തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമാകുന്നതിനിടെ പേവിഷബാധയേറ്റ് മരിക്കുന്നവരുടെ എണ്ണവും വര്‍ധിക്കുന്നത് തികച്ചും ആശങ്കാജനകമാണ്. രണ്ടുമാസത്തിനിടെ നാല് കുട്ടികളാണ് പേവിഷബാധയേറ്റ് മരിച്ചത്. ഏറ്റവുമൊടുവില്‍ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് കണ്ണൂര്‍ ജില്ലയിലാണ്.
നായ്ക്കളുടെ ആക്രമണത്തില്‍ നിന്ന് മുതിര്‍ന്നവരെ പോലെ കുട്ടികള്‍ക്ക് രക്ഷപ്പെടാന്‍ സാധിച്ചെന്നുവരില്ല. അതുകൊണ്ടുതന്നെ നായ്ക്കളുടെ കടിയേല്‍ക്കുന്നവരില്‍ ഭൂരിഭാഗവും കുട്ടികളാണ്. നായശല്യം തടയാനാകാതെ നമ്മുടെ അധികാര കേന്ദ്രങ്ങളെല്ലാം നിഷ്‌ക്രിയമായിരിക്കുകയാണ്. സ്‌കൂളുകളിലേക്കും മദ്രസകളിലേക്കും പോകുന്ന കുട്ടികള്‍ക്ക് നായ്ക്കളെ ഭയന്ന് സ്വസ്ഥമായി നടന്നുപോകാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്.
നായശല്യം തടയുന്നതിനുള്ള ഏക പരിഹാരം വന്ധ്യംകരണം മാത്രമാണ്. എന്നാല്‍ കേന്ദ്ര നിയമങ്ങളില്‍ മാറ്റം വരുത്താതെ തെരുവ് നായകളെ വന്ധ്യംകരിക്കുന്നതിനുള്ള നടപടികള്‍ ഫലപ്രദമാവില്ലെന്നതാണ് യാഥാര്‍ത്ഥ്യം. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാറിന് പരിമിതികളുണ്ട്. കേന്ദ്ര സര്‍ക്കാറിന്റെ എ.ബി.സി. ചട്ടങ്ങളില്‍ മാറ്റം വരുത്തേണ്ടത് അനിവാര്യമാണ്. തെരുവ് നായകളെ പിടികൂടി പ്രത്യേകം സജ്ജീകരിച്ച എ.ബി.സി കേന്ദ്രങ്ങളിലെ ഓപ്പറേഷന്‍ തിയേറ്ററുകളില്‍ വന്ധ്യംകരണം നടത്തണമെന്ന കേന്ദ്ര സര്‍ക്കാര്‍ വ്യവസ്ഥയില്‍ മാറ്റം വരുത്തണം. എയര്‍കണ്ടീഷന്‍ ചെയ്ത ഓപ്പറേഷന്‍ തിയേറ്ററില്‍ 7 വര്‍ഷത്തെ എക്‌സ്പീരിയന്‍സുള്ള ഡോക്ടര്‍ മാത്രമേ സര്‍ജറി ചെയ്യാവൂവെന്ന വ്യവസ്ഥ തന്നെ അപ്രായോഗികമാണ്. ഒരാഴ്ച ശുശ്രൂഷിച്ച് മുറിവുണങ്ങി ഇന്‍ഫെക്ഷന്‍ വരില്ലെന്ന് ഉറപ്പാക്കി എവിടെ നിന്നാണോ പിടിച്ചത് അവിടെത്തന്നെ അവയെ തുറന്നുവിടണമെന്നാണ് മറ്റൊരു വ്യവസ്ഥ. ഇതൊക്കെ പാലിച്ച് ലക്ഷക്കണക്കിന് തെരുവുനായ്ക്കളെ വന്ധ്യംകരണം നടത്തുക എളുപ്പമുള്ള കാര്യമല്ല. തെരുവ് നായ്ക്കളെ പിടികൂടാനുള്ള പദ്ധതി തദ്ദേശ സ്ഥാപനങ്ങള്‍ക്കില്ല. മുമ്പ് നായ ശല്യം രൂക്ഷമാകുമ്പോള്‍ 'പട്ടിപിടിത്തക്കാര്‍' ഇറങ്ങുക പതിവായിരുന്നു. ഇപ്പോള്‍ ഇതും നടക്കാതായി.
മാര്‍ക്കറ്റുകള്‍, മാലിന്യം നിറയുന്ന പാതയോരങ്ങള്‍ എന്നിവിടങ്ങളിലാണ് നായ ശല്യം ഏറെ രൂക്ഷമായിട്ടുള്ളത്. നഗരങ്ങളില്‍ മാത്രമല്ല ഗ്രാമീണ മേഖലയിലും തെരുവ് നായ ശല്യം രൂക്ഷമാണ്. കാല്‍നട-ഇരുചക്ര വാഹന യാത്രക്കാര്‍ തെരുവ് നായ്ക്കളുടെ ആക്രമണത്തിന് ഇരാകുന്നത് പതിവാണ്. അതിര്‍ത്തി കടത്തി വാഹനങ്ങളില്‍ നായ്ക്കളെ കൊണ്ടുവന്ന് ആള്‍പ്പാര്‍പ്പ് കുറഞ്ഞ പ്രദേശങ്ങളില്‍ ഇറക്കിവിടുന്നതാണ് ഇപ്പോഴത്തെ പ്രധാന പ്രശ്‌നം. തെരുവ് നായ്ക്കളെ പിടികൂടി വന്ധ്യംകരിച്ച് തിരികെ തെരുവില്‍ വിടാനുള്ള പദ്ധതി പാളിയതോടെ നായ്ക്കളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചു. വന്ധ്യംകരണം നടക്കാതെയായി. ഈ അവസ്ഥക്ക് ഇനിയെങ്കിലും മാറ്റമുണ്ടാകണം.