പകര്‍ച്ചപ്പനിക്കെതിരെ ജാഗ്രത വേണം

By :  Sub Editor
Update: 2025-07-10 11:24 GMT

കാസര്‍കോട് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ പകര്‍ച്ചപ്പനി പടരുകയാണ്. മഴ ശക്തമായി തുടരുന്നതിനിടെയാണ് പല തരത്തിലുള്ള പനിയും വ്യാപകമാകുന്നത്. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവര്‍ പനി ബാധിച്ച് സര്‍ക്കാര്‍ അസ്പത്രികളിലും സ്വകാര്യാസ്പത്രികളിലും ചികിത്സയില്‍ കഴിയുന്നുണ്ട്. പനി മൂര്‍ച്ഛിച്ചുള്ള മരണങ്ങളും സംഭവിക്കുന്നുണ്ട്. പനിബാധിക്കുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം കൂടുന്നതിനാല്‍ സ്‌കൂളുകളില്‍ ഹാജര്‍ നില കുറയുകയാണ്.

മലമ്പനി, എലിപ്പനി, ഡെങ്കിപ്പനി തുടങ്ങിയ മാരകമായ പകര്‍ച്ച വ്യാധികളും പടരുന്നുണ്ട്. ജില്ലയിലെ പല ഭാഗങ്ങളിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടക്കാത്തത് പനിയും മറ്റു സാംക്രമിക രോഗങ്ങളും പരത്തുന്ന കൊതുകുകള്‍ പെരുകാന്‍ ഇടവരുത്തുന്നു. ജില്ലയിലെ നഗര പ്രദേശങ്ങളില്‍ മത്സ്യ മാര്‍ക്കറ്റുകളും മറ്റും കേന്ദ്രീകരിച്ച് മാലിന്യങ്ങള്‍ വര്‍ധിക്കുകയാണ്. കാഞ്ഞങ്ങാട്ടും കാസര്‍കോട്ടും മത്സ്യമാര്‍ക്കറ്റുകളില്‍ കെട്ടികിടക്കുന്ന മാലിനജലത്തില്‍ കൊതുകുകള്‍ മുട്ടയിട്ട് പെരുകുന്നു. ഇവ വളര്‍ന്ന് മനുഷ്യ രക്തം കുടിക്കുന്നതോടെ സാംക്രമിക രോഗങ്ങള്‍ പടരുന്നു. മഴ പെയ്തതോടെ ജില്ലയിലെ പല ഭാഗങ്ങളിലും വെള്ളക്കെട്ടുകള്‍ വ്യാപകമായിട്ടുണ്ട്. ഈ വെള്ളക്കെട്ടുകളിലും കൊതുകുകള്‍ പെരുകുകയാണ്. മഴ വരുന്നതിന് മുമ്പ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി നടത്താന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് സാധിച്ചിട്ടില്ല. ശാസ്ത്രീയമായി മാലിന്യം സംസ്‌കരിക്കുന്നത്തിനുള്ള സംവിധാനങ്ങളും ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. ജില്ലയിലെ സര്‍ക്കാര്‍ ആസ്പത്രികളില്‍ നിന്ന് ഡോക്ടര്‍മാരെ കൂട്ടത്തോടെ സ്ഥലം മാറ്റിയത് ആരോഗ്യരംഗത്തെ പ്രതിരോധ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഇന്നത്തെ സാഹചര്യത്തില്‍ എല്ലാ സര്‍ക്കാര്‍ ആസ്പത്രികളിലും പനി ക്ലിനിക്കുകള്‍ സജീവമായി പ്രവര്‍ത്തിക്കേണ്ടതുണ്ട്. ഡോക്ടര്‍മാരുടെ കുറവ് കാരണം പനി ക്ലിനിക്കുകളുടെ പ്രവര്‍ത്തനം ഉദ്ദേശിച്ച രീതിയില്‍ മുന്നോട്ട് പോകുന്നില്ല. സര്‍ക്കാര്‍ ആസ്പത്രികളില്‍ ആവശ്യത്തിന് ഡോക്ടര്‍മാരും ജീവനക്കാരും മതിയായ ചികിത്സാ സൗകര്യങ്ങളും ഉണ്ടായാല്‍ മാത്രമേ പാവപ്പെട്ട രോഗികള്‍ക്ക് അതിന്റെ പ്രയോജനം ലഭിക്കൂ. ഡോക്ടര്‍മാരെ കൂട്ടത്തോടെ സ്ഥലം മാറ്റുമ്പോള്‍ പകരം നിയമനങ്ങള്‍ ഉണ്ടാകാത്തതും ചികിത്സയെ ബാധിക്കുന്നുണ്ട്. ചില ആസ്പത്രികളില്‍ മരുന്ന് ക്ഷാമവും ഉണ്ട്. അതുപോലെ ആസ്പത്രികള്‍ക്കുള്ള കെട്ടിട സൗകര്യങ്ങളും വിപുലീകരിക്കണം. ഇക്കാര്യത്തില്‍ ഫലപ്രദമായ ഇടപെടല്‍ ആവശ്യമാണ്.

Similar News