ട്രെയിന്‍ യാത്രകള്‍ അരക്ഷിതാവസ്ഥയിലോ

By :  Sub Editor
Update: 2025-07-14 10:57 GMT

കേരളത്തില്‍ ട്രെയിന്‍ യാത്രകള്‍ അരക്ഷിതാവസ്ഥയിലാകുകയാണ്. ഏറ്റവുമൊടുവില്‍ കഴിഞ്ഞ ദിവസം വളപട്ടണത്ത് പാളത്തില്‍ സിമന്റ് കട്ട വെച്ച് ട്രെയിന്‍ അട്ടിമറിക്കാന്‍ നടത്തിയ ശ്രമം കടുത്ത ആശങ്കയാണ് ഉളവാക്കിയിരിക്കുന്നത്.

തിരുവനന്തപുരം-കൊച്ചുവേളി-ബാവുനഗര്‍ എക്‌സ്പ്രസ് കടന്നുപോകുമ്പോള്‍ സിമന്റ് കട്ടയില്‍ തട്ടി ട്രെയിന്‍ ആടിയുലയുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് ട്രെയിന്‍ യാത്രക്കാരും റെയില്‍വെ ജീവനക്കാരും പരിഭ്രാന്തിയിലായി. ഇതുസംബന്ധിച്ച് റെയില്‍വെ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്.

കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ട്രെയിനുകള്‍ക്ക് നേരെയുള്ള കല്ലേറും പാളത്തില്‍ കല്ലുകളും ഇരുമ്പ് കഷണങ്ങളും വെക്കുന്ന സംഭവങ്ങളും വര്‍ധിച്ചുവരികയാണ്. അടുത്ത കാലത്താണ് നേത്രാവതി എക്‌സ്പ്രസിന് നേരെ കാസര്‍കോടിനും ഉപ്പളക്കും ഇടയില്‍ കല്ലേറ് നടന്നത്. കല്ലേറില്‍ എസ്2 കോച്ചിന്റെ ചില്ല് തകരുകയായിരുന്നു. യാത്രക്കാര്‍ക്ക് ആര്‍ക്കും പരിക്കേറ്റിരുന്നില്ല. മംഗളൂരുവില്‍ എത്തിയതിന് ശേഷം ട്രെയിനില്‍ റെയില്‍വെ പൊലീസ് പരിശോധന നടത്തുകയും ആര്‍.പി.എഫും കുമ്പള പൊലീസും സംയുക്തമായി അന്വേഷണം നടത്തുകയും ചെയ്‌തെങ്കിലും പ്രതികളെ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. കല്ലേറുണ്ടായെന്ന് കരുതുന്ന പ്രദേശത്തെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിരുന്നു. കണ്ണൂരിന് പുറമെ കാസര്‍കോട്ടും ട്രെയിനുകള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ തുടര്‍ക്കഥയാവുകയാണ്. ജില്ലയില്‍ ഇതിനകം നിരവധി ട്രെയിനുകള്‍ക്ക് നേരെയാണ് കല്ലേറുണ്ടായത്. നേരത്തെ രാജധാനി എക്‌സ്പ്രസിന് നേരെ കാഞ്ഞങ്ങാട്ടും ഓഖ എറണാകുളം എക്‌സ്പ്രസിന് നേരെ നീലേശ്വരത്ത് വെച്ചും കല്ലേറുണ്ടായി.

കണ്ണൂര്‍- കാസര്‍കോട് പാതയില്‍ കഴിഞ്ഞ നാളുകളിലായി 25 ട്രെയിനുകള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഇത്തരം സംഭവങ്ങളും ആവര്‍ത്തിച്ചിട്ടും സുരക്ഷ ശക്തമാക്കാന്‍ റെയില്‍വെയും പൊലീസും നടപടി സ്വീകരിക്കുന്നില്ലെന്നാണ് ഉയരുന്ന വിമര്‍ശനം.

റെയില്‍വെ ട്രാക്കിന് സമീപം ഉള്ള വീടുകള്‍ കേന്ദ്രീകരിച്ച് പൊലീസ് ഉദ്യോഗസ്ഥര്‍ മുമ്പ് രഹസ്യ നിരീക്ഷണം നടത്തിയിരുന്നു. തീവണ്ടികളില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ച് നിരീക്ഷണം ശക്തമാക്കിയതായും പൊലീസ് വ്യക്തമാക്കിയിരുന്നെങ്കിലും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുകയാണ്. വന്ദേ ഭാരത് എക്സ്പ്രസിന് നേരെയും സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ നിന്നും കല്ലേറുണ്ടായിട്ടുണ്ട്. പാളത്തില്‍ കല്ല് വെക്കുന്നവരെയും കല്ലെറിയുന്നവരെയും കണ്ടെത്താന്‍ കഴിയാത്തത് ഇക്കാര്യത്തില്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതിന് തടസമാവുകയാണ് ചെയ്യുന്നത്.

ട്രെയിനില്‍ യാത്ര ചെയ്യാന്‍ തന്നെ ഭയപ്പെടുന്ന സാഹചര്യം ഉണ്ടാകാന്‍ പാടില്ല. ട്രെയിന്‍ യാത്ര സുഗമമവും സുരക്ഷിതവുമാക്കാന്‍ ആവശ്യമായ ഇടപെടലുകളും നടപടികളും റെയില്‍വെ അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടാകണം.

Similar News