലത്തിന് സമീപം മംഗളൂരുവില്‍ നിന്ന് കാസര്‍കോട്ടേക്ക് വരികയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസ് അപകടത്തില്‍ പെട്ട് 12പേര്‍ക്ക് പരിക്കേറ്റ സംഭവമുണ്ടായത് കഴിഞ്ഞ മാസം 19നാണ്. അപകടങ്ങളില്‍ ഗുരുതരമായി പരിക്കേറ്റ് മംഗളൂരുവിലെയും കാസര്‍കോട്ടെയും ആസ്പത്രികളില്‍ നിരവധിപേര്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. വാഹനങ്ങള്‍ വേഗത കുറച്ചാല്‍ ഒരു പരിധിവരെ അപകടങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കും. വാഹനങ്ങളുടെ വേഗത മൂലമുണ്ടാകുന്ന അപകടങ്ങളില്‍ മരണ സംഖ്യ കൂടുമ്പോഴും അധികൃതര്‍ നിസംഗതയിലാണ്. വാഹനങ്ങളുടെ വേഗത തടയാന്‍ കര്‍ശന നടപടികള്‍ ആവശ്യമാണ്.

Similar News